Tuesday 08 October 2019 06:38 PM IST : By സ്വന്തം ലേഖകൻ

ജോളി ജയിലിൽ നിന്ന് സഹോദരനെ വിളിച്ചു, സഹായാഭ്യർത്ഥന; മറുപടിയിങ്ങനെ

123

ജോളി സഹായം തേടി ജയിലില്‍ നിന്ന് സഹോദരന്‍ നോബിയെ വിളിച്ചു. ഇന്നലെയാണ് തടവുകാര്‍ക്കുളള ഫോണില്‍ നിന്നാണ് നോബിയെ വിളിച്ചത്. വസ്ത്രങ്ങൾ എത്തിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാ‌ണ് വിളിച്ചത്. എന്നാല്‍ സഹോദരനില്‍ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ ആരും ജോളിയെ കാണാന്‍ ജയിലില്‍ എത്തിയിട്ടില്ല.

അതേസമയം ജയിലിനുള്ളില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജോളി ചികിത്സ തേടി. കോഴിക്കോട് ബീച്ചിലെ ജനറല്‍ ആശുപത്രിയിലാണ് ജോളി ചികിത്സ തേടിയത്.  ജയിലിലെത്തിയത് മുതല്‍ ആരോടും തീരെ ഇടപഴകാതിരുന്ന ജോളി ജയില്‍ അധികൃതരുടെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ബീച്ച് ആശുപത്രിയിലെത്തിച്ച് സൈക്കോളജിസ്റ്റിനെ കണ്ട ശേഷം ജോളിയെ തിരികെ ജയിലില്‍ എത്തിച്ചു. റോയ് തോമസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പതിനാല് ദിവസത്തേക്ക് റിമാന്‍ഡിലാണ് ജോളി.

അതേസമയം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജോളിയെ മുഴുവന്‍സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചിട്ടുണ്ട്.  അതിനിടെ  തന്റെ രണ്ടാം വിവാഹത്തെ ആദ്യഭാര്യ സിലിയുടെ കുടുംബം പിന്തുണച്ചെന്ന ഷാജുവിന്റെ വാദം സിലിയുടെ സഹോദരങ്ങള്‍ തളളി. രണ്ടാം വിവാഹത്തില്‍ സിലിയുടെ കുടുംബത്തില്‍ നിന്നാരും പങ്കെടുത്തിരുന്നില്ല. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും സഹോദരങ്ങളായ സിജോയും സ്മിതയും മൊഴി നല്‍കി. ഇരുവരുടെയും മൊഴിയെടുക്കല്‍ പയ്യോളിയില്‍ തുടരുകയാണ്. 

കൂടത്തായി കൊലപാതക കേസ് െവല്ലുവിളി നിറഞ്ഞതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണസംഘത്തില്‍ കേരളത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും. എസ്പി സൈമൺ മികച്ച രീതിയിലാണ് കേസ് അന്വേഷിക്കുന്നത്. ഫൊറന്‍സിക് തെളിവുകള്‍ കണ്ടെത്തല്‍ വെല്ലുവിളിയാണ്. വേണ്ടിവന്നാല്‍ വിദേശത്തേക്ക് പരിശോധനയ്ക്കയക്കും. കാലപ്പഴക്കവും സാക്ഷികളില്ലാത്തതും ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം. ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. വെടിവയ്പ്, കത്തിക്കുത്ത് കേസുകൾ പോലെയുള്ളതല്ല ഈ കേസ്. ഒരു സാക്ഷി ഇല്ല. സാഹചര്യതെളിവുകളെ കൂടുതലായും ആശ്രയിക്കേണ്ടി വരും. കേസുമായി നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ട എല്ലാവരേയും ചോദ്യം ചെയ്യും. ജോളിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ അന്വേഷണരീതി മാറും. ഇനി എന്തെല്ലാം ചെയ്യണമെന്ന കൃത്യമായ രൂപരേഖ തയാറാക്കി. കോൺഗ്രസ് പ്രാദേശിക നേതാവ് രാമകൃഷ്ണന്റെ മരണവും അന്വേഷിക്കുമെന്ന് ബെഹ്റ മാധ്യമങ്ങളോടു പറഞ്ഞു.

കൊലപാതക പരമ്പരയില്‍ ഡി.എന്‍.എ പരിശോധന അമേരിക്കയില്‍ നടത്തും. കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളിലെ ഡി.എന്‍.എ പരിശോധനയാണ് അമേരിക്കയില്‍ നടത്തുക. മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളുടെ ഡി.എന്‍.എ സാംപിള്‍ എടുക്കും. അതിനിടെ കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയാണ്. സിലിയുടെ സഹോദരന്‍ സിജോയുടെയും സഹോദരിയുടെയും അമ്മാവന്റെയുമാണ് മൊഴിയെടുക്കുന്നത്. റോയിയുടെ സഹോദരന്‍ റോജോയെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. അമേരിക്കയിലുള്ള റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്.