Monday 04 November 2024 03:11 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളുടെ കൈ അവിടെ കാണാനില്ല!’: ബസിലാകെ നിലവിളി, ചോര തളംകെട്ടി കിടന്നു! ജീവിതം മാറ്റിയ വിധി: വലംകയ്യോളം ഈ സ്നേഹഗാഥ

jyothi-cover

ആപ് കാ ഹാത്ത് ദിഖായി നി ദേരാ!’’

(നിന്റെ കൈ കാണാനില്ലല്ലോ)

‘‘മേരാ ഹാത്ത് പീച്ചേ മൂഡ് ഹോഗാ’’

(എന്റെ കൈ പിന്നിൽ മടങ്ങി ഇരിക്കുകയാകും)

‘‘നഹി, തുമാരാ ഹാത്ത് നഹി ഹെ.’’

(ഇല്ല, നിന്റെ കൈ ഇവിടെ ഇല്ല.)

അപരിചിതനായ ഒരാളുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിനിടയിൽ വലതുകൈ അറ്റുപോയ ഒരു പെൺകുട്ടി. ആ കയ്യില്ലാ ശൂന്യതയിലേക്കു തന്റെ ഇടതു കൈ ചേർത്തു വച്ച് അവളെ ജീവിതത്തിലേക്കു കൂടെ കൂട്ടി അയാൾ. നന്മയുടെ തരികൾ എമ്പാടും വീണുകിടക്കുന്ന ജീവിതം.ഇതു ജ്യോതിയുടെ മാത്രമല്ല, വികാസിന്റെ കൂടി കഥയും ജീവിതവുമാണ്.

അസാധാരണത്വത്തിന്റെ തുടക്കം

ഛത്തീസ്ഗഡിലെ ബന്തെവാഡ ജില്ലയിൽ ബച്ചേലിയെന്ന ഗ്രാമത്തിലാണ് ജ്യോതിയുടെ വീട്. നാഷനൽ മിനറൽ ഡവലപ്‌മെന്റ് കോർപറേഷനിലായിരുന്നു അച്ഛൻ ഗോവിന്ദ് കുണ്ടുവിനു ജോലി. അമ്മ സഞ്ജയ വീട്ടമ്മയാണ്. അനിയത്തി ജോളി.

‘‘കുട്ടിക്കാലത്തേ നഴ്സാകണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അതിനു വേണ്ടിയാണ് പ്ലസ്ടുവിനു സയൻസ് ഗ്രൂപ്പെടുത്ത് പഠിച്ചത്. ബി എസ്‌സി നഴ്സിങ്ങിനു അഡ്മിഷൻ കിട്ടിയത് വീട്ടിൽ നിന്നു 12 മണിക്കൂർ ബസ് യാത്ര ചെയ്താൽ എത്തുന്ന ദുർഗിലെ മൈത്രി കോളജിലാണ്.‘ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ നമുക്കാവുന്നത് ചെയ്യണം’ ഇതായിരുന്നു ആദ്യദിനം തന്നെ അ ധ്യാപകർ പറഞ്ഞുതന്ന പാഠം.’’ പ്രസരിപ്പോടെ ജ്യോതി പറഞ്ഞു തുടങ്ങി.

ജനുവരി മൂന്നിനു ആദ്യത്തെ അവധി കിട്ടിയപ്പോൾ വീട്ടുകാരെ കാണാനുള്ള കൊതിയോടെ നാട്ടിലേക്ക് തിരിച്ചു. കാലത്തു ബസിൽ കയറിയാൽ പിറ്റേന്നു പുലർച്ചെയാണ് വീട്ടിലെത്തുക. കാഴ്ചകൾ കാണാനായി ജനാലയ്ക്കരികെ ഇരിക്കുന്നതാണ് പതിവ്.

ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞ സമയം. ബസ്സിൽ നല്ല തിരക്കുണ്ട്. എതിരെ ഒരു ടാങ്കർ ലോറി വളരെ വേഗത്തിൽ പാളി വരുന്നതു കണ്ടു. അതു ബസ്സിന്റെ സൈഡിൽ വന്നിടിക്കുമെന്ന തോന്നൽ എനിക്കു മാത്രമായിരുന്നില്ലെന്നു തോന്നുന്നു. വശങ്ങളിലിരുന്നവർ നിലവിളിച്ചുകൊണ്ടു ഓടിമാറി.ഞാൻ നോക്കുമ്പോൾ തൊട്ടു മുൻപിലത്തെ സീറ്റിൽ ഒരു ചെറുപ്പക്കാരൻ ജനലരികത്തു തലവെച്ചു കിടന്നു നല്ല ഉറക്കമാണ്. ഒച്ചവച്ചാലും തട്ടിവിളിച്ചാലും സമയം പോകും. ഞാൻ എഴുന്നേറ്റു കമ്പിക്കിടയിലൂടെ വലതുകൈ കടത്തി അയാളുടെ തല തള്ളിമാറ്റി. ആ നിമിഷം!

ജീവിതം മാറിയ ആ നിമിഷം...

അയാൾ ഉണർന്നെഴുന്നേൽക്കുമ്പോൾ ബസ്സിലാകെ നിലവിളിയാണ്. ദേഹത്താകെ ചില്ലു ചിതറി വീണിട്ടുണ്ട്. താഴെ ചോര തളം കെട്ടി പരക്കുന്നു. അയാളിരുന്ന ഭാഗത്തുമാത്രം ബസ് ആകെ ചളുങ്ങിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല. പിന്നിലേക്കു നോക്കിയപ്പോൾ ഒരു പെൺകുട്ടി ആകെ മരവിച്ച പോലെ എണീറ്റു നിൽക്കുന്നു. അവളുടെ കയ്യിലെ തൊലി തൂങ്ങികിടക്കുന്നു. ചോര വരുന്നത് തടയാനായി അവളുടെ കൈ പിടിക്കാൻ ശ്രമിച്ചപ്പോൾ എല്ലിലും മാംസത്തിലും തട്ടി നിന്നു.

നിന്റെ കൈ കാണാനില്ലെന്നാണ് ആദ്യം അവളോടു പറ‍ഞ്ഞത്. അയാളുടെ അമ്പരപ്പു കണ്ടു ബസിലുണ്ടായിരുന്ന ഒരു അമ്മൂമ്മ വിളിച്ചു പറഞ്ഞു.‘‘നിന്നെ രക്ഷിക്കാൻ ശ്രമിച്ചതു കൊണ്ടാണ് ആ കുട്ടിയുടെ കൈ പോയത്’’ അപ്പോഴാണ് എന്താണ് നടന്നതെന്നത് അയാളുടെയുള്ളിലേക്കു തീ പോലെ പരക്കുന്നത്.

ഛത്തീസ്ഗഡിലെ ബെലാഡില്ല എന്ന സ്ഥലത്തു സിഐഎസ്എഫ് ജവാനായി സേവനമനുഷ്ഠിക്കുകയായിരുന്നു അയാൾ, വികാസ്. പാലക്കാട് പെരുവമ്പ പഞ്ചാനക്കുളമ്പ സ്വദേശി. കോർബ കേഡറിൽ ജവാനായി സേവ നമനുഷ്ഠിക്കുന്ന അനിയൻ വിശാലിനെ കണ്ടു തിരിച്ചു പോകുകയായിരുന്നു വികാസ്.

‘‘ബസ്സിലെ പുരുഷന്മാരെല്ലാം ടാങ്കർ ലോറിയുടെ ഡ്രൈവറെ അടിക്കുന്ന തിരക്കിലാണ്. ഡ്രൈവർ മദ്യപിച്ചിരുന്നു. ആരും അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ നോക്കുന്നില്ല.’’ വികാസ് ആ ദിവസം ഓർത്തെടുത്തു.‘‘ഞാൻ, അ വളെയും കൊണ്ടു വേഗമിറങ്ങി തൊട്ടടുത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തിലേക്കു പോയി. അവിടെ ചെന്നപ്പോൾ ഡോക്ടർ ചോദിച്ചു ‘‘അറ്റു പോയ കയ്യെവിടെ?’’ അപ്പോഴാണ് അതേക്കുറിച്ചു ചിന്തിക്കുന്നത്. യാത്രക്കാരോടു ചോദിച്ചപ്പോൾ ആരോ ഡ്രൈവറിന്റെ സീറ്റിന്റെ താഴേക്ക് വിരൽ ചൂണ്ടി. വഴിവക്കിൽ കിടന്ന ഒരു പഴന്തുണിയിൽ പൊതിഞ്ഞു വച്ചിരിക്കുന്നു, അവളുടെ വലംകൈ!

കയ്യിലെ ഞരമ്പുകളും മാംസവും ചതഞ്ഞു എല്ലുകളെല്ലാം പൊടിഞ്ഞു പോയിരുന്നു. ഹോസ്പിറ്റലിലേക്കുള്ള യാത്രയ്ക്കിടയിൽ ജ്യോതിയുടെ വീട്ടിലേക്കു വിളിച്ചു കാര്യം പറഞ്ഞു. എന്റെ അനിയനെയും വിവരമറിയിച്ചു. സൗ കര്യങ്ങളുള്ള ആശുപത്രിയിലെത്തിയപ്പോഴേക്കും അപകടം നടന്ന് ആറു മണിക്കൂർ കഴിഞ്ഞു പോയിരുന്നു. കൈ തുന്നിച്ചേർക്കുന്നതു കൊണ്ടു ഫലമില്ലെന്നു ഡോക്ടർമാർ പറഞ്ഞു. ബാക്കിയുള്ള കൈ തോളിനു താഴെ വച്ചു മുറിച്ചു കളഞ്ഞില്ലെങ്കിൽ ജീവനു ഭീഷണിയായേക്കുമെന്നും.

jyothi-2

അനിയൻ ജ്യോതിയുടെ വീട്ടിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. മകളോടു സംസാരിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു.‘മമ്മീ’ എന്നു കരഞ്ഞു അവൾ എന്തോ സംസാരിക്കാൻ ശ്രമിച്ചെങ്കിലും പിന്നെ, നിശബ്ദയായി കണ്ണീരൊഴുക്കിക്കൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ ജ്യോതി ശ്വാസം കിട്ടാതെ പിടയുന്നു. അപകടത്തിന്റെ ഷോക്ക് ആണെന്നാണ് ഡോക്ടർ കരുതിയത്. പക്ഷേ, വീട്ടുകാരുപേക്ഷിച്ച ഒറ്റയ്ക്കായി പോയ ഒരു പെൺകുട്ടിയുടെ നിലവിളിയായിരുന്നു അതെന്നു ഞങ്ങൾക്കു മനസ്സിലായി.


നഷ്ടലാഭങ്ങൾ

‘‘അപരിചിതനായ ഒരാൾക്കു വേണ്ടി എന്തിനു നീ നിന്റെ ജീവിതം ഇല്ലാതാക്കി? ഇപ്പോൾ നിനക്കു മാത്രമല്ലേ നഷ്ടം സംഭവിച്ചത്’ ഇതായിരുന്നു വേദന കൊണ്ടു പുളയുന്ന സമയത്ത് അമ്മയിൽ നിന്നു നേരിടേണ്ടി വന്ന ചോദ്യം. ഒരു കയ്യില്ലാത്ത ഞാൻ ബാധ്യതയായി മാറിയത് അവരെ ദേഷ്യപ്പെടുത്തിയിരിക്കാം.’’ നേർത്തൊരു ചിരിയോടെയാണ് ജ്യോതിയുടെ സംസാരം. ആരെയും കുറ്റപ്പെടുത്താതെ, പരിഭവങ്ങളുമില്ലാതെ...

‘‘ഒരമ്മ മകളെ നോക്കുന്നതു പോലെ ഏട്ടനും അനിയനും കൂടിയാണ് എന്നെ നോക്കിയത്. മുടി പിന്നി കെട്ടിത്തരുന്നതും പൊട്ടുവച്ചു തരുന്നതുമെല്ലാം ഏട്ടൻ തന്നെ. പാട്ടു പാടിയാണ് അനിയൻ എനിക്കു ചോറു വാരിത്തരിക. ചിരിപ്പിക്കാനായി ഓരോന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കും. ഡിസ്ചാർജ് ആയപ്പോൾ ഏട്ടൻ എന്നെ എന്റെ വീട്ടിൽ കൊണ്ടുചെന്നാക്കി. പക്ഷേ, വീട്ടിൽ ഞാൻ ഒറ്റപ്പെട്ടുവെന്നു മനസ്സിലായപ്പോൾ അനിയൻ ഏട്ടനോടു പറഞ്ഞുവത്രേ. ‘ഏട്ടൻ ആ കുട്ടിയുടെ കൈ വിടാതെ ചേർത്തുപിടിക്കണം.’ ആ വാക്ക് ഇപ്പോഴും ഏട്ടൻ പാലിക്കുന്നു.

കല്യാണം കഴിക്കട്ടെ എന്നെല്ലാം സമ്മതം ചോദിക്കുമ്പോൾ സഹതാപം കൊണ്ടാണെന്നു കരുതി ഞാൻ ആദ്യമൊന്നും സമ്മതിച്ചില്ല. ഒടുവിലായപ്പോൾ ‘കല്യാണം കഴിക്കുന്നെങ്കിൽ നിന്നെ തന്നെ, ഇല്ലെങ്കിൽ കല്യാണമേ കഴിക്കില്ല’ എന്നുറപ്പു പറഞ്ഞപ്പോഴാണ് വീട്ടിൽ വന്നു ചോദിക്കാൻ ഞാൻ പറ‍ഞ്ഞത്.’’ജ്യോതി ഒഴുകി നിറയുന്ന സ്നേഹക്കടലായി വികാസിന്റെ കൈകളിൽ തൊട്ടു. ബാക്കി ജീവിതം പൂരിപ്പിച്ചത് വികാസാണ്.

‘‘അപകടം നടക്കുന്ന സമയത്തു 19 വയസ്സേയുണ്ടായിരുന്നുള്ളൂ അവൾക്ക്. വളരെ വിശ്വസ്തനായ ഒരാളോടെന്ന പോലെ വീട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം ജ്യോതിയെന്നോടു പറയും. ഒരു ദിവസം രാത്രി അച്ഛൻ കുടി ച്ചു വന്ന് ഇവളെ വീടിനു പുറത്താക്കി. അന്നു ഭയന്നു കരഞ്ഞ് എന്നെ വിളിച്ചു. രാത്രി മുഴുവൻ, ഫോണിനപ്പുറത്തു അവൾക്കു ഞാൻ കൂട്ടിരുന്നു. ഞങ്ങൾക്കിടയിൽ ഒരു ആ ത്മബന്ധം ഉടലെടുത്തു. 2011ൽ പാലക്കാട്ടു വച്ചാണു ക ല്യാണം നടന്നത്. ഇപ്പോൾ രണ്ടു മക്കളുണ്ട്. അദ്വൈത് പ്രാൺ, ആദ്വിക് പ്രാൺ. ജ്യോതി രാഷ്ട്രീയത്തിലൊക്കെ സജീവമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മത്സരിച്ചിരുന്നു.’’വികാസ് ജ്യോതിയെ ചേർത്തു പിടിച്ചു.

‘‘ഇപ്പോഴും തനിയെ മുടി കെട്ടാൻ പറ്റില്ല. അത് ഏട്ടനോ അമ്മയോ ചെയ്തു തരും. ഇതുവരെയും തിരികെ വീട്ടിൽ പോകണമെന്നു തോന്നിയിട്ടില്ല. ലാഭനഷ്ടങ്ങൾ നോക്കാതെ സ്നേഹിക്കുന്ന ഒരിടത്തേക്കാണ് വന്നു കയറിയത്. പിന്നെന്തിനു മറിച്ചൊരു ചിന്ത.’’

ടെൻസി ജെയ്ക്കബ്

ഫോട്ടോ: വിബി ജോബ്

വനിത 2021ൽ പ്രസിദ്ധീകരിച്ച ലേഖനം