Friday 23 February 2024 12:03 PM IST : By സ്വന്തം ലേഖകൻ

‘ഒടുവില്‍ പ്രതിയുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറി’; ഫെയ്സ്ബുക്കിനെതിരായ നിയമ പോരാട്ടത്തില്‍ വിജയിച്ച് മനഃശാസ്ത്രജ്ഞ

kala778889

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയയാളുടെ വിവരം നല്‍കണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്കിനെതിരെ മനഃശാസ്ത്രജ്ഞ നടത്തിയ നിയമയുദ്ധത്തില്‍ വിജയം. ഇതോടെ പ്രതിയുടെ വ്യക്തിഗത വിവരങ്ങള്‍ ഫെയ്സ്ബുക് സൈബര്‍ പൊലീസിനു കൈമാറി. കഴിഞ്ഞ ജൂണിലാണ് മനഃശാസ്ത്രജ്ഞയും അധ്യാപികയുമായ കലാ മോഹനന്റെ പേജ് ഹാക്ക് ചെയ്ത് അപകീര്‍ത്തികരമായ പോസ്റ്റുകള്‍ നിറച്ചത്. 

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കലാമോഹന്‍ പ്രതികരിച്ചു. ‘‘സൈബര്‍ ആക്രമണം അനുഭവിച്ചാലേ അതിന്റെ ഗൗരവം മനസിലാകൂ.. അപകീര്‍ത്തികരമായ പോസ്റ്റിനെ തുടര്‍ന്നു നാട്ടുകാരുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍ തലകുനിച്ചു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ നടത്തിയ പോരാട്ടമാണ് ഇപ്പോള്‍ വിജയം കണ്ടത്.’’- കല പറഞ്ഞു. 

പൊലീസ് കേസെടുത്തെങ്കിലും പ്രതിയുടെ ഐപി അഡ്രസ് അടക്കമുള്ളവ കൈമാറാന്‍ ഫെയ്സ്ബുക് തയാറായിരുന്നില്ല. സൈബര്‍പൊലീസും കലയും കോടതിയെ സമീപിച്ചു. ഒടുവില്‍ കോടതിയും കണ്ണുരുട്ടിയതോടെ കഴിഞ്ഞ ദിവസമാണ് പ്രതിയുടെ വ്യക്തിഗത വിവരങ്ങള്‍ ഫെയ്സ്ബുക് കൈമാറിയത്.

Tags:
  • Spotlight