Thursday 10 October 2019 03:06 PM IST : By സ്വന്തം ലേഖകൻ

‘പീഡനക്കേസിൽ മൈനർ പെൺകുട്ടി മേജറായി; സാക്ഷി മൊഴി മാറ്റാൻ സമ്മർദ്ദം, നീതിക്ക് വേണ്ടി ഇറങ്ങിയ ഞങ്ങളോ വിഡ്ഢികൾ!’

kala-mohan89754nnnn

നമ്മുടെ നാട്ടിൽ കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിൽ പോലും കോടതിയുടെ നടപടികക്രമങ്ങളും കേസ് വിസ്താരവും വിധി പറച്ചിലുമെല്ലാം വർഷങ്ങൾ നീണ്ടുപോകാറുണ്ട്. പലപ്പോഴും പ്രതികൾക്ക് രക്ഷപ്പെടാൻ ഉള്ള സാഹചര്യം ഇത്തരം കേസുകളിൽ ഒരുങ്ങും. ഇരയായ കുഞ്ഞുങ്ങൾ മേജർ ആകുന്നതോടെ പതിയെ കേസിൽ നിന്ന് പിൻവലിയുന്നതാണ് ഒരു പ്രധാന കാരണം. വർഷങ്ങളോളം നീളുന്ന കോടതി നടപടികൾ മൂലം കേസിന്റെ ഗൗരവം നഷ്ടപ്പെടാറുണ്ട്. അത്തരത്തിൽ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് കൗൺസിലിങ് സൈക്കോളജിസ്റ്റായ കല മോഹൻ. 

കല മോഹൻ എഴുതിയ കുറിപ്പ് വായിക്കാം; 

രാവിലെ എനിക്ക് ഒരു കോൾ എത്തി. കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിൽ നിന്നും. തിയതി പറഞ്ഞു. അന്ന് കോടതിയിൽ എത്തണം. ഇപ്പോഴെങ്കിലും കേസ് വിളിച്ചല്ലോ! വർഷങ്ങൾക്കു മുൻപ്, ഒരു സ്കൂളിൽ കൗൺസിലർ ആയിരുന്ന സമയം. ഇടയ്ക്ക് ഒന്ന് കറങ്ങാൻ ഇറങ്ങും. ഉപ്പിലിട്ട ചാമ്പയ്‌ക്ക, നെല്ലിക്ക, സിപ്പ്അപ്പ് ഒക്കെ എനിക്ക് പിള്ളേരെക്കാളും ഇഷ്‌ടം. ഞാനങ്ങനെ അതൊക്കെ ചുരുട്ടിപിടിച്ചു നിൽക്കുമ്പോൾ കുഞ്ഞുങ്ങളും ചുറ്റിലും കൂടാറുണ്ട്. ഒരേ പ്രായത്തിലുള്ള കുറെ ആൺകുഞ്ഞുങ്ങൾ. പന്ത്രണ്ടു വയസ്സിനു താഴെ... നോക്കുമ്പോൾ മുഖത്ത്, ചുണ്ടിനു ചുറ്റിലും വല്ലാത്ത നിറവ്യത്യാസം. എന്തോ ഉള്ളിൽ ഒരു അപായസൂചന.

ഞാൻ അവരെ കൗൺസിലിങ് റൂമിൽ ഇരുത്തി സംസാരിച്ചു. ആൺകുഞ്ഞുങ്ങളെ ലൈംഗികമായി (പ്രകൃതി വിരുദ്ധ) ഉപയോഗിക്കുന്നു എന്ന തിരിച്ചറിവിൽ ഞെട്ടിനിന്ന അടുത്ത കുറേ നിമിഷങ്ങൾ. ആര് വിശ്വസിക്കും! ഞാൻ റെക്കോർഡ് ചെയ്തു. മാതാപിതാക്കളെ വിളിച്ചു കേൾപ്പിച്ചു.. കാണിച്ചു.. കേസ് കൊടുത്തു.. പ്രതിയെ അറസ്റ്റ് ചെയ്തു.. കേസിൽ ഒന്നാം സാക്ഷി ആയിരുന്നു. അതാണ് ഇന്ന് വന്ന വിളി.

അതിനു മുൻപ്, പതിനാലുകാരിയെ ഓട്ടോക്കാരൻ പീഡിപ്പിച്ച കേസ്. അതിലും ഒന്നാം സാക്ഷി ഞാൻ ആയിരുന്നു. പൊലീസ് സ്റ്റേഷനിൽ അയാളെ ഇറക്കാൻ വന്ന ഗുണ്ടകളെ കണ്ടപ്പോൾ തന്നെ, കൂടെ ഉള്ള സുഹൃത്ത് മുന്നറിയിപ്പ് തന്നു. ഇത് ഒതുക്കും! പക്ഷെ, അന്നത്തെ എസ്‌ഐ രാജേഷ് എന്നൊരാൾ ആയിരുന്നു. അദ്ദേഹം നല്ല പൂട്ടിട്ടു പൂട്ടി. ആ കേസ് 2012 ൽ നടന്നതാണ്. എന്നെ കോടതിയിൽ സാക്ഷി പറയാൻ വിളിച്ചത് 2017 ൽ. മൈനർ ആയിരുന്ന കുട്ടി മേജർ ആയി. അവർക്ക് കേസ് വേണ്ട. മാഡം മാറ്റി പറയണം. തലേന്ന് വന്ന കോൾ.

കോടതി ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തു ഞാൻ ഇറങ്ങി.. സത്യസന്ധമായി പറയണമല്ലോ.. മൊഴി മാറ്റി പറഞ്ഞില്ല. അവളുടെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ, അതിന്റെ ഹോസ്പിറ്റലിൽ റെക്കോർഡ് ഒക്കെ എന്റെ പക്കൽ ഇന്നുമുണ്ട്. ഇറങ്ങുമ്പോൾ പ്രതിയും വാദിയും ഒന്നിച്ചു നിന്നു നോക്കി. പ്രതി മാത്രം ഒന്ന് ചിരിച്ചു. പോക്സോ നിയമം വരുന്നതിനു മുൻപ് നടന്ന ആ കേസിന്റെ വിധി എന്താണെന്ന് പിന്നെ ഞാൻ തിരക്കിയിട്ടില്ല.

വിവാഹിതയായ ആ പെൺകുട്ടി ഇനിയും സമാധാനത്തോടെ ജീവിക്കട്ടെ. അവൾക്കു പരാതി ഇല്ലല്ലോ ഇപ്പോൾ.! ഇതിപ്പോ അടുത്തത്.. പരാതിക്കാർ പിൻവലിഞ്ഞോ.. ഒന്നുമറിയില്ല.. കേസിന്റെ വിസ്താരത്തിന്റെ കാലം കൂടും തോറും നീതി കിട്ടാനും ബുദ്ധിമുട്ട് ആകും. കുറ്റം ആവർത്തിക്കും. ഇനിയുമുണ്ട്.. അതിനി എന്നാണോ വിളി വരുക എന്നറിയില്ല. ഒരു കേസ് നടന്നു പെട്ടന്നു വിസ്താരം നടത്തി വിധി പറഞ്ഞാൽ, അതിൽ നീതി കിട്ടും. കാലം വൈകുംതോറും, ഇതിനൊക്കെ ഇറങ്ങിതിരിച്ച ഞങ്ങളെ പോലുള്ള ചിലർ വിഡ്ഢികളുമാകും.

Tags:
  • Spotlight
  • Social Media Viral