Tuesday 10 September 2019 11:11 AM IST : By സ്വന്തം ലേഖകൻ

ജീവൻ ഇല്ലാതായി എന്നറിഞ്ഞാൽ പോയികാണാൻ പറ്റുമോ? 'അന്യ' ഒരാൾക്ക് ആ ദേഹത്ത് ഒന്നു തൊടാനാകുമോ?; കുറിപ്പ്

bdsretyh

ഓരോ മനുഷ്യനും വ്യത്യസ്തമായ ജീവിതാനുഭവങ്ങളുമായി മുന്നോട്ടു പോകുന്നവരാണ്. ആരോടും പങ്കുവയ്ക്കാത്ത രഹസ്യങ്ങളുടെ കലവറ പേറി ജീവിക്കുന്നവരാണ് ഇവരിൽ പലരും. സങ്കീർണ്ണമായ ഇത്തരം ജീവിത പ്രശ്നങ്ങളുടെ കഥകൾ കൗൺസിലിങ് സൈക്കോളജിസ്റ്റായ കല മോഹൻ ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. 

കല മോഹൻ എഴുതിയ കുറിപ്പ് വായിക്കാം; 

എത്ര വിളിച്ചിട്ടും കിട്ടുന്നില്ല.. പേടിച്ചിട്ടു വയ്യ... ജീവന് ആപത്ത് ഉണ്ടാകാതെ ഇരുന്നാൽ മതി... കൂട്ടുകാരന്റെ അസുഖം അറിഞ്ഞു.. കുറച്ചു കൂടുതൽ ആണെന്നും. പക്ഷെ വിളിക്കാൻ വയ്യല്ലോ.. കാരണം അതൊരു വെറും കൂട്ടുകാരൻ അല്ല.. സുഹൃത്തുക്കൾ എന്ന് സമൂഹവും ബന്ധുക്കളും കരുതുന്നതിനു അപ്പുറം ഒരു അടുപ്പം അവർക്കിടയിൽ ഉണ്ട്.. എത്രയോ വർഷത്തെ ബന്ധം.

സാധാരണ വിവാഹേതര ബന്ധത്തിൽ എന്ന പോലെ സ്വന്തം കുടുംബത്തെ രണ്ടു പേരും കുളമാക്കിയിട്ടില്ല.. പങ്കാളികളുടെ കുറവ് കൊണ്ടല്ല , അവർ പരസ്പരം അടുത്തതും. സുഹൃത്തിന്റെ കുടുംബ ജീവിതം പൊന്നു പോലെ ഇരുവരും മാനിച്ചു. സാധാരണ ഇത്തരം ബന്ധങ്ങൾ ഉടലെടുക്കുന്നത് ഭാര്യ സ്നേഹം തരുന്നില്ല എന്ന് ഭാര്തതാവും തിരിച്ചു എനിക്ക് ഒരു പട്ടിയുടെ പരിഗണന പോലും അങ്ങേരു തരാറില്ല എന്ന് ഭാര്യയും സ്വയം ന്യായീകരിച്ചിട്ടാകും..

ഇതങ്ങനെ ഒന്നും ആയിരുന്നില്ല.. എങ്ങനെയോ അവർ അടുത്തു, രണ്ടു പേരുടെയും ദാമ്പത്യത്തിൽ അന്നേരം ഉണ്ടായിരുന്ന ചില്ലറ പ്രശ്നങ്ങൾ പോലും മറന്നു. കുടുംബത്തിൽ അങ്ങേയറ്റം ക്ഷമിച്ചു, പൊരുത്ത പെട്ടു...! അതൊക്കെ എല്ലാ കുടുംബത്തിൽ ഉള്ളതാണ്, അവളൊരു നല്ല ഭാര്യ ആണ് എന്തൊക്കെ പറഞ്ഞാലും എന്ന് പറഞ്ഞു കൊടുക്കുന്ന സ്ത്രീ സുഹൃത്ത്.. അവളെ സന്തോഷത്തോടെ നീ ജീവിപ്പിക്കണം.. സ്ത്രീ എന്നാൽ എന്താണെന്നും അവൾ പറയുമ്പോൾ ക്ഷമയാണ് ആയുധം , നീ ക്ഷമിക്കു, ഞാൻ അടക്കമുള്ള പുരുഷന്മാർ എല്ലാം ഇങ്ങനെ തന്നെ, നിന്റെ ഭാര്തതാവ് മാത്രമല്ല എന്ന് പറഞ്ഞു തണുപ്പിക്കുന്ന പുരുഷ സ്നേഹിതൻ...

കേട്ടിരുന്ന ഞാൻ അന്ന് ഓർത്തു... ഈ ഒരു ബന്ധം അപൂർവ്വം ആണ്..ഭാഗ്യം ആണല്ലോ എന്ന്.. ജീവിതവും ജീവനും ഒന്നിച്ചു കൊണ്ട് പോയി.. കുടുംബത്തോടുള്ള കടപ്പാടും സ്നേഹവും ഒക്കെ നിലനിർത്തി പോയ ബന്ധം ആയിട്ട് കൂടി, ഒരു പ്രശനങ്ങളും ഉണ്ടാകാതെ ഇരുന്നിട്ട് പോലും... ഇപ്പോൾ വെന്തുരുകി തീരാറായി.... എത്രയോ പേരുണ്ടാകും ഇത്തരത്തിൽ.. ! പല മുഖങ്ങൾ മനസ്സിലേയ്ക്ക് ഓടി വന്നു..  അവരൊക്കെ ഇത്തരം ഘട്ടങ്ങളെ കുറിച്ചു ഇതേ വരെ ചിന്തിച്ചു പോലും കാണില്ല... രണ്ടുപേരുടെയും കുടുംബത്തെ തകർക്കാതെ അവരുടെ മക്കളെയും പങ്കാളികളെയും വഴിയാധാരമാക്കാതെ, ബന്ധം കൊണ്ടുപോകുന്ന സുകൃതം ചെയ്തവർ..

അറുപതിന്റെ അറ്റത് വന്നു നിൽക്കുന്ന മനോഹരങ്ങളായ മനസ്സുകൾ വരെ എന്റെ ഓർമ്മയിൽ ഓടിയെത്തി... വയസ്സും പ്രായവും ഇല്ലാതെ പ്രണയിക്കുന്നവരോടുള്ള ഇഷ്‌ടങ്ങൾ, അവരോടു എന്നുമുണ്ട്... ചെറുപ്പത്തിലേ വയസ്സായ മുഖമുള്ള എത്രയോ പേരുണ്ട്.. അവരുടെ ഇടയ്ക്ക്, പൂമ്പാറ്റയെ പോൽ ജന്മങ്ങൾ..എന്നിരുന്നാലും അവരുടെ നാളെകൾ എങ്ങനെ ആകും? ഉള്ളം ചുട്ടു നീറുമ്പോഴും , പുറമെ കാണിക്കാൻ പറ്റുമോ..? അസുഖം ആണെന്ന് അറിഞ്ഞാൽ എന്ത് ചെയ്യാനാകും..? ജീവൻ ഇല്ലാതായി എന്നറിഞ്ഞാൽ പോയി കാണുന്നതിന് എത്ര സ്വാതന്ത്ര്യം ഉണ്ട്.. പോയാൽ '''''അന്യ'''' ഒരാൾക്ക് ആ ദേഹത്തെ ഒന്ന് തൊടാനോ.. അവസാനമായി ഒരു ഉമ്മ കൊടുക്കണോ പറ്റുമോ..? ആ ഒരു നെരിപ്പോടും പേറി എത്ര നാൾ മറ്റേ ആൾ മുന്നോട്ടു നീങ്ങും.. ഒന്ന് നെഞ്ച് പൊട്ടി കരയാൻ പോലും ആകാതെ? !

ഒഴുക്കിനൊത്തു ജീവിക്കാനുള്ള പ്രാപ്തി നേടി എടുക്കാൻ പറ്റുക എന്നത് ഒരു പുണ്യവും ഭാഗ്യവും ആണെന്ന് അറിയാമെങ്കിലും മനസ്സ് പിടിയിൽ നിൽക്കില്ലല്ലോ.. ചിലപ്പോൾ, ഉത്തരം ഒന്നും കൊടുക്കാനില്ലാത്ത ചോദ്യങ്ങൾ നേരിടേണ്ടി വരും ജീവിതത്തിൽ..  പൂരിപ്പിക്കാൻ പറ്റാത്ത പ്രശ്നോത്തരികൾ..  ഹൃദയം കൊണ്ട് സ്നേഹിക്കരുത്.. ബുദ്ധി കൊണ്ട് സ്നേഹിക്കണം എന്നൊക്കെ എത്ര പേർക്ക് പറ്റും.. ശീലങ്ങളും രീതികളിലും ഒട്ടും മാറ്റാൻ പറ്റാത്ത ചിലത്, അതൊക്കെ ആണ്..

Tags:
  • Spotlight
  • Social Media Viral