മഞ്ഞിന്റെ മേലങ്കിയണിഞ്ഞ് ടോപ്സ്ലിപ് സഞ്ചാരികളെ വരവേറ്റു. ആനമല ചുരം കയറി ചെല്ലുന്നയിടം വിശാലമായ പച്ച പുതച്ച മൊട്ടക്കുന്ന്, ഒരുവശത്തായി ഒരു കൂട്ടം പുള്ളിമാനുകൾ വിശ്രമിക്കുന്നുണ്ട്. കാവലിനെന്നോണം കാട്ടുപന്നിയും കലപില കൂട്ടി നാടന്‍ മൈനകളും. തമിഴ്നാട് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവുകളും ടൂറിസ്റ്റുകൾക്കായുള്ള ഹോംസ്റ്റേകളും മഞ്ഞിന്റെ മറയിലൂടെ അവ്യക്തമായി കാണാം. ഒറ്റനോട്ടത്തിൽ കാണാവുന്നത്ര കുഞ്ഞിടം, ടോപ്സ്ലിപ്പിനെ അങ്ങനെ വിശേഷിപ്പിക്കാം. നേരെ 12 കിലോമീറ്റർ ഓടിയാല്‍ അപ്പുറം കേരളത്തിന്റെ സ്വന്തം പറമ്പിക്കുളമാണ്.
ടോപ്സ്ലിപ്പിലെത്തിയാല്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ആനമലൈ ടൈഗര്‍ റിസര്‍വിന്റെ സഫാരിയാണ്. കോഴിക്കാമുത്തി ആന പരിശീലനകേന്ദ്രത്തിലേക്കാണ് ആ യാത്ര. ടോപ്സ്ലിപ്പിൽ നിന്ന് ഏഴര കിലോമീറ്ററോളം ഉൾക്കാട്ടിലൂടെ സഞ്ചരിച്ചു വേണം കോഴിക്കാമുത്തിയിലെത്താൻ. കടുവയും പുലിയും കരടിയും ആനയും മാനും മയിലുമെല്ലാം ഉള്ള ഉള്‍ക്കാടിനുള്ളിലൂടെയാണ് യാത്ര. അവിടുത്തെ പ്രധാന ആകർഷണം വൈകുന്നേരങ്ങളിലെ ആനയൂട്ടാണ്. നാട്ടാനയാണെന്ന് തെറ്റിധരിക്കരുത്, നല്ല ചുറുചുറുക്കുള്ള കുങ്കിയാനകളെ സംരക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഇടമാണ് കോഴിക്കാമുത്തി ആനപരിശീലനകേന്ദ്രം. കാട് വിറപ്പിക്കുന്ന വിരുതന്‍മാരായ ആനകളെ പിടികൂടി മെരുക്കുന്നതും, നാട്ടിലിറങ്ങി ശല്യം ചെയ്യുന്നവയെ ‘അടി കൊടുത്ത്’ കാടു കയറ്റി വിടുന്നതുമെല്ലാം ഈ കൊമ്പൻമാരുടെ ജോലിയില്‍പെടുന്നു.
വനപാലകരുടെ വാഹനത്തിൽ മാത്രമേ സഫാരിയുള്ളൂ. ടോപ്സ്ലിപിലെ കൗണ്ടറില്‍ നിന്ന് സഫാരിക്കായുള്ള ടിക്കറ്റെടുത്തു. വനംവകുപ്പിന്റെ ട്രാവലറിലും ജീപ്പിലുമായാണ് യാത്ര. അഞ്ചുപേരടങ്ങുന്ന സംഘത്തിന് 2500 രൂപയാണ് ചാര്‍ജ്. ജീപ്പും ബസുമെല്ലാം സഞ്ചാരികളെ നിറച്ച് റെഡിയായി നിൽക്കുന്നു, ഞങ്ങള്‍ കയറേണ്ട താമസം വലിയ ഇരമ്പലോടെ വണ്ടിയെടുത്തു. ആനമലൈ ടൈഗര്‍ റിസര്‍വിനുള്ളിലൂടെ ജീപ്പ് ഞെരുങ്ങിയും മൂളിയും പതിയെ യാത്ര തുടങ്ങി.
വഴിയോരങ്ങളില്‍ കാട്ടുപോത്തുകളും മാനുമെല്ലാം നോക്കിനില്‍പ്പുണ്ട്. ഏകദേശം അഞ്ചര കഴിഞ്ഞു കാണും കോഴിക്കാമുത്തി ആന പരിശീലനകേന്ദ്രത്തിലെത്തിയപ്പോള്‍, ആനയൂട്ടിനുള്ള തിരക്കിലാണ് പരിശീലകർ. നല്ലെണ്ണയിൽ ഉപ്പും ശർക്കരയും ചേർത്ത് ചോറ് വലിയ ഉരുളകളാക്കി തേക്കിന്റെ ഇലകളില്‍ നിരത്തി. അല്‍പം ദൂരെ അക്ഷമരായി കൊമ്പൻമാരും പിടികളും നിരന്നു നിൽപ്പുണ്ട്. തമിഴരും മലയാളികളും തെലുങ്കരുമെല്ലാം സഞ്ചാരികളുടെ കൂട്ടത്തിൽ ഉണ്ട്. ഒരേസമയം എല്ലാ കണ്ണുകളും അവനിലാണ്, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ താപ്പാനയായ ആനമല കലീമില്‍!
അറുപതാം വയസിലും എടുപ്പോടെ ഉയര്‍ത്തിപ്പിടിച്ച മസ്തകം, പ്രായാധിക്യത്താല്‍ അവന്റെ നെറ്റിക്ക് ഇരുവശവും കുഴിഞ്ഞിട്ടുണ്ട്. ചര്‍മത്തില്‍ അങ്ങിങ്ങായി ചുളിവുകള്‍ വീണു തുടങ്ങിയിരിക്കുന്നു. തീക്ഷ്ണമായ കണ്ണുകളുടെ നിറം മങ്ങി തുടങ്ങിയിട്ടുണ്ട്. കാലില്‍ ചങ്ങലയുടെ വടുക്കള്‍ തെളിഞ്ഞു കാണാം. എന്നാല്‍, ചലനങ്ങളില്‍ കാലം പ്രായത്തിന്റെതായ പ്രഹരം ഏല്‍പ്പിച്ചിട്ടില്ല. ചടുലമായി തുമ്പിക്കൈ ഇളക്കി, പതിയെ തലയിട്ടാട്ടി കൗതുകത്തോടെ അവന്‍ സന്ദര്‍ശകരെ നോക്കി. കഴുത്തില്‍ കുടമണിയുടെ കിലുക്കം. കൊമ്പില്‍ പിടിച്ചുകൊണ്ട് മണിയാശാന്‍ അടുത്തുതന്നെ നില്‍പ്പുണ്ട്. കലീമിനെ കാണാനെത്തിയ സന്ദര്‍ശകരോട് അയാള്‍ വാതോരാതെ സംസാരിക്കുകയാണ്.
പരിശീലകന്‍ മണിയുടെ പുറകില്‍ അനുസരണയോടെ നില്‍ക്കുന്ന കലീം നിസ്സാരനാണെന്ന് തോന്നിയെങ്കില്‍ തെറ്റി. ‘‘ഇവന്‍ ഒറ്റൊരാള്‍ മതി, കോയമ്പത്തൂരിലെ എല്ലാ ജോലിയും ചെയ്യും. കാട്ടില്‍ നിന്ന് ഒറ്റയ്ക്ക് തടിയെല്ലാം കൊണ്ടുവരും, ഇവിടെയുള്ള എല്ലാ ആനകളെയും പിടിച്ചത് ഇവനാണ്. രജനി സാര്‍ സിനിമയില്‍ പറഞ്ഞ ഡയലോഗില്ലേ അതാണ് കലീം. പന്നീങ്കതാന്‍ കൂട്ടമായ് വരും, സിങ്കം സിങ്കിളാ താന്‍ വരും.’’- മണിയുടെ വാക്കുകളില്‍ അഭിമാനം. കലീമിനോട് അടുക്കാന്‍ ആരും ഒന്ന് പേടിക്കും. കാരണം വീരത്തിലും ശൗര്യത്തിലും ഇന്നും അവനെ വെല്ലാന്‍ ആരുമില്ല. അടുത്തുചെന്ന് അവന്റെ വിശേഷങ്ങൾ തിരക്കുന്നവരുണ്ട്, ചിലർ ഒപ്പം നിന്ന് സെൽഫി എടുക്കുന്നതിന്റെ തിരക്കിലാണ്. തമിഴർക്ക് അരിസി കൊമ്പനെ പിടിച്ച കഥയാണ് കേൾക്കേണ്ടത്.
സത്യമംഗലം നല്‍കിയ നിധി
കാട് വിറപ്പിച്ച വീരപ്പനില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട കുട്ടിയല്ല, വലിയൊരു നിയോഗം ദൈവം നേരിട്ടേല്‍പ്പിച്ച ഗജവീരൻ, കലീം എന്ന താപ്പാനയുടെ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. 1972 ഡിസംബറില്‍ സത്യമംഗലം കാട്ടില്‍ നിന്ന് കിട്ടിയ ലക്ഷണമൊത്ത കുട്ടിയാനയെ കരുതലോടെ കാത്തു വനപാലകര്‍. അവന്റെ ബുദ്ധിയും മിടുക്കും തിരിച്ചറിഞ്ഞതോടെ ഇന്ത്യയിലെ മികച്ച താപ്പാനയാക്കി മാറ്റിയത് ചരിത്രം. കലീമിനെ കുങ്കികൾക്കിടയിൽ സാഹസികനാക്കിയത് പളനിച്ചാമിയെന്ന ഒന്നാം പാപ്പാന്റെ മിടുക്ക്. ഏറ്റവും ഒടുവില്‍ മൂന്നാറിനെ വിറപ്പിച്ച അരിക്കൊമ്പനെ പൂട്ടിയാണ് കലീം ജോലിയില്‍ നിന്ന് വിരമിച്ചത്.
തമിഴ്നാട് സര്‍ക്കാരിന്റെ ഗാർഡ് ഓഫ് ഹോണർ അടക്കമുള്ള ഔദ്യോഗിക ചടങ്ങുകളോടെയായിരുന്നു യാത്രയയപ്പ്. ചുവന്ന പരവതാനി വിരിച്ച് അവര്‍ കലീമിനെ ആനയിച്ചു, സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ഈ സമയം ക്യാംപിലെ മറ്റു ആനകള്‍ കലീമിനു മുന്നില്‍ നിരനിരയായി നിന്ന് സല്യൂട്ട് ചെയ്തു. തമിഴ്നാട്ടിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം നിരവധിപേര്‍ മനോഹരമായ ആ മൂഹൂര്‍ത്തത്തിന് സാക്ഷിയായി.
ടോപ്സ്ലിപ് ആനസങ്കേതത്തിലുള്ള ഭൂരിഭാഗം ആനകളെയും പിടിച്ചത് കലീമിന്റെ നേതൃപാടവത്തിലാണ്. കാട്ടില്‍ നിന്ന് 99 ആനകളെ പിടികൂടി, അച്ചടക്കം പഠിപ്പിച്ച കലീം ഇന്ന് വിശ്രമജീവിതത്തിലാണ്. ക്രിക്കറ്റില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ തല കുനിച്ച് മടങ്ങേണ്ടി വന്ന ബാറ്റ്സ്മാനെ പോലെയല്ല, തകര്‍ക്കാനാകാത്ത റെക്കോര്‍ഡ് നേട്ടം സ്വന്തം പേരില്‍ എഴുതിചേര്‍ത്തു അജയ്യനായാണ് കലീമിന്റെ നില്‍പ്.
കുങ്കിയാനകളുടെ ടീം ക്യാപ്റ്റന്‍
മുപ്പതുവർഷമായി കേരളം, തമിഴ്നാട്, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിരവധി ദൗത്യങ്ങള്‍ക്ക് കലീം നേതൃത്വം നല്‍കി. അങ്ങേയറ്റം അപകടം പിടിച്ച ജോലിയാണ് താപ്പാനയുടേത്. കുങ്കിയാനകളുടെ ടീം ക്യാപ്റ്റന്‍ മാത്രമല്ല കലീം, അടങ്ങാത്ത കൊമ്പനെ അടിച്ചൊതുക്കി കാട് കയറ്റുന്നതും ദൗത്യത്തിന് ഒപ്പമെത്തുന്ന സംഘത്തിന്റെ ജീവന്‍ കാത്തു രക്ഷിക്കുന്നതും കാട്ടിലെ വഴികളിൽ വീണുകിടക്കുന്ന മരങ്ങൾ എടുത്തുമാറ്റുന്നതും നരഭോജികളായ കടുവകളെ തുരത്തുന്നതുമൊക്കെ അവന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങളില്‍ പെടുന്നു.
"എന്റെ അമ്മാവന്‍ പളനിചാമിയാണ് അവനെ എല്ലാ അടവും പഠിപ്പിച്ചത്. കുട്ടിയായിരിക്കുമ്പോഴേ കയ്യില്‍ കിട്ടിയതാണ്, കുറുമ്പനായിരുന്നു, നല്ല ബുദ്ധിമാനും. അമ്മാവനാണ് താപ്പാനകള്‍ക്കുള്ള പ്രത്യേക ട്രെയ്നിങ് നല്‍കിയത്. എതിരാളിക്ക് ഒരു പഴുതു പോലും അവന്‍ കൊടുക്കില്ല, ദേഷ്യം വന്നാല്‍ കൊമ്പില്‍ കോര്‍ക്കും. ചങ്ങല കൊണ്ട് അടിച്ചോടിക്കും. 40 വർഷത്തെ ബന്ധം, വലിയ സ്നേഹമായിരുന്നു രണ്ടുപേരും തമ്മില്‍. പലതവണ അമ്മാവന്റെ ജീവന്‍ അവന്‍ രക്ഷിച്ചിട്ടുണ്ട്.
ഒരിക്കൽ വലിയൊരു കാട്ടാനയുമായി പോരാട്ടത്തിലായിരുന്നു, കാട്ടാനയുടെ സഹായത്തിന് മറ്റു ആനകളും കൂടി വന്നതോടെ കഥ മാറി. ശക്തമായ പോരാട്ടത്തിനിടയില്‍ അമ്മാവനും ഒപ്പം ഉണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡിനും മറ്റു വഴിയുണ്ടായിരുന്നില്ല, അവര്‍ അവന്റെ വയറിനടിയിൽ ഒളിച്ചു. ശ്രദ്ധ ഒന്നു പാളിയാല്‍ ഇരുവരും കാലിനടിയില്‍ ഞെരിഞ്ഞമരും. ഒരു ചെറിയ പോറല്‍ പോലും അവര്‍ക്ക് ഏല്‍ക്കാതിരിക്കാന്‍ കലീം ശ്രദ്ധിച്ചു.
മറ്റൊരിക്കൽ കിണറ്റിൽ വീണ ഒരു കുട്ടിയാനയെ രക്ഷിക്കാന്‍ പോയതാണ്. കിണറിനു ചുറ്റും ഏഴു കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. അക്കൂട്ടത്തിൽ ഒരു പിടിയാന കലീമിന് നേരെ വന്നു. അമ്മാവനെ പിടികൂടാന്‍ തുമ്പിക്കൈ ചുഴറ്റിയതാണ്, കലീമിന്റെ പ്രഹരമേറ്റ് പിന്തിരിഞ്ഞു ഓടുന്നതാണ് പിന്നീട് കണ്ട കാഴ്ച. മദപ്പാടുള്ള സമയം പോലും അവന്‍ അനുസരണയുള്ള കുട്ടിയാണ്. ദൂരെ നിന്നുപോലും അമ്മാവന്റെ നിര്‍ദേശങ്ങള്‍ അവന് മനസ്സിലാകും.
കേരളത്തില്‍ തിരുവനന്തപുരത്തെ വിറപ്പിച്ച ഒരു ആനയുണ്ടായിരുന്നു, കൊലകൊല്ലി! 15 ദിവസമാണ് അവനെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കെടുത്തത്. അന്നും അമ്മാവന്റെ ജീവന്‍ തലനാരിഴയ്ക്കാണ് കലീം രക്ഷിച്ചത്. അമ്മാവന്റെ മരണശേഷമാണ് ഞാന്‍ കലീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇരുപതു വര്‍ഷമാകുന്നു ഇവന്റെയൊപ്പം കൂടിയിട്ട്, എന്റെ കൂടപ്പിറപ്പിനെ പോലെയാണ്. ആരു കാണാന്‍ വന്നാലും കലീമിന്റെ പാപ്പാന്‍ എന്നു പറയുന്നത് തന്നെ ഒരു ഗമയാണ്."- മണി പറഞ്ഞുനിര്‍ത്തി.
സഞ്ചാരികള്‍ക്കുള്ള സമയവും ആനയൂട്ടും ഏതാണ്ട് കഴിഞ്ഞിരുന്നു. ആനകളെ തിരികെ പന്തിയില്‍ എത്തിക്കാനുള്ള തിരക്കിലാണ് പരിശീലകര്‍. ഭൂമിയുടെ താളത്തിനൊപ്പം കരുത്തുറ്റ ചുവടുകളുമായി മണിയ്ക്കൊപ്പം കലീം നടന്നുനീങ്ങുമ്പോള്‍ വെയിൽ മങ്ങി തുടങ്ങിയിരുന്നു. ഒരായുസ്സ് മുഴുവനും മനുഷ്യനു വേണ്ടി പണിയെടുത്ത സാധു മൃഗം, ചങ്ങലയ്ക്കുള്ളില്‍ അവന്റെ സ്വാതന്ത്ര്യം അസ്തമിച്ചിരിക്കുന്നു. ഹൃദയത്തിലെവിടെയോ കൊളുത്തിവലിക്കുന്ന വേദന, കാടിന്റെ മകന് മൗനം കൊണ്ട് സല്യൂട്ട് നല്‍കി ഞങ്ങളും യാത്ര പറഞ്ഞു.
എഴുതിയത്, ഫോട്ടോഗ്രാഫി: പ്രിയദര്‍ശിനി പ്രിയ