Wednesday 19 September 2018 05:21 PM IST : By സ്വന്തം ലേഖകൻ

കറിയിൽ ഉപ്പു കൂടിയതിന് ഭർതൃവീട്ടുകാരുടെ പീഡനം; എല്ലാം ഇട്ടെറിഞ്ഞ് പോന്നവൾ ഇന്ന് ശതകോടീശ്വരി, ആ കഥയിങ്ങനെ

kalpana

നാലു ചുമരുകൾക്കുള്ളിൽ നാലാളുകളുമായി ബന്ധം പോലുമില്ലാതെ വേദനകൾ പേറി ജീവിക്കുന്ന ചില ജന്മങ്ങളുണ്ട്. അവരുടെ കണ്ണീരിനും വേദനകൾക്കുമെല്ലാം ആ ചുമരുകൾ മാത്രമായിരിക്കും സാക്ഷി. ബന്ധങ്ങൾ ബന്ധനങ്ങളായി മാറുന്ന ഈ ലോകത്ത് സ്വാതന്ത്യം നിഷേധിക്കപ്പെട്ട് കാലം കഴിക്കേണ്ടി വരുന്ന സ്ത്രീജന്മങ്ങളെ എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസം.

പക്ഷേ സ്വാതന്ത്ര്യത്തിനു വേണ്ടി, സ്വൈര്യപൂർണമായ ജീവിതത്തിനു വേണ്ടി എല്ലാം ഇട്ടെറിഞ്ഞു പോന്നൊരു പെൺകൊടിയുണ്ട്. 12ാം വയസ്സില്‍ വിവാഹം ചെയ്യപ്പെട്ട് ഭര്‍തൃവീട്ടിലെത്തിയ അവൾ ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനത്തിന് പീഡനത്തിന് ഇരയാകുകയായിരുന്നു. പക്ഷേ ഒന്നിനു വേണ്ടിയും ജീവിതം തമസ്ക്കരിക്കാൻ ഒരുക്കമല്ലാത്ത അവൾ തന്റെ ജീവിതത്തിന്റെ ഭാവി ഭാഗധേയം എങ്ങനെയെന്ന് കരുതിയുറപ്പിച്ചു. പീഡനങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞവരെ വകഞ്ഞു മാറ്റി അവൾ പുതിയൊരു ജീവിതത്തിന് നാന്ദി കുറിച്ചു. പിന്നെ കണ്ടത് ചരിത്രം.

2013ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച കല്‍പന സരോജാണ് പീഡനത്തെ അതിജീവിച്ച് ഔന്നത്യങ്ങളുടെ പടി കയറിയ ആ കഥാനായിക. ഭർതൃവീട്ടിൽ നിന്ന് അവളെ അച്ഛന്‍ അവളെ വീട്ടിലേക്ക് തിരികെ കൊണ്ട് പോകുന്നതോടെയാണ് സിനിമയെ വെല്ലുന്ന ജീവിത കഥയുടെ തുടക്കമാകുന്നത് .

മഹാരാഷ്ട്രയിലെ റൂപര്‍ഖേദ ഗ്രാമത്തിലെ ദളിത് കുടുംബത്തില്‍ ജനിച്ച് സ്വന്തമായ ഒരു ബിസ്സിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത കല്‍പനയുടെ പോരാട്ട കഥയ്ക്ക് സമാനതകളില്ല എന്നു തന്നെ പറയാം. വിധിയോട് പടവെട്ടിയ കൽപന ആ പെൺകൊടി സ്വന്തംജീവിതം മാത്രമല്ല കുടുംബത്തിലെയും സമൂഹത്തിലെ അനേകം പട്ടിണിപ്പാവങ്ങളുടെ തലവര കൂടി മാറ്റിയെഴുതിയിരിക്കുകയാണ്. ഹ്യൂമൻ്സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജാണ് കൽപനയുടെ അതിജീവനകഥ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം

അകോല ഗ്രാമത്തിലെ ദളിത് കുടുംബത്തിലായിരുന്നു എന്റെ ജനനം. 12 വയസ്സുള്ളപ്പോള്‍ എന്നേക്കാള്‍ 10 വയസ്സ് കൂടുതലുള്ള ഒരാളെക്കൊണ്ട് എന്നെ കെട്ടിച്ചുവിടാന്‍ നാട്ടുകാരെല്ലാവരും അച്ഛനെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അച്ഛന് അത് ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും നാട്ടുകാരുടെ സമ്മര്‍ദ്ദം മൂലം അച്ഛനെന്നെ വിവാഹം കഴിപ്പിച്ചയച്ചു.

മുംബൈയിലെ ഭര്‍തൃഗൃഹത്തിലെത്തിയപ്പോഴാണ് ഇവര്‍ ചേരിയിലെ ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നതെന്നും ഭര്‍ത്താവിന് ജോലി പോലുമില്ലെന്നുള്ള വിവരം ഞാനറിയുന്നത്. അതിഭീകരമായാണ് അവരെന്നെ കൈകാര്യം ചെയ്തത്. കറിയിലൊരല്‍പം ഉപ്പു കൂടിയാല്‍ പോലും ഭര്‍തൃവീട്ടുകാര്‍ എന്നെ പൊതിരെ തല്ലിയിരുന്നു. അവിടം എനിക്ക് നരകമായിരുന്നു. 

ആറ്മാസം കഴിഞ്ഞാണ് അച്ഛന്‍ എന്നെ കാണാന്‍ വരുന്നത്. എന്റെ കോലം കണ്ട് അദ്ദേഹത്തിനെന്നെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. മുഖത്തെ ചിരിപോലും മാഞ്ഞ് പിന്നിക്കീറിയ വസ്ത്രത്തിലായിരുന്നു അന്ന് ഞാന്‍. ഇത് കണ്ട് ഭര്‍തൃവീട്ടുകാരുമായി അച്ഛന്‍ വഴക്കുണ്ടാക്കി. എന്നിട്ടെന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഒരു ദുഃസ്വപ്‌നം പോലെ അവയെല്ലാം മറന്നു കളയാനാണ് അച്ഛനെന്നോട് പറഞ്ഞത്. 

പക്ഷെ ആളുകള്‍ എന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ആത്മഹത്യവരെ ഞാന്‍ ശ്രമിച്ചു നോക്കി. പക്ഷെ എന്നിട്ടും താന്‍ തെറ്റ് ചെയ്തത് കൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വരെ ആളുകള്‍ കുറ്റപ്പെടുത്തി.

ആളുകള്‍ എന്നെ എത്രത്തോളം കുറ്റപ്പെടുത്തുന്നുവോ അത്രത്തോളം ഞാന്‍ കൂടുതല്‍ ജീവിക്കാനാഗ്രഹിക്കുന്നുവെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. 

ജീവിതത്തിന്റെ പുതിയ ഏട് അവിടെ ആരംഭിക്കുകയായിരുന്നു.തയ്യല്‍ക്കാരിയായി മുംബൈയില്‍ ജോലിക്ക് ചേര്‍ന്നു. 100 രൂപ നോട്ട് ആദ്യമായി കാണുന്നത് അവിടെ വെച്ചാണ്. അവിടെ നിന്ന് കിട്ടിയ കൂലി മിച്ചം പിടിച്ചാണ് ഒരു മുറി വാടകക്കെടുക്കുന്നത്. വീട്ടുകാരെയും അവിടേക്ക് കൊണ്ട് വന്നു. പക്ഷെ സഹോദരിയുടെ ജീവന്‍ എനിക്ക് കിട്ടുന്ന തുഛമായ തുകകൊണ്ട് രക്ഷിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇനിയും പണമുണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചു. അങ്ങിനെയാണ് സര്‍ക്കാര്‍ വായ്പയെടുത്ത സ്വന്തമായ ഫര്‍ണിച്ചര്‍ ബിസിനസ്സ് തുടങ്ങുന്നത്.

പക്ഷെ എന്നെപ്പോലെ ജീവിക്കാന്‍ പൊരുതുന്ന അനേകര്‍ എനിക്കു ചുറ്റിലുമുണ്ടായിരുന്നു. അങ്ങിനെയാണ് അവരെ സഹായിക്കാനും സര്‍ക്കാര്‍ വായ്പകള്‍ എത്തിച്ചു കൊടുക്കാനും എന്‍ജിഒ തുടങ്ങുന്നതിനെകുറിച്ച ആലോചിക്കുന്നത്. സ്വന്തം കീശയിലെ പണം നല്‍കിയും പലരെയും ഞാന്‍ സഹായിച്ചു. ഇതെനിക്ക് സമൂഹത്തില്‍ സ്വീകാര്യത നേടിത്തന്നു. 

അന്നൊരിക്കല്‍ കമനി ട്യൂബ്‌സ് കമ്പനിയിലെ തൊഴിലാളികള്‍ അവരുടെ കമ്പനിയെ രക്ഷിക്കണമെന്ന് പറഞ്ഞ് എന്നെ സമീപിക്കുകയുണ്ടായി. 160 കോടി രൂപയുടെ 140 കേസുകളില്‍പ്പെട്ടുഴലുകയായിരുന്നു കമ്പനി അന്ന്. 

അത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നത് ആത്മഹത്യാപരമാണെന്നാണ് എല്ലാവരും അന്നെന്നോട് പറഞ്ഞത്. പക്ഷെ പട്ടിണി കിടക്കുന്ന 500 കുടുംബങ്ങളായിരുന്നു എന്റെ കണ്‍മുന്നില്‍. അതിനാല്‍ അവരെ സഹായിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ധനമന്ത്രിയുമായി സംസാരിച്ച് കമ്പനിയുടെ കടം കുറയ്ക്കാന്‍ ഞാന്‍ അഭ്യര്‍ഥിച്ചു. ഒരു ടീം ഉണ്ടാക്കി, ഫാക്ടറികളെല്ലാം പുതിയ ഇടത്തിലേക്ക് മാറ്റി. ഈ മേഖല എനിക്ക് പുതിയതായിരുന്നു. പക്ഷെ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. 2006ല്‍ ഞാന്‍ കമ്പനിയുടെ ചെയര്‍പേഴ്‌സണായി.ഏഴ് വര്‍ഷം കൊണ്ട് കടം വീട്ടണമെന്ന് ബാങ്കുകള്‍ ശട്ടം കെട്ടി. എന്നാല്‍ വെറും ഒരു വര്‍ഷം കൊണ്ട് ഞങ്ങള്‍ കടം വീട്ടി. 

തൊഴിലാളികള്‍ക്ക് കൂലികൊടുക്കാനുമായി. പയ്യെ പയ്യെ കാര്യങ്ങളെല്ലാം മാറി. ഇന്ന് കമ്പനിയുടെ ലാഭം ഞങ്ങള്‍ക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണ്. 

2006ല്‍ രാജ്യം പദ്മശ്രീ നല്‍കി രാജ്യം എന്നെ ആദരിച്ചു.അവിശ്വസനീയമായ ഒരു ജീവിത യാത്രയാണ് ഞാന്‍ നടത്തിയത്. ബാലവിവാഹത്തിനിരയായ ദളിത് ബാലികയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുടെ കമ്പനിയുടെ ഉടമയായ യാത്ര.