Tuesday 30 April 2024 11:10 AM IST : By സ്വന്തം ലേഖകൻ

‘ചെവിയിൽ നിന്ന് ചോര ഒഴുകി, ആർക്കും ബോധമുണ്ടായിരുന്നില്ല’; അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വിറങ്ങലിച്ച് നാട്

kannur-accident-car

കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറും മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. നാലുപേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്.

പുന്നച്ചേരി പെട്രോൾ പമ്പ് ഡീലർ സജിത നോക്കി നിൽക്കെ തൊട്ടുമുൻപിലാണ് അപകടം. സജിത സംഭവം വിവരിക്കുന്നത് ഇങ്ങനെ: രാത്രി പത്തു മണിയോടെയാണു സംഭവം. പമ്പിനു മുൻവശത്ത് റോഡിനു സമീപം വീണുകിടന്നിരുന്ന കരിയില അടിച്ചുവാരി നിൽക്കുമ്പോഴാണ് ശബ്ദം കേട്ടത്. കാറിന്റെ മുൻവശത്തു നിന്ന് ബംപർ ഭാഗം തെറിച്ചു വീഴുന്നതു കണ്ടു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. 

കാർ ലോറിയുടെ മുൻവശത്ത് ഇടിച്ച് ബോണറ്റ് ഉൾപ്പെടെ ലോറിക്ക് അടിയിലേക്ക് കയറിയ നിലയിലായിരുന്നു. ഓടിച്ചെന്ന് മുന്നിലെ ഇടതുവശത്തെ വാതിൽ തുറന്നു. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ആർക്കും ബോധമുണ്ടായിരുന്നില്ല. തുറന്ന വാതിലിനു സമീപം ഇരുന്ന ആളുടെ ചെവിയിൽ നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. അപ്പോഴേക്കും ആളുകൾ ഓടിക്കൂടി. സമീപത്തെ ടർഫിൽ കളിക്കുന്നവരും എത്തി.

അതുവഴി വന്ന ഒരു ആംബുലൻസിൽ അയാളെ കയറ്റി വിട്ടു. ബാക്കിയുള്ളവരെ എടുക്കാൻ പ്രയാസമായിരുന്നു. കാറിന്റെ ബോഡി ആകെ ഒടിഞ്ഞു മടങ്ങിപ്പോയിരുന്നു. പൊലീസിനെ വിളിച്ചപ്പോൾ വണ്ടി ഇല്ലെന്നാണ് പറഞ്ഞത്. പിന്നെ ഓടിക്കൂടിയ എല്ലാവരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ബാക്കിയുള്ളവരെ പുറഞ്ഞെടുത്തത്. നമ്പർ കെഎൽ 58 ഡി 6753 കാറാണ് അപകടത്തിൽ പെട്ടത്.

ചോര വീണ രാത്രി

പയ്യന്നൂർ ഭാഗത്തേക്ക് വന്നു കൊണ്ടിരുന്ന ലോറി കാറിന്റെ പിന്നിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് കാർ അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിന്റെ വലതു വശത്തേക്കു പാളിയ കാർ എതിരെ വന്ന ലോറിയുടെ മുൻവശത്തേക്ക് ഇടിച്ചു കയറി. ഗ്യാസ് സിലിണ്ടുകളുമായി വന്ന കർണാടക റജിസ്ട്രേഷൻ ലോറി പരമാവധി ഇടതു വശത്തേക്ക് ഒതുക്കി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

മൂന്നിലെ ഇടതുവശത്തെ വാതിൽ തുറന്ന് ഒരാളെ പുറത്തെടുക്കാൻ പറ്റിയെങ്കിലും മറ്റുള്ളവരെ പുറഞ്ഞെടുക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ലോറി പിന്നോട്ടെടുത്ത് കാർ വേർപെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് സമീപവാസിയായ ബി. മുസ്തഫ പറഞ്ഞു. ഓടിക്കൂടിയവർ ഒത്തുചേർന്ന് ഡോർ തുറക്കാൻ ശ്രമിച്ചതും ഫലം കണ്ടില്ല.

നാലുവശവും വാതിലുകൾ ഉൾപ്പെടെ പൂർണമായും തകർന്നിരുന്നു. പുറത്തെടുക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായതോടെ, അര മണിക്കൂർ കഴിഞ്ഞ് പയ്യന്നൂരിൽ നിന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് കാറിന്റെ ബോഡി മുറിച്ചു നീക്കിയാണ് നാലുപേരെയും പുറത്തെടുതെന്ന് സമീപവാസിയായ എ.പി. അഷ്റഫ് പറഞ്ഞു.

ആദ്യം തിരിച്ചറിഞ്ഞത് പത്മകുമാറിനെ

അപകടത്തിൽ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചവരിൽ സുധാകരനെയും പത്മകുമാറിനെയുമാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇവരുടെ ആധാർ കാർഡുകൾ പഴ്സിൽ ഉണ്ടായിരുന്നതിനാലാണ് തിരിച്ചറിയാൻ സഹായകമായത്. രാത്രി 12.45ഓടെ ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയാണ് മറ്റുള്ളവരെ തിരിച്ചറിഞ്ഞത്.

Tags:
  • Spotlight