Saturday 08 August 2020 02:18 PM IST : By സ്വന്തം ലേഖകൻ

'37 ആള്‍ക്കാരേണ് ഈ കയ്യോണ്ട് രക്ഷപെട്ത്തീത്'; കൊണ്ടോട്ടിക്കാരേ നിങ്ങളെ എങ്ങനെയാണ് ചേര്‍ത്ത് പിടിക്കേണ്ടത്; കുറിപ്പ്

tara-fb

കോവിഡ് ഭീതിയും പെരുമഴയും അവഗണിച്ച് കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ പ്രദേശവാസികളെ മനസു നിറഞ്ഞ് അഭിനന്ദിക്കുകയാണ് ലോകം. ആംബുസന്‍സും അഗ്നിശമന സേനയും എത്തും മുന്നേ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ കൊണ്ടോട്ടിക്കാരുടെ നന്മയെക്കുറിച്ച് ഹൃദ്യമായ ഭാഷയിലൂടെ പങ്കുവയ്ക്കുകയാണ് താര താര ടോജോ അലക്‌സ്. ആംബുലന്‍സും സി ആര്‍പി എഫും എത്തുന്നതിനു മുന്നേ കിട്ടിയ വണ്ടിയില്‍ കൊണ്ടോട്ടിയിലെ ആശുപത്രികളിലേക്കും കോഴിക്കോട്ടേക്കും വണ്ടി ഓടിച്ച് പാഞ്ഞവരെ എങ്ങനെ അഭിനന്ദിച്ചാലും മതിയാകില്ല.

സീറ്റ് പൊളിച്ചും ഷീറ്റ് മാറ്റിയും അപകടത്തില്‍ പെട്ടവരെ പുറത്തെടുത്ത കൊണ്ടോട്ടിയിലെ ചെറുപ്പക്കാരെ എങ്ങനെയാണ് ചേര്‍ത്തു പിടിക്കേണ്ടതെന്ന് താര ചോദിക്കുന്നു. സ്വന്തം ജീവന്‍ അപകടത്തില്‍ ആയേക്കാവുന്ന കാലത്ത് കോരിച്ചൊരിയുന്ന മഴയില്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ എത്തും മുന്നേ അരയും തലയും മുറുക്കി ഇറങ്ങിയ കൊണ്ടോട്ടിക്കാര്‍ യഥാര്‍ത്ഥ മനുഷ്യ സ്‌നേഹികളാണെന്നും താര കുറിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

"ഞമ്മള് ഈ പരിസരത്ത് ഇള്ളതാണ്. വിമാനം കൊറേ നേരിയി എറങ്ങാൻ കയ്യാതെ പറക്ക്ണത് കണ്ടിരുന്നു. നല്ല മഴണ്ടേനി. പിന്നെ വല്ല്യൊരു സൗണ്ട് കേട്ടു. ഇവിടെ എത്തുമ്പ കണ്ടത് ജീവിതത്തിൽ മറക്കാനാത്ത രംഗാണ്. ഒരു വിമാനം ചിന്നിച്ചിതറിക്കിറക്കുന്നു. ആ ഒരു സമയത്ത് ഞമ്മക്ക് കൊറോണ ഇല്ല, മാസ്ക് ഇല്ല, സാമൂഹിക അകലും ഇല്ല..
37 ആൾക്കാരെണ് ഈ കയ്യോണ്ട് രക്ഷപ്പെട്ത്തീത് "
- ഒരു കൊണ്ടൊട്ടിക്കാരൻ.

വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്മെൻ്റ് സോണിലാണ്.
രാത്രിയും മഴയും തണുപ്പും കൊരോണയും ജാതിയും മതവും രാഷ്ട്രീയവും ഒന്നും വകവയ്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ അവർ ഓടിയെത്തിയത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്ന് വന്ന വിമാനമാണ്. അതിൽ പലർക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവർ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ നിന്നു.
തകർന്ന വിമാനത്തിൽ പി പി ഇ കിറ്റും ഫെയ്സ് ഷെൽട്ടറും ധരിച്ചെത്തിയ പ്രവാസികളെ ആംബുലൻസിന് പോലും കാത്തു നിൽക്കാതെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാനും സംഭവിച്ചെതെന്തന്നറിയാതെ വാവിട്ട് കരയുന്ന പിഞ്ചു മക്കളെ മാറോട് ചേർത്ത് നിർത്തി ആശ്വസിപ്പിച്ച് രക്ഷകർത്താക്കളെ കണ്ടെത്തി സുരക്ഷിതമായി കൈകളിലേൽപ്പിക്കുകയും ചെയ്യുന്ന മലപ്പുറത്തെ നാട്ടുകാരുടെ ആ വലിയ മനസുണ്ടല്ലോ... മാനവികതയുടെ മനസ്സ്.

അതിനൊരു ബിഗ് സല്യൂട്ട്..

ആംബുലൻസും സി ആർപി എഫും എത്തുന്നതിനു മുന്നേ കിട്ടിയ വണ്ടിയിൽ കൊണ്ടോട്ടിയിലെ ആശുപത്രികളിലേക്കും കോഴിക്കോട്ടേക്കും വണ്ടി ഓടിച്ച് പാഞ്ഞവരെ എങ്ങനെ അഭിനന്ദിച്ചാലും മതിയാകില്ല.
സീറ്റ് പൊളിച്ചും ഷീറ്റ് മാറ്റിയും അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത ചെറുപ്പക്കാരേ.. നിങ്ങളെ എങ്ങനെയാണ് ചേർത്ത് പിടിക്കേണ്ടത് ?
സ്വന്തം ജീവൻ അപകടത്തിൽ ആയേക്കാവുന്ന കാലത്ത് കോരിച്ചൊരിയുന്ന മഴയിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ എത്തും മുന്നേ അരയും തലയും മുറുക്കി ഇറങ്ങിയ പ്രിയപ്പെട്ടവരെ... നിങ്ങള് എന്തൊരു മനുഷ്യരാണ്!!
ഒരു കോവിഡിനും നിങ്ങളുടെ സഹജീവി സ്നേഹത്തെ തോൽപ്പിക്കാനാവില്ല.
മലപ്പുറത്തെ എന്റെ സഹോദരങ്ങളെ ...
സ്നേഹം..

നിങ്ങളെ ഓർത്തു അഭിമാനം ❤️❤️

Tara Tojo Alex