Thursday 13 June 2019 12:53 PM IST : By സ്വന്തം ലേഖകൻ

'അയാൾക്ക് വധശിക്ഷ നൽകരുത്'; അഞ്ചു മക്കളെയും ക്രൂരമായി കൊന്ന മുൻ ഭർത്താവിനുവേണ്ടി കണ്ണീരണിഞ്ഞ് യുവതി!

carolina-rape-13

‘‘എന്റെ കുഞ്ഞുങ്ങളോട് അയാൾ കരുണ കാണിച്ചില്ല. പക്ഷേ, അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്..’’- അഞ്ച് മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് ഭാര്യ ആവശ്യപ്പെടുന്നത് കേട്ടപ്പോൾ സൗത്ത് കരോലിനയിലെ കോടതിമുറിയില്‍ ഉണ്ടായിരുന്നവർ അമ്പരന്നു. 

വിവാഹമോചനത്തിന് ശേഷം അമ്പർ കൈസറും തിമോത്തി ജോൺസും രണ്ടിടങ്ങളിലാണ് കഴിഞ്ഞിരുന്നത്. ഇരുവരുടെയും അഞ്ച് മക്കളും ജോൺസിനൊപ്പവും. 2014 ആഗസ്റ്റിലാണ് ജോൺസ് അഞ്ച് മക്കളെയും ക്രൂരമായി കൊലപ്പെടുത്തുന്നത്. സംഭവത്തിൽ ജോൺസ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, വധശിക്ഷയോ ജീവപര്യന്തം തടവോ ആകും വിധിക്കുക. 

വിവാഹമോചനത്തിന് ശേഷം മക്കളെ കാണാൻ പലപ്പോഴും ജോൺസ് അനുവദിച്ചിരുന്നില്ലെന്ന് കൈസർ പറയുന്നു. മക്കളെ അയാൾ‌ക്കൊപ്പം ജീവിക്കാൻ വിട്ടതിൽ ഇപ്പോൾ ഖേദിക്കുന്നു. അവരെ കാണാൻ പോകാതിരുന്നത് കൊണ്ട് എനിക്ക് അവരോട് സ്നേഹമില്ലെന്ന് അവർ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങൾ മരിച്ചതെങ്കിൽ, അതെനിക്ക് മരണതുല്യമാണ്''- കോടതിമുറിയിൽ കൈസർ പൊട്ടിക്കരഞ്ഞു. 

‘ജോൺസ് നല്ല അച്ഛനായിരുന്നു എന്നാണ് ഞാൻ കരുതിയത്. കംപ്യൂട്ടർ എഞ്ചിനിയർ ആയിരുന്നു ജോൺസ്, നല്ല ശമ്പളം. എന്നെ അയാൾ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ച് എന്നെ തല്ലുമായിരുന്നു, മുഖത്ത് തുപ്പിയിട്ടുണ്ട്. എന്നെ വെട്ടിമുറിച്ച് കഷണങ്ങളാക്കി പന്നികൾക്ക് നൽകുമെന്ന് പലപ്പോഴായി ഭീഷണിപ്പെടുത്തുമായിരുന്നു’ - കൈസർ പറഞ്ഞു. 

നരകതുല്യമായ ബാല്യകാലവും മാതാപിതാക്കളുടെ മാനസിക വൈകല്യവും ജോണിന്റെയും സമനില തെറ്റിച്ചതായി സാമൂഹ്യപ്രവർത്തകൻ കോടതിയെ അറിയിച്ചു. ജോണിന്റെ മുത്തശ്ശിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പന്ത്രണ്ടാം വയസ്സില്‍ അവർ ജോണിന്റെ അച്ഛന് ജന്മം നൽകി. ജോണിന്റെ അമ്മക്ക് ഷിസോഫ്രീനിയ എന്ന മാനസിക രോഗമായിരുന്നു. ജോണിന് മൂന്ന് വയസ്സുള്ളപ്പോൾ അവർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വർഷങ്ങളോളം അവരുടെ ജീവിതം അവിടെയായിരുന്നു. 

സ്വന്തം അച്ഛൻ‌ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ആചാരങ്ങളുടെ പേരിൽ ശുചിമുറിയിൽ ചത്ത കോഴിക്കൊപ്പം പൂട്ടിയിട്ടിരുന്നുവെന്നും ജോണിന്റെ അമ്മയുടെ ആശുപത്രിയിൽ നിന്ന് ലഭിച്ച രേഖകളിൽ‌ പറയുന്നു. മൂന്ന് തലമുറകളിലായി നടന്നുവന്ന പീഡനം, സ്വന്തം കുടുംബാഗങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമം, മർദനം, മയക്കുമരുന്ന്, വേശ്യാവൃത്തി, മക്കളോടുള്ള ക്രൂരത എന്നിവ ജോണിന്റെ മാനസികനിലയെയും ബാധിച്ചു. 

വിവാഹമോചനത്തിന് ശേഷമാണ് ജോൺ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങിയത് എന്നാണ് ജോണിന്റെ അഭിഭാഷകരുടെ വാദം. ഇരുവരും പിരിഞ്ഞതിന് ശേഷം ആറുവയസ്സുള്ള മകൻ മുൻ ഭാര്യയുമായി ഗൂഢാലോചന നടത്തി തന്നെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി സംശയിച്ചിരുന്നുവെന്ന് ജോൺസ് കോടതിയിൽ അറിയിച്ചു. ആ മകനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റ് മക്കളെ കൊല്ലാൻ ജോൺസ് തീരുമാനിച്ചത്. 

എട്ടുവയസ്സുകാരി മെറയെയും ഏഴുവയസ്സുള്ള ഏലിയാസിനെയും കഴുത്തുഞെരിച്ചും രണ്ടുവയസ്സുള്ള ഗബ്രിയേലിനെയും ഒരു വയസ്സുള്ള അബിഗെയ്‌ലിനെയും ബെൽറ്റ് കഴുത്തിൽ മുറുക്കിയുമാണ് ജോൺസ് കൊലപ്പെടുത്തിയത്. ഭാര്യ ഇനി മക്കളെ കാണാതിരിക്കാനാണ് ജോൺസ് കൊല നടത്തിയത് എന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

more...