Thursday 08 November 2018 04:04 PM IST : By സ്വന്തം ലേഖകൻ

ആഗ്രഹിച്ച പോലെ ലാപ്ടോപ്പ് കിട്ടി; വിദ്യാഭ്യാസ മന്ത്രിക്ക് ഇംഗ്ലീഷില്‍ സ്വന്തം പേരെഴുതി കാണിച്ച് കാർത്യായനിയമ്മ!

karthyayani-amma-laptop

തൊണ്ണൂറ്റിയേഴാം വയസിൽ നാലാം ക്ലാസ് പാസായ വിദ്യാർഥിയെ അഭിനന്ദിക്കാൻ നേരിട്ടെത്തി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഒപ്പം വിദ്യാർത്ഥി ആഗ്രഹിച്ച ഒരു സമ്മാനവും അദ്ദേഹം കയ്യിൽ കരുതിയിരുന്നു, ഒരു കിടിലൻ ലാപ്ടോപ്പ്! നൂറാം വയസിൽ പത്താം ക്ലാസ് പാസാവണം, ജോലി നേടണം, ഒപ്പം കംപ്യൂട്ടറും പഠിക്കണം എന്ന് ആഗ്രഹിച്ച കാർത്യായനി അമ്മയ്ക്കാണ് മന്ത്രിയുടെ വക ലാപ്പ്ടോപ്പ് സമ്മാനമായി ലഭിച്ചത്.

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന മാർക്ക് നേടിയാണ് കാർത്യായനിയമ്മ പരീക്ഷ പാസ്സായത്. കാർത്യായനിയമ്മയെ അനുമോദിക്കാൻ നടി മഞ്ജു വാരിയർ ഉൾപ്പെടെയുള്ള പ്രമുഖർ എത്തിയിരുന്നു. മഞ്ജു സിനിമയിലേക്ക് പോരുന്നോ എന്ന് ചോദിച്ചപ്പോഴാണ് കാർത്യായനിയമ്മ കംപ്യൂട്ടർ പഠിച്ചാൽ മതിയെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

മന്ത്രി നൽകിയ ലാപ്ടോപ്പ് കിട്ടിയ ഉടൻതന്നെ കാർത്യായനിയമ്മ ഇംഗ്ലീഷിൽ സ്വന്തം പേര് ടൈപ്പ് ചെയ്തു കാണിച്ചു. അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാർത്ത്യായനി അമ്മ പങ്കുവച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. വി മോഹൻകുമാർ, എസ്ഐഇടി ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.