കാസർകോട് തൃക്കരിപ്പൂരുകാർക്ക് ഫ്രാൻസ് ഇനി അന്യനാടല്ല. ഇടയിലക്കാട് സ്വദേശി രതീഷിന്റെ ഭാര്യവീട് ഫ്രാൻസിലാണ്. കടൽ കടന്നെത്തിയ വധുവിന്റെയും വിവാഹത്തിന്റെയും വിശേഷങ്ങൾ കാണാം.
മൂന്ന് വർഷം മുൻപ് ആയുർവേദ ചികിത്സയ്ക്കായാണ് ഫ്രാൻസിലെ നോസിയിൽ നിന്ന് മാറിയോൺ ഇടയിലക്കാട് എത്തിയത്. രതീഷ് അവിടെ ആയുർവേദ തെറാപ്പിസ്റ്റ്. പരിചയം പ്രണയമായി. ആദ്യം പ്രണയം തുറന്ന് പറഞ്ഞത് രതീഷ്. മാറിയോണിനും സമ്മതം.
ഭാഷയ്ക്കും ദേശത്തിനുമപ്പുറം സ്നേഹത്തിന് ഇരുകുടുംബങ്ങളും പച്ചക്കൊടി കാട്ടി. രതീഷിന്റെ ഫ്രഞ്ച് വിപ്ലവം സക്സസ്.
മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ് മാറിയോൺ. കുറച്ച് വാക്കുകളൊക്കെ പഠിച്ചു. മലയാളം പഠിക്കാൻ ഇത്തിരി പാടുപെടും. ദോശയാണ് മാറിയോണിന്റെ പ്രിയപ്പെട്ട ഭക്ഷണം. കേരളത്തിൽ തന്നെ തുടരാനാണ് താൽപര്യം. ഹിന്ദു മതാചാരപ്രകാരം ഭുവനേശ്വരി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.