Friday 21 June 2024 02:50 PM IST

‘ഒന്നര ലീറ്റർ ഫ്ലൂയിഡാണ് എന്റെ കുഞ്ഞിന്റെ ദേഹത്തു നിന്നും കുത്തിയെടുത്തത്’: കരൾ പിടയും വേദന: കരളായി നിന്നു അച്ഛൻ

Anjaly Anilkumar

Content Editor, Vanitha

kashi

‘‘കാശി... കാശിക്കുട്ടാ... അമ്മേടെ സ്വന്തം മുത്തേ...’’ അശ്വിനിയുടെ വിളി കേട്ടു കാശി ഉറക്കത്തിൽ ചിരിച്ചു. അടുത്ത വിളിയിൽ ഒന്നു തിരിഞ്ഞു കുഞ്ഞിക്കാലുകളും കൈകളും നിവ ർത്തി കണ്ണുകൾ മെല്ലെ തുറന്നു. അമ്മയെ കണ്ട സന്തോഷത്തിൽ, ശബ്ദമുണ്ടാക്കി ഇളകിച്ചിരിച്ചു കൊണ്ട് അമ്മയുടെ നേർക്കു കൈകളുയർത്തി. അശ്വിനി അവനെ എടുത്തു.

കുഞ്ഞിക്കണ്ണുകൾ മുറിക്കുള്ളിലാകെ പരതുന്നതു കണ്ടു സുജിത്തും കുഞ്ഞിന്‍റെ മുന്നിലെത്തി. അച്ഛനെ കണ്ടയുടൻ അവൻ ആ ചുമലിലേക്കു ചാടി.

‘‘ഇവനിപ്പോള്‍ ഒരു വയസ്സായി.’’ കുഞ്ഞിന്റെ നനുത്ത കവിളിൽ മുത്തം നൽകിക്കൊണ്ട് അശ്വിനി പറഞ്ഞു തുടങ്ങി. ‘‘ഒരു വർഷം എങ്ങനെ കടന്നു പോയെന്നറിയില്ല, ഇപ്പോൾ ഓർക്കുമ്പോൾ.’’ അശ്വിനിയുടെ വാക്കുകൾ മുറിഞ്ഞു. ഓർമകൾ ഒരു വർഷം പിന്നിലേക്കു നീങ്ങി.

ആറ്റിങ്ങൽ സ്വദേശികളായ സുജിത്തിനെയും അശ്വിനിയെയും വിവാഹത്തിന്റെ പുതു മോടി മാറുന്നതിനു മുൻപു തന്നെ ‘വിശേഷം തിരക്കലു’കാർ കുറേ വട്ടം ചുറ്റിച്ചതാണ്. മാസങ്ങള്‍ കഴിഞ്ഞതോെട കുത്തുവാക്കുകളും അടക്കിപ്പറച്ചിലുകളും തുടങ്ങി. സമ്മർദം എന്നതിനപ്പുറം ഇത്തരം വാക്കുകൾ ഭയമായി പടർന്നുകയറി, ‘ഈശ്വരാ... ഞങ്ങള്‍ക്കിനി കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യമില്ലേ...’

അതോടെ ചികിത്സ തേടാമെന്ന തീരുമാനത്തിലെത്തി. പല ഡോക്ടർമാരെയും മാറി മാറി കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും പ്രതീക്ഷ കൈവിടാതെ, പ്രാർഥനയോടെ കാത്തിരുന്നു.

അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അശ്വിനി ഗർഭിണിയായി. ഇടയ്ക്കിടെ ഉണ്ടായ രക്തസ്രാവം മൂലം ഡോക്ടർ പൂർണ വിശ്രമം നിർദേശിച്ചിരുന്നു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളുമായി 37 ആഴ്ചകൾ. ഒടുവിൽ അശ്വിനി ഒാമനത്തമുള്ള ആൺകുഞ്ഞിനു ജന്മം നൽകി. 2.28 കിലോഗ്രാം ഭാരം ഉണ്ടായിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങൾ മൂലം ഒരാഴ്ചയോളം കുഞ്ഞിനെ നവജാതശിശുക്കളെ പരിചരിക്കുന്ന െഎസിയുവില്‍ അഡ്മിറ്റ് ചെയ്തു.

ആ ദിവസങ്ങളിലാണു കുഞ്ഞിന്‍റെ മഞ്ഞ നി റം ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. നിറം കുറയുന്നില്ലെന്നു കണ്ടതോടെ കുഞ്ഞിനെ മറ്റൊരാശുപത്രിയിലേക്കു മാറ്റി. വിദഗ്ധനായ ഡോക്ട ർ നിർദേശിച്ച പരിശോധനകളെല്ലാം നടത്തി. ചി ലത് ആവർത്തിച്ചു.

ഒരാഴ്ച നീണ്ട ആശുപത്രിവാസം കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുമ്പോൾ ഡോക്ടര്‍ സുജിത്തിനോടു പറഞ്ഞു, ‘ലിവർ ബയോപ്സി അത്യാവശ്യമായി ചെയ്യണം.’ റിസൽറ്റ് വന്നപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നിയെങ്കിലും കൃത്യമായ നിഗമനത്തിലെത്താന്‍ സാധിച്ചില്ല.

വേദനകൾക്കിടയിലെ ചിരി

ആറു മാസം വരെ വളർച്ചയുടെ എല്ലാ നാഴികക്കല്ലുകളും കാശി പിന്നിട്ടുവെന്ന് അശ്വിനി പറയുന്നു. ‘‘ഞങ്ങളുടെ ശബ്ദം കേട്ടാൽ കൃത്യമായി ആ ദിശയിലേക്കു നോക്കും. ചേട്ടൻ വിളിച്ചാ ൽ കുടുകുടെ ചിരിക്കും. നാലു മാസം പൂർത്തിയായപ്പോൾ സംസാരിക്കാൻ ശ്രമം തുടങ്ങി.’’

പെട്ടെന്നൊരു ദിവസം കാശിയുടെ വയർ വീർക്കാൻ തുടങ്ങി. കളിയും ചിരിയുമെല്ലാം മെല്ലെ മെല്ലെ മാഞ്ഞു. അച്ഛന്റെയും അമ്മയുടെയും വിളികൾക്കു തളർന്ന നോട്ടങ്ങൾ മാത്രമായി മറുപടി. അതിനപ്പുറം ഒന്നും ചെയ്യാൻ സാധിക്കാതെ കാശി നിർത്താതെ കരഞ്ഞു. അമ്മയുടെ നെഞ്ചിന്റെ ചൂടുപറ്റി പ്രത്യേക രീതിയിൽ ഇരിക്കുമ്പോൾ അവൻ ശാന്തനാണ്. കട്ടിലിലേക്കു കിടത്തിയാൽ അപ്പോൾ അസ്വസ്ഥനാകും കരയും.

അശ്വിനിയുടെയും സുജിത്തിന്റെയും ജീവിതത്തിൽ നിഴൽ മെല്ലെ പടർന്നു കയറാന്‍ തുടങ്ങിയത് അന്നുമുതലാണ്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാൻ നഴ്സ് കൂടിയായ അശ്വിനിക്കു പെട്ടെന്നു സാധിച്ചു. എന്നാൽ തന്റെ കുഞ്ഞ് ഈ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നത് അവര്‍ക്കു ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.

kashi-2 കാശിയെ ഓമനിച്ച് അശ്വിനിയും സുജിത്തും

എന്തു ചെയ്യും? എവിടേക്കു കൊണ്ടുപോകും? ഏതു ഡോക്ടറെ കാണിക്കും എന്നൊക്കെയായിരുന്നു ചിന്ത. ഒ പ്പം ജോലി ചെയ്തിരുന്ന കൂട്ടുകാരിയാണു തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍ ടി.യു. ഷബീർ അലിയുെട പേര് നിർദേശിക്കുന്നത്.

‘‘പഴയ എല്ലാ റിപ്പോർട്ടുകളുമെടുത്ത് ആശുപത്രിയിലെത്തി. വീണ്ടും ചില ടെസ്റ്റുകൾ. ഒടുവിൽ പിത്താശയ നാളിയെ ബാധിക്കുന്ന ‘ബിലിയറി അട്രീസിയ’ എന്ന രോഗമാണു കുഞ്ഞിനെന്നു കണ്ടെത്തി. ഒന്നര ലീറ്റർ ഫ്ലൂയിഡാണ് ആദ്യ ദിവസം കുത്തിയെടുത്തത്. ഇതു ചെയ്തു കഴിയുമ്പോള്‍ അവന് അല്‍പം ആശ്വാസം കിട്ടും. നന്നായി ഉറങ്ങും. അത്യാവശ്യം ഭക്ഷണം കഴിക്കും. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വീണ്ടും അവസ്ഥ പഴയതുപോലെ ആ കും.’’ സുജിത്ത് പറയുന്നു.

കാശിയുെട ചികിത്സാ ആവശ്യങ്ങൾക്കായി സുജിത്തും അശ്വിനിയും കരിക്കകം ദേവി ക്ഷേത്രത്തിനടുത്തു വാടക വീട്ടിലേക്കു താമസം മാറി. മൂന്നു മാസം തികയുന്നതിനു മുൻപേ രോഗം കണ്ടെത്താൻ സാധിച്ചിരുന്നെങ്കില്‍ ചെറിയ ശസ്ത്രക്രിയയിലൂടെ താൽകാലിക പരിഹാരം നേടാമായിരുന്നു. അങ്ങനെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു കുറച്ചു സമയം നീട്ടിക്കിട്ടും. പക്ഷേ, കാശിക്കു ‘ബിലിയറി അട്രീസിയ’ ആണെന്നു നിർണയിക്കപ്പെടുന്നത് ആറുമാസം പ്രായമുള്ളപ്പോഴാണ്. ഇനിയെന്ത് എന്ന ആലോചനകളായി പിന്നീടുള്ള ദിവസങ്ങളിൽ. കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണു പരിഹാരം എ ന്നായിരുന്നു േഡാക്ടര്‍മാരുെട അഭിപ്രായം.

മുലകുടി മാറാത്ത കുഞ്ഞാണ്. അവന്‍ കയ്യും കാലുമിട്ടിളക്കി കളിക്കുമ്പോള്‍ നിറകണ്ണുകളോടെ അശ്വിനിയും സുജിത്തും അരികില്‍ നിന്നു. ഒൻപതാം മാസം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായിരുന്നു േഡാക്ടര്‍മാരുെട തീരുമാനം.

ഇതിനിടെ കൂനിന്മേല്‍ കുരുവെന്ന പോെല രണ്ടു പ്രതിസന്ധികള്‍ കൂടി. കുഞ്ഞിന്റെ ശരീരഭാരത്തിലുണ്ടായ ഗണ്യമായ കുറവായിരുന്നു അതില്‍ പ്രധാനം. കുഞ്ഞുമായി ചേർച്ചയുള്ള കരൾദാതാവിനെ കണ്ടെത്താൻ സാധിക്കാതിരുന്നത് അടുത്ത പ്രശ്നം. കുഞ്ഞിന്‍റെ ഭാരം വർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും കരൾരോഗം മൂർച്ഛിച്ചതോടെ അവയെല്ലാം വിഫലമായി.

ജീവൻ പകുത്തു നൽകി അച്ഛൻ

ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറാണെന്നു സുജിത്തും അശ്വിനിയും പറഞ്ഞതോെട എങ്ങനെയും കുഞ്ഞിന്റെ ജീവൻ രക്ഷിക്കും എന്നായി ഡോക്ടര്‍മാരുെട സംഘം. ഒ പോസിറ്റീവ് ആണു കാശിനാഥിന്റെ ബ്ലഡ് ഗ്രൂപ്. അശ്വിനിയും അതേ ഗ്രൂപ് ആയതുെകാണ്ട് അവരുെട കരള്‍ എടുക്കാമെന്നായിരുന്നു ആദ്യ ആലോചന. ‘‘പക്ഷേ, എന്റെ ഹൃദയത്തി ചെറിയൊരു പ്രശ്നമുണ്ടായിരുന്നു.’’ വാക്കുകളില്‍ വേദനയോടെ അശ്വിനി ഒാര്‍ക്കുന്നു.

‘‘എക്കോയിൽ വേരിയേഷൻ കണ്ടതോടെ എന്നെ ഒഴിവാക്കി. കരൾ നൽകാമെന്നുറപ്പു പറഞ്ഞ ചിലർ അവസാന നിമിഷം പിന്മാറി. മൃതസഞ്ജീവനിയിലുൾപ്പെടെ റജിസ്‌റ്റർ ചെയ്തിട്ടും ഫലമുണ്ടായില്ല. വീണ്ടും ആശങ്കയുെട നാളുകൾ.’’ കാശിയുടെ അവസ്ഥ കണ്ടു ഡോക്ടർമാര്‍ മറ്റൊരു സാധ്യത മുന്നോട്ടു വച്ചു. ‘നോൺ കംപാറ്റിബിൾ ബ്ലഡ് ഗ്രൂപ് ട്രാൻസ്പ്ലാന്റ് നടത്തുക’ അതായത് കാശിയുെട ബ്ലഡ് ഗ്രൂപ്പായ ഒ പോസിറ്റീവ് അല്ലാത്ത ഒരാളില്‍ നിന്നു കരള്‍ സ്വീകരിക്കുക.

അച്ഛന്‍ അരികില്‍, തുണയായ്

മങ്ങിത്തുടങ്ങിയ പ്രതീക്ഷയുടെ തിരികൾ വീണ്ടും പ്രകാശിക്കാൻ തുടങ്ങി. അച്ഛന്‍ സുജിത്തിന്‍റെ കരള്‍ ഉപയോഗിക്കാനായിരുന്നു തീരുമാനം. പക്ഷേ, അതിനു മുൻപ് സുജിത്തിന്റെ ശരീരഭാരം കുറയ്ക്കുകയും ഫാറ്റ് നീക്കം ചെയ്യുകയും വേണം. പൊന്നോമനയ്ക്കു വേണ്ടി എന്തും ചെയ്യാൻ തയാറായിരുന്നു ഈ അച്ഛനും അമ്മയും.

ഡയറ്റും വ്യായാമവും ഒക്കെയായി സുജിത്ത് പത്തു കിലോ കുറച്ച്, ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി. പണം കണ്ടെത്തുന്നതും ഫ്രീലാൻസ് വിഡിയോ എഡിറ്ററായ സുജിത്തിനെ സംബന്ധിച്ചു ബുദ്ധിമുട്ടായിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ചെറിയൊരു തുക സമാഹരിച്ചു. വസ്തുവും സ്വർണവും വിറ്റു ബാക്കി കണ്ടെത്തി.

വാക്കുകളിലൂടെ ഒരിക്കൽപ്പോലും സുജിത്തും അശ്വിനിയും പരസ്പരം ആശ്വസിപ്പിക്കുകയോ പിന്തുണയ്ക്കു കയോ ചെയ്തില്ല. എന്നാൽ ജീവിതത്തിലെ ഓരോ നിമിഷവും അവർ നിശബ്ദമായി താങ്ങും തണലുമായി.

‘‘ആവശ്യത്തിലധികം സങ്കടങ്ങൾ ഉള്ളതു കൊണ്ടാകും അങ്ങോട്ടുമിങ്ങോട്ടും ഞങ്ങൾ ഒന്നിനേക്കുറിച്ചും സംസാരിച്ചില്ല. സർജറിയുടെ അന്ന് അശ്വിനി ഭയങ്കര ഇമോഷനലായി.’’ സുജിത്ത് അശ്വിനിയെ ചേർത്തു പിടിച്ചു പറഞ്ഞു. ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള, എന്നാൽ ഓർത്തെടുക്കുമ്പോൾ മനസ്സു പിടയുന്ന ആ ദിവസത്തിലേക്ക് അശ്വിനി തിരിഞ്ഞു നോക്കി.

‘‘സമ്മതപത്രം ഒപ്പിട്ടു നൽകിയ നിമിഷം ഇന്നും നീറുന്ന ഓർമയാണ്. തൊഴുകയ്യോടെയാണു ഞാൻ ഓപ്പറേഷൻ തിയറ്ററിനു മുന്നിൽ കാത്തിരുന്നത്. ഈ ജീവിതത്തിൽ എ ന്റേതു മാത്രമായ രണ്ടുപേരല്ലേ ഒരേ സമയം ശസ്ത്രക്രിയയിലൂടെ കടന്നു പോകുന്നത്. 12 മണിക്കൂറെടുത്തു കുഞ്ഞിന്റെ ഓപ്പറേഷൻ. ഏട്ടന്റേത് എട്ടു മണിക്കൂറും.

കുടുംബവും സുഹൃത്തുക്കളും തോളോടുതോൾ ചേർന്നു നിന്നു ധൈര്യം തന്നു. അടുത്ത ദിവസം ചേട്ടനെയും കുഞ്ഞിനെയും കണ്ട്, കുഞ്ഞിനു പാലും കൊടുത്തു കഴിഞ്ഞപ്പോഴാണ് എനിക്ക് ജീവൻ തിരികെ കിട്ടിയത്. ഇപ്പോൾ മൂന്നു മാസം കഴിഞ്ഞു. കാശി മിടുക്കനായി തുടങ്ങി.’’ഏറെ നാളുകളായി അനുഭവിച്ചുകൊണ്ടിരുന്ന വേദനകൾ നീങ്ങി സുജിത്തിന്റെയും അശ്വിനിയുടെയും കരിക്കകത്തെ വാടക വീട്ടിൽ വീണ്ടും കളിചിരികൾ ഉയരുകയാണ്.

ഒരു വർഷത്തോളമായി അനുഭവിച്ച വേദനകൾക്ക് ഈ കുടുംബം ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. ഇനി ഇതു സ്വർഗരാജ്യം. അച്ഛൻ പകുത്തു നൽകിയ കരളുമായി, അമ്മയുടെ മടിയിലിരുന്ന് കാശിനാഥ് പുഞ്ചിരിക്കുകയാണ്...

അഞ്ജലി അനിൽകുമാർ

ഫോട്ടോ: സുഭാഷ് കുമാരപുരം