Tuesday 02 November 2021 03:50 PM IST : By സ്വന്തം ലേഖകൻ

ഓടയിൽ വീണു മരിച്ച 10 വയസുകാരൻ, സ്ലാബിൽ തലയിടിച്ച് മരിച്ച കാൽനട യാത്രക്കാരൻ: ഇനിയും പഠിച്ചില്ലേ അധികാരികൾ...

road-accident

പൊട്ടിപൊളിഞ്ഞ റോഡുകൾ, വാ പിളർന്ന് വിഴുങ്ങാൻ പാകത്തിൽ പതിയിരിക്കുന്ന ആൾനൂഴി (മാൻഹോള്‍) ചെളിയിൽ കുഴഞ്ഞ് ചതുപ്പു പോലെയായ റോഡുവക്കിലെ കുഴികൾ...

ധൈര്യസമേതം നിരത്തിലിറങ്ങാമെന്ന അമിത ആത്മവിശ്വാസമൊന്നും വേണ്ട. മഴയിൽ മുങ്ങിയ കേരളത്തിന്റെ നിരത്തുകൾ മേൽ‌പ്പറഞ്ഞതിൽ ഏതെങ്കിലുമൊന്ന് നിങ്ങൾക്കായി ‘കാത്തുവച്ചിട്ടുണ്ടാകും.’ അത്രയ്ക്കുണ്ട് നമ്മുടെ റോഡുകളുടെ ശോചനീയാവസ്ഥ. ഗതാഗത വകുപ്പ് ഏറ്റെടുത്ത പി.എ മുഹമ്മദ് റിയാസ് കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കൃത്യമായ ആക്ഷൻ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു. കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള ശോചനീയാവസ്ഥയിലുള്ള റോഡുകളുടെ കണക്ക് പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടാണ് അദ്ദേഹം തിട്ടപ്പെടുത്തിയതും. പക്ഷേ എത്ര റോഡുകള്‍ക്ക് കഷ്ടകാലം മാറിക്കിട്ടിയെന്ന ചോദ്യം ബാക്കി. റോഡുവക്കിലെ കുഴിയിൽ വീണുണ്ടായ അപകട കണക്കുകളും ഓടയിലും കുഴിയിലും വീണുണ്ടായ മരണ കണക്കുകളും ഇപ്പോഴും നമുക്ക് മുന്നിലുണ്ട്.

തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ച സംഭവമാണ് ഒടുവിലത്തേത്. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരിച്ചത്. കുട്ടിയുടെ അച്ഛൻ പാല്‍ വാങ്ങുന്നതിനായി പുറത്തേക്ക് പോയിരുന്നു. ഇതിന് പിന്നാലെ കുട്ടിയും ഗേറ്റ് തുറന്ന് പുറത്തേക്ക് പോവുകയായിരുന്നു. തുടർന്ന് വീടിന് മുന്നിലുള്ള തോട്ടിലേക്ക് കുട്ടി വീഴുകയായിരുന്നുവെന്നാണ് വിവരം. ഒരു മണിക്കൂറോളം നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റ‍ർ അകലെയുള്ള കുളത്തിന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. അപകടം നടന്ന പാതിരിപ്പള്ളിയിലെ കൊടൈപാർക്ക് ലൈനിൽ മഴ പെയ്താൻ ഓടയും റോഡും തമ്മിൽ തിരിച്ചറിയാനാവാത്ത അവസ്ഥയാണെ എന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം നിറഞ്ഞൊഴുകുന്ന ഇവിടെ ഓട സ്ലാബ് ഇട്ട് മൂടാനും അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല.

കോഴിക്കോട് പാലാഴിയിൽ മധ്യവയസ്‌കൻ ഓടയിൽ വീണ് മരിച്ചതാണ് മറ്റൊരു സംഭവം. പാലാഴി സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. കോഴിക്കോട് പാലാഴി പുഴമ്പ്രം റോഡിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓടയ്‌ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. സമീപപ്രദേശത്ത് തന്നെ താമസിക്കുന്ന കൈപ്രം ശശീന്ദ്രന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. അമ്പത്തിയെട്ടുകാരനായ ശശീന്ദ്രനെന്ന ശശി ഓട്ടോ ഡ്രൈവറായിരുന്നു.

ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണ് പരുക്കേറ്റുള്ള രണ്ടാമത്തെ മരണമാണിത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓട സ്ലാബിട്ട് മൂടാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

തൊടുപുഴയിൽ കാല്‍വഴുതി ഓടയിലേയ്ക്ക് വീണ വയോധികന്‍ സ്ലാബിന്റെ വക്കില്‍ തലയിടിച്ച് മരിച്ച സംഭവവും അധികൃതരുടെ അനാസ്ഥയെ തുടർന്നുള്ള ദുരന്തങ്ങളുടെ ലിസ്റ്റിലുണ്ട്. ഇളംദേശം കണ്ടര്‍മഠത്തില്‍ ബഷീറാണ് മരിച്ചത്. സമീപത്തെ ഹോട്ടലില്‍ നിന്ന് പാഴ്‌സലായി ഭക്ഷണം വാങ്ങി കഴിച്ച ശേഷം വേസ്റ്റ് കളയാനായി ശ്രമിക്കുന്നതിനിടെ ബഷീറിന്റെ കൈവശം ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ ഓടയില്‍ വീണു. ഇത് കുനിഞ്ഞ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി ഓടയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വീഴ്ചയില്‍ ഓടയുടെ പൊട്ടിപൊളിഞ്ഞ സ്ലാബിന്റെ വാര്‍ക്ക കമ്പിയില്‍ തലയിടിച്ച് ഗുരുതരുമായി പരുക്കേറ്റു. സമീപത്തെ വ്യാപാരികളുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന് ഇടയാക്കിയ ഓടയുടെ സ്ലാബ് തകര്‍ന്നത് സംബന്ധിച്ച് വ്യാപാരികള്‍ പലതവണ പരാതിപ്പെട്ടിരുന്നെങ്കിലും സ്ലാബ് മാറ്റുവാന്‍ അധികൃതര്‍ തയാറായില്ലെന്നും ആരോപണമുണ്ട്.

ഓടയും റോഡും കുഴിയും വെവ്വേറെ തിരിച്ചറിയാൻ കഴിയാതെ നിരത്തിൽ ചക്രശ്വാസം വലിക്കുന്ന ജനങ്ങൾ ഇനിയെന്നാണ് ഒരു പരിഹാരമെന്നാണ് ചോദിക്കുന്നത്. പാഠം പഠിക്കാത്ത, പരസ്പരം പഴിചാരുന്ന അധികാരികൾക്ക് കണ്ണുതുറക്കാൻ ഇനിയും എത്ര ദുരന്തങ്ങൾ വേണമെന്നും ജനങ്ങൾ പൊറുതിമുട്ടി ചോദിക്കുന്നു.