Friday 14 December 2018 10:17 AM IST : By സ്വന്തം ലേഖകൻ

ഓർക്കുക, അവർ നിങ്ങളേയും തേടിയെത്തും; വീട്ടമ്മമാരിൽ നിന്ന് വൃക്കതട്ടാൻ മാഫിയ; ലക്ഷ്യം വയ്ക്കുന്നത് ഇവരെ

kidney

ഒല്ലൂർ ∙ കടബാധ്യതയിൽ പെടുന്ന വീട്ടമ്മമാരുടെ നിസ്സഹായത മുതലെടുത്ത് വൃക്ക മാഫിയ. തൃശൂർ കൊഴുക്കുള്ളിയിൽ മാത്രം രണ്ടുവർഷത്തിനിടെ വൃക്ക മാഫിയ വൃക്കയെടുത്തത് നാലു വീട്ടമ്മമാരിൽ നിന്ന്. തട്ടിപ്പിനിരയാകുന്നത് നിർധന കുടുംബങ്ങളിലെ സ്ത്രീകൾ.

ലഘു വായ്പാ പദ്ധതിയെടുക്കുന്ന കുടുംബശ്രീ അയൽക്കൂട്ട സംഘങ്ങളിലെ വീട്ടമ്മമാരെയാണു സംഘം ചൂഷണം ചെയ്യുന്നത്. സ്ത്രീകൾ പരസ്പരം ജാമ്യം നിന്ന് മൂന്നും നാലും ഏജൻസികളിൽ നിന്നു വായ്പയെടുക്കുകയാണു പതിവ്. കാലാവധി പൂർത്തിയായിട്ടും പണം തിരിച്ചടയ്ക്കാതെ വരികയും കടക്കെണിയിൽ പെടുകയും ചെയ്യുമ്പോഴാണ് വൃക്ക മാഫിയ ഏജന്റ് എത്തുക.

കടം വീട്ടാനും മറ്റ് അത്യാവശ്യങ്ങൾക്കുമായി എട്ടുലക്ഷം രൂപ നൽകാമെന്നാണു വാഗ്ദാനം. പകരം വൃക്ക നൽകണം.ഇതോടെ സാമ്പത്തിക പ്രശ്നങ്ങൾ തീരുമെന്നു വിശ്വസിപ്പിക്കുകയും ചെയ്യും. സമ്മതം അറിയിച്ചു കഴിഞ്ഞാൽ പിന്നെ കുറെ രേഖകളിൽ ഒപ്പിടുവിക്കും. മുൻ നിശ്ചയപ്രകാരം ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ വൃക്ക എടുക്കും. അതിനു ശേഷമാണ് പണം കൈമാറുക.

ഈ വൃക്ക പിന്നെ ആർക്കാണ് നൽകുന്നതെന്നോ , എന്താണ് പിന്നീട് സംഭവിക്കുന്നതെന്നോ ഇവർ അറിയുന്നില്ല. ഏജന്റ് ഇരട്ടിവിലയ്ക്കുവരെ വിൽക്കുകയും ചെയ്യും.തൃശൂരിലെ കിഡ്നി കെയർ ഫൗണ്ടേഷൻ നടത്തിയ അന്വേഷണത്തിലാണ് കൊഴുക്കുള്ളിയിലെ വീട്ടമ്മമാരെക്കുറിച്ചു വിവരം ലഭിക്കുന്നത്. ആറുമാസം മുൻപും ഒരു വീട്ടമ്മ വൃക്ക വിറ്റതായാണു വിവരം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നതെന്നും വീട്ടമ്മമാർ പറയുന്നു.

More