Thursday 07 October 2021 11:49 AM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന് മുന്നിൽ വൈകല്യം കീഴടങ്ങി എന്ന ക്ലീഷേ വേണ്ട, ഇത് രണ്ട് മനസുകളുടെ പൊരുത്തം: ഹൃദ്യമായ കുറിപ്പ്

fathima-asla-shafi

പണവും പ്രതാപവും അഴകും നോക്കി ഇണയെ തേടുന്നവരുടെ ലോകത്ത് വേറിട്ട മാതൃകയാണ് ഡോ. ഫാത്തിമ അസ്‍ലയും അവളുടെ പ്രിയപ്പെട്ടവൻ ഫിറോസ് നെടിയത്തും. എല്ലുകൾ നുറുങ്ങുന്ന വേദനയിലും ജീവിതസ്വപ്നങ്ങൾ നേടിയെടുത്തവളെ ചക്ര കസേര മഹറായി നൽകി ജീവിതപ്പാതിയാക്കി ഫിറോസ്. വെറും സഹതാപത്തിന്റെയല്ല, രണ്ട് രണ്ട് ജന്മങ്ങളുടെ പരസ്പരപൊരുത്തത്തിന്റെ കൂടിച്ചേരലാണ് ഈ നിക്കാഹെന്ന് ഓർമ്മിപ്പിക്കുകയാണ് കെ.എം ഷാഫി. അവളോടുള്ള അവന്റെ സഹതാപം, പ്രണയത്തിന് മുമ്പിൽ വൈകല്യം കീഴടങ്ങി തുടങ്ങിയ പതിവു ക്ലീഷേകൾ മാറ്റിനിർത്തിയാല്‍ രണ്ട് മനസുകൾ തമ്മിലെ തിരിച്ചറിവിന്റെ ഇഴചേർക്കപ്പെടലാണിതെന്നും ഷാഫി കുറിക്കുന്നു. ഫെയ്സ്ബുക്കിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

നേരിട്ടറിയാത്ത രണ്ട് പേർ തമ്മിൽ കല്യാണം കഴിക്കുമ്പോൾ എന്താണിത്ര സന്തോഷമെന്ന് ഞാനെന്നോട് തന്നെ ഒരുപാട് വട്ടം ചോദിച്ചു. ഒടുക്കം ഉത്തരം കിട്ടി, രണ്ട് കാര്യങ്ങൾ കൊണ്ട് ഭൂമിയിലിന്നോളം നടന്ന കല്യാണങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇവർ തമ്മിലുള്ള കല്യാണം...

ഒന്ന് നിക്കാഹിന് ചെക്കൻ മഹാറായി പെണ്ണിന് കൊടുത്തത് ചക്രക്കസേരയാണെന്നത്...

മഹറായി ഖുർആൻ കൊടുത്തവരുണ്ട്, ഇന്ത്യൻ ഭരണഘടന കൊടുത്തവരുണ്ട്, ആനയും, കുതിരയും, ഓട്ടോറിക്ഷ വരേ കൊടുത്തവരുണ്ട് പക്ഷെ ഇദാദ്യമാണ്, ചക്രക്കസേര കൊടുത്തു എന്നതിലല്ല മറിച്ച് നഷ്ടസ്വപ്നങ്ങൾക്ക് മേലുരുളുന്ന പ്രതീക്ഷയുടെ പ്രതീകമാണ് അതെന്ന് തിരിച്ചറിഞ്ഞുള്ള കൊടുക്കലും, വാങ്ങലുമാണതിനെ മഹത്വവൽക്കരിക്കുന്നത്...

രണ്ട് പൂർണ്ണനെന്ന് നമ്മൾ വിശ്വസിക്കുന്ന ഒരാൺകുട്ടി വൈകല്യമുള്ളവളെന്ന് (മനസിന് തീരെ വൈകല്യമില്ലാത്തത്തവർ )മുദ്രകുത്തിയ ഒരു പെൺകുട്ടിയെ വരണമാല്യം ചാർത്തുന്ന നിമിഷത്തിന്റെ ധന്യത........

അതിനെ വർണ്ണിക്കാൻ ചിലരുഉപയോഗിക്കുന്ന വാക്കുകൾ കൊണ്ട് നമ്മൾക്കതിനെ മറിച്ചിടാം...,

അവളോടുള്ള അവന്റെ സഹതാപം, പ്രണയത്തിന് മുമ്പിൽ വൈകല്യം കീഴടങ്ങി, എന്ന് തുടങ്ങുന്ന ക്ളീഷേ വർണ്ണനകൾക്കപ്പുറം രണ്ട് ജന്മങ്ങളുടെ പരസ്പരപൊരുത്തത്തിന്റെ, രണ്ട് മനസുകൾ തമ്മിലെ തിരിച്ചറിവിന്റെ ഇഴചേർക്കപ്പെടലാണിത്.....

അങ്ങിനെ വിളിക്കപ്പെടാത്ത കല്യാണത്തിന്, എന്തിനേറെ ഇന്നോളം നേരിൽ കണ്ടിട്ട് പോലുമില്ലാത്ത രണ്ടുപേരുടെ ചേരുംപടി ചേർക്കലിന് ഒരായിരം മംഗളാശംസകൾ....