വിർജീനിയ വുൾഫിന്റെ പ്രശസ്തമായ ഒരു സങ്കൽപമുണ്ട്. സ്ത്രീക്ക് ക്രിയേറ്റീവായി ജീവിക്കാൻ വേണ്ടതു രണ്ടു കാര്യങ്ങളാണ്, സമ്പാദ്യവും സ്വന്തമായൊരു മുറിയും. ഇതു രണ്ടും ഉണ്ടായിട്ടും കൊച്ചുത്രേസ്യ കൈപ്പള്ളിൽ എന്ന കാർത്തികപ്പള്ളിക്കാരി ആദ്യപുസ്തകം പ്രസിദ്ധീകരിച്ചത് അറുപത്തൊൻപതാം വയസ്സിലാണ്.
നാലു പതിറ്റാണ്ടോളം മലയാളം അധ്യാപികയായിരുന്ന കൊച്ചുത്രേസ്യ ടീച്ചർ വിശ്രമജീവിതത്തിലേക്കു കടന്ന കാലത്താണു ശൈവസിദ്ധാന്തത്തിന്റെ ആത്മീയാനുഭൂതികളോട് അടുത്തത്. മലയാളത്തിലും സംസ്കൃതത്തിലും ഇംഗ്ലിഷിലും ബിരുദാനന്തര ബിരുദമുള്ള ടീച്ചർക്ക് എഴുത്തും സാഹിത്യവും അത്ര അകലെയൊന്നുമല്ല. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലെ 100 ശ്ലോകങ്ങൾ വ്യാഖ്യാനിക്കാൻ കൊച്ചുത്രേസ്യ ടീച്ചറിനു മൂന്നു മാസമേ വേണ്ടി വന്നുള്ളൂ. ടീച്ചറിന്റെ മതാതീത ആത്മീയതയ്ക്കും ശുദ്ധമായ ഈശ്വരാന്വേഷണത്തിനും പ്രോത്സാഹനമേകി കുടുംബം കൂടെ നിന്നപ്പോൾ ഇക്കഴിഞ്ഞ ജൂലൈയിൽ പുസ്തകം പുറത്തിറങ്ങി. രണ്ടു പുസ്തകങ്ങളുടെ കൂടി പണി പൂർത്തിയാക്കുന്ന തിരക്കിനിടെ എഴുത്തിലെ ആനന്ദലഹരികളെ കുറിച്ചു കൊച്ചുത്രേസ്യ ടീച്ചർ സംസാരിച്ചു.
കോട്ടയത്തെ ബാല്യം
കൊച്ചുത്രേസ്യ ടീച്ചറിന്റെ സ്വന്തം നാടു കോട്ടയമാണ്. മാന്നാനത്തെ മടത്തേട്ടു വീട്ടിൽ മറിയാമ്മയുടെയും തോമസിന്റെയും ആറു മക്കളിൽ നാലാമത്തെയാൾ. ‘‘ആർപ്പൂക്കര വില്ലൂന്നി സെന്റ് ഫിലോമിനാസ് സ്കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്. തിരുവനന്തപുരം ഒാൾ സെയിന്റ്സ് കോളജിൽ നിന്നു സ്പെഷൽ ഇംഗ്ലിഷ് ഗ്രൂപ്പിൽ പ്രീഡിഗ്രി പാസ്സായി. പിന്നെ, ഗവ. വിമെൻസ് കോളജിൽ മലയാളം ഡിഗ്രിക്കു ചേ ർന്നു. സ്കൂളിൽ മലയാളം പഠിപ്പിച്ച മേരിക്കുട്ടി ടീച്ചറിനോടുള്ള ഇഷ്ടമാണ് അതിനു പിന്നിൽ. അവിടെയും ഹൃദയത്തിൽ മലയാളത്തിന്റെ ചൈതന്യം നിറച്ചു തന്ന ഒരു അധ്യാപികയുണ്ടായിരുന്നു. പ്രശസ്ത സാഹിത്യവിമർശകൻ എസ്. ഗുപ്തൻ നായർ സാറിന്റെ മ കൾ ലക്ഷ്മി ടീച്ചർ.
കാര്യവട്ടം ക്യാംപസിൽ നിന്നു പിജിയും ഗവ. ട്രെയ്നിങ് കോളജിൽ നിന്നു ബിഎഡും പാസ്സായ പിറകേ അമ്പലപ്പുഴ ഗവ. ഹൈസ്കൂളിൽ അധ്യാപികയായി ജോലി കിട്ടി. ആ കാലത്താണു വിവാഹം. കാർത്തികപ്പള്ളിക്കാരനായ ജോസഫിനു കൃഷിയും കച്ചവടവുമൊക്കെയായിരുന്നു.
രണ്ടു മക്കളും സ്കൂളിൽ പോയി തുടങ്ങിയ കാലത്താണു ഭർത്താവിനോട് ആ മോഹം പറഞ്ഞത്, ഇനിയും പഠിക്കണം. കായംകുളം ബോയ്സ് ഹെസ്കൂളിൽ ജോലി ചെയ്യുന്ന സമയത്തു തന്നെ പ്രൈവറ്റായി സംസ്കൃതം പിജിക്കു ചേർന്നു. യൂണിവേഴ്സിറ്റി കോളജിൽ നിന്നു സംസ്കൃതം പ്രഫസറായി റിട്ടയർ ചെയ്ത ശ്രീധരൻ പോറ്റി സാർ തൊട്ടടുത്താണു താമസിക്കുന്നത്. അവധി ദിവസങ്ങളിൽ അദ്ദേഹത്തിന്റെയടുത്തു പോയി സംശയങ്ങൾ തീർക്കും.
പഠനമാണു രസം
ആദ്യ ശ്രമത്തിൽ തന്നെ പാസ്സായപ്പോൾ അടുത്ത മോഹം ഇംഗ്ലിഷിലായി. കെഎസ്ആർ, കെഇആർ, ട്രഷറി കോഡ് എന്നിങ്ങനെ ഡിപ്പാർട്മെന്റ് ടെസ്റ്റുകൾ പാസ്സായി. അങ്ങനെ നങ്ങ്യാർകുളങ്ങര യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ്സായി നിയമനം കിട്ടി. ആ സമയത്താണു കേരള യൂണിവേഴ്സിറ്റിയിൽ വിദൂരപഠനമായി ഇംഗ്ലിഷ് പിജിക്കു ചേർന്നത്. സ്റ്റഡി മെറ്റീരിയൽസ് വച്ചു തനിയെ പഠിച്ചാണു പാസ്സായത്.
മക്കൾ നാലിലും ഏഴിലും പഠിക്കുകയാണ്. അവർ പ ത്താം ക്ലാസ് പാസ്സാകും മുൻപ് എംഎഡ് കൂടി എടുക്കണമെന്നു മോഹം. അതുപക്ഷേ, വിദൂരപഠനമായി നടക്കില്ല. അങ്ങനെ ലീവെടുത്തു. കോട്ടയത്തുള്ള ചേച്ചിയുടെ ഒപ്പം താമസിച്ചാണ് എംജി യൂണിവേഴ്സിറ്റിയിൽ റെഗുലറായി എംഎഡിനു പഠിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴയിലേക്കു പോകും, തിങ്കളാഴ്ച വെളുപ്പിനുണർന്നു കോട്ടയത്തേക്കുള്ള ബസ് പിടിക്കും. വീട്ടിലെ കാര്യവും മക്കളുടെ പഠിത്തവും എന്റെ പഠനവുമെല്ലാം ഒന്നിച്ചു കൊണ്ടുപോകാൻ പിന്തുണച്ചത് ഭർത്താവിന്റെ അമ്മ അച്ചാമ്മയാണ്.
ഹൈസ്കൂൾ അധ്യാപകരിൽ നിന്ന് അധിക യോഗ്യതയുള്ളവരെ ഹയർ സെക്കൻഡറിയിൽ നിയമിക്കാമെന്ന സർക്കാർ ഉത്തരവു വഴി പ്ലസ്ടു അധ്യാപികയുമായി.
എഴുത്തിന്റെ വഴി
സ്കൂളിൽ പഠിക്കുന്ന കാലത്തേ കവിതകളോടു വലിയ ഇഷ്ടമായിരുന്നു. സുഗതകുമാരി ടീച്ചയും ഒഎൻവി കുറുപ്പുമാണ് ഇഷ്ടപ്പെട്ട എഴുത്തുകാർ. ആഇഷ്ടം കൊണ്ടു കുറച്ചു കവിതകളുമെഴുതി. പ്രീഡിഗ്രി കാലത്ത് ഒന്നുരണ്ടെണ്ണം വാരികകളിലേക്ക് അയച്ചെങ്കിലും അച്ചടിച്ചു വന്നില്ല. മത്സരങ്ങൾക്ക് അയച്ചവയിൽ ചിലതിനു സമ്മാനമൊക്കെ കിട്ടിയെങ്കിലും പിന്നെ, ജോലിയിൽ മാത്രം മുഴുകി.
പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഹെഡ്മിസ്ട്രസ്സായി റിട്ടയർ ചെയ്തത് 2008ലാണ്. അതിനു പിറകേ നെയ്യാറ്റിൻകരയിലെ സ്വിസ് സെൻട്രൽ സ്കൂളിൽ പ്രിൻസിപ്പലായി ജോലിക്കു കയറി. 2016ലാണു പൂർണമായും വിശ്രമജീവിതത്തിലേക്കു കടന്നത്. ആ സമത്ത് പണ്ടെഴുതിവച്ച കവിതകളുടെ സമാഹാരം, നിങ്ങളുടെ പാട്ടുകൾ, എന്റേയും എന്ന പേരിൽ പുറത്തിറക്കാൻ ശ്രമം തുടങ്ങി.
പിന്നെയാണ് നോവലെഴുതുന്നതിനെ കുറിച്ച് ആലോചിച്ചത്. സോളമൻ രാജാവും എഫ്ര എന്ന ഇടയ പെൺകുട്ടിയും തമ്മിലുള്ള പ്രണയ കഥയ്ക്ക് ആ കാലവും രാജഭരണ ചരിത്രവുമെല്ലാമാണു പശ്ചാത്തലം. ഗീതങ്ങളുടെ ഗീതം എന്നു പേരിട്ടു പൂർത്തിയാക്കിയ നോവൽ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ആനന്ദമായി സംസ്കൃതം
ചങ്ങമ്പുഴ പാർക്കിലെ അക്ഷരശ്ലോകം സമിതിയുടെ വാട്സാപ് ഗ്രൂപ്പിൽ എല്ലാ ദിവസവും അക്ഷരശ്ലോകം ചൊല്ലാൻ അവസരമുണ്ട്. ആ അക്ഷരശ്ലോകങ്ങളിൽ സജീവമായി പങ്കെടുക്കുന്നതു വലിയ ഹരമായിരുന്നു. അതിനു പിന്നാലെ ദക്ഷിണകൈലാസം വാട്സാപ് കൂട്ടായ്മയിൽ ചേർന്നു. ശ്ലോകങ്ങളുടെ വ്യാഖ്യാനങ്ങളാണ് അതിൽ ഷെയർ ചെയ്യുക.
ആയിടയ്ക്കു സദ്ഗുരുവിന്റെ ഇന്നർ എൻജിനിയറിങ് കോഴ്സിൽ പങ്കെടുത്തു. ഒന്നുമില്ലായ്മയാണു ശിവൻ. പക്ഷേ, ശിവൻ തന്നെയാണ് ഈ പ്രപഞ്ചം. ആ സങ്കൽപത്തോടുള്ള ആരാധന കൊണ്ടാണു ശങ്കരാചാര്യരുടെ ശിവാനന്ദലഹരി വ്യാഖ്യാനം ചെയ്യണമെന്ന മോഹമുണ്ടായത്. ഉപനിഷത്തുക്കളും ഭഗവദ് ഗീതയും സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങളും പരമഹംസ യോഗാനന്ദയുടെ ഓട്ടോബയോഗ്രപി ഓഫ് എ യോഗിയുമൊക്കെ വായിച്ച് വേദാന്തസങ്കൽപങ്ങൾ ആഴത്തിൽ മനസ്സിലാക്കി. ഓഷോയുടെയും സദ്ഗുരുവിന്റെയും പുസ്തകങ്ങളും വായിച്ചു.
ശിവാനന്ദലഹരിയിൽ 100 ശ്ലോകങ്ങളുണ്ട്. ഓരോ ശ്ലോകം വീതം വ്യാഖ്യാനിച്ചു വിവരിക്കുന്ന ഓഡിയോ ദക്ഷിണകൈലാസം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താണു തുടക്കം. ആഴ്ചയിൽ രണ്ടു ശ്ലോകം വ്യാഖ്യാനിക്കും. മൂന്നു മാസം കൊണ്ട് 100 ശ്ലോകങ്ങളും പൂർത്തിയാക്കി. പിന്നെയാണ് പുസ്തകമാക്കാൻ തയാറെടുത്തത്. ഇക്കഴിഞ്ഞ ജൂലൈയിൽ കുരുക്ഷേത്ര പബ്ലിക്കേഷൻസ് പുസ്തകം പുറത്തിറക്കി. കവിതാസമാഹാരവും പബ്ലിഷ് ചെയ്തു.
സംസ്കൃത ഗ്രന്ഥങ്ങൾ തന്നെയാണു പിന്നെയും എഴുത്തിന് അടിത്തറയാക്കിയത്. അഷ്ടാവക്രസംഹിത ആദ്യം ഓഡിയോയായി ചെയ്തു തുടങ്ങിയതാണ്. പിന്നെ, പൂർണമായും എഴുത്തിലേക്കു മാറി. ആ വേദാന്തഗ്രന്ഥത്തിന്റെ വ്യാഖ്യാനവും ഏതാണ്ടു പൂർത്തിയായി. ഗീതങ്ങളുടെ ഗീതം, ഭാവസ്ഥിരാണി എന്നു പേരുമാറ്റി പ്രസിദ്ധീകരണത്തിനു തയാറാക്കിയിട്ടുണ്ട്. നാരായണീയം വ്യാഖ്യാനമാണ് അടുത്ത ലക്ഷ്യം.

കുടുംബമാണു ശക്തി
കാർത്തികപ്പള്ളിയിലെ വീട്ടിൽ നിന്നു കൊച്ചിയിലെ ഫ്ലാറ്റിലേക്കു വന്നത് ഭർത്താവിന്റെ കാൻസർ ചികിത്സയ്ക്കു വേണ്ടിയാണ്. ഇവിടെയും എഴുത്തു തന്നെയാണു കൂട്ട്. വിശ്വാസവും എഴുത്തും കൂട്ടിക്കുഴയ്ക്കില്ല. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയിൽ പോകും.
മക്കൾ രണ്ടുപേരും പഠനത്തിൽ മാത്രമല്ല, ജോലിയിലും മിടുക്കരായി. മൂത്തയാൾ അനൂപ് ആന്റണി ജോസഫ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങാണ് പഠിച്ചത്. അതിനുശേഷം ഡൽഹിയിൽ നിന്ന് ഇക്കണോമിക്സിൽ പിജി എടുത്തു. യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയും ആയിരുന്ന അനൂപും ഭാര്യ ഗരിമയും ഡൽഹിയിലാണ്.
ഇളയ മകൻ അനീഷ് തോമസ് ജോസഫ് മാത്‌സ് ബി രുദത്തിനു ശേഷം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനാണ് പഠിച്ചത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷൻ സൂപ്പർവൈസറാണ് അ നീഷ്. ഭാര്യ അശ്വിനി ഡെപ്യൂട്ടി സിസ്റ്ററായി ജോലി ചെയ്യുന്നു.
എഴുത്തിന്റെ വഴിയിലെ വലിയൊരു സന്തോഷം കൂടി ശിവാനന്ദലഹരിക്കു പിന്നാലെയെത്തി. അന്തരിച്ച മുൻ നിയമസഭാ സ്പീക്കർ ജി. കാർത്തികേയന്റെ ഭാര്യ എം.ടി. സുലേഖയും ഞാനും ഒന്നിച്ചു പഠിച്ചതാണ്. എന്റെ മറ്റൊരു സഹപാഠി ശ്രീകുമാരിയും സുലേഖയും കരമന എൻഎസ്എസ് കോളജിൽ പ്രഫസർമാരായിരുന്നു. ശ്രീകുമാരി പറഞ്ഞു ഞാൻ പുസ്കമെഴുതിയ വിവരം സുലേഖ അറിഞ്ഞു. ശിവാനന്ദലഹരി പ്രസിദ്ധീകരിച്ച പിറകേ തിരുവനന്തപുരത്തു നിന്നു സുലേഖ വിളിച്ചു, വർഷങ്ങൾക്കിപ്പുറം സൗഹൃദം ഹൃദയത്തിൽ വന്നു തൊട്ട നിമിഷം. ഇനിയുമെഴുതാൻ ഇതിലേറെ എന്തു പ്രചോദനമാണു വേണ്ടത്...’’
രൂപാ ദയാബ്ജി
ഫോട്ടോ : ഹരികൃഷ്ണൻ ജി.