Wednesday 29 November 2023 11:44 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ഫോൺ ഉപയോഗിച്ചാണോ ഈ കൊടുംപാതകം?’: ഉള്ളുനീറി ഗിരിജ: അബിഗേലിനെ വാരിപ്പുണരാൻ കൊതി

abigel-sara-girija (1)അബിഗേലിനെ തിരിച്ചു കിട്ടിയ വിവരം അറിഞ്ഞപ്പോൾ ഓയൂരിലെ വീട്ടിലുണ്ടായിരുന്ന അയൽവാസികൾ ഫോണിൽ ആശ്രാമം മൈതാനത്തെ ദൃശ്യങ്ങൾ കാണുന്നു (2)ഗിരിജയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു

അബിഗേൽ റെജിയെ കൊല്ലത്തെ പൊലീസ് ക്യാംപിലേക്കു കൊണ്ടു വന്നതറിഞ്ഞ് നാട്ടുകാരും മാധ്യമ പ്രവർത്തകരും അടങ്ങുന്ന വലിയ ജനക്കൂട്ടമാണ് ക്യാംപ് പരിസരത്തു തടിച്ചു കൂടിയത്. 28ന് ഉച്ചയ്ക്ക് 2ന് ആണ് കുട്ടിയെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് എആർ ക്യാംപിൽ എത്തിച്ചത്. മാധ്യമ പ്രവർത്തകരെ പോലും പൊലീസ് അകത്തേക്കു കയറ്റി വിട്ടില്ല. എഡിജിപി, ഐജി,ഡിഐജി, കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, കലക്ടർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ക്യാംപിൽ ഉണ്ടായിരുന്നു. അതിനിടെ കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യ പരിശോധനയും കൗൺസലിങ്ങും നടത്തി.

ക്യാംപിന് പുറത്ത് റോഡിലും ദേശീയപാതയ്ക്ക് അരികിലും മണിക്കൂറുകളോളം കാത്തു നിന്നവരിൽ ചിലർ നിരാശരായി മണിക്കൂറുകൾക്കു ശേഷം മടങ്ങിയെങ്കിലും വീണ്ടും കൂടുതൽ ജനം ഇവിടേക്ക് എത്തുകയായിരുന്നു. കുട്ടിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്ന് അറിഞ്ഞതോടെ കുറച്ചു പേർ അവിടേക്കും പോയി. എന്നാൽ വൈകിട്ട് 6.15ന് കുട്ടിയെ എആർ ക്യാംപിൽ നിന്നു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ക്യാംപിന് പുറത്തേക്ക് പൊലീസ് അകമ്പടിയോടെ സ്വകാര്യ കാറിൽ കുട്ടിയും രക്ഷിതാക്കളും ഉൾപ്പെടെ പുറത്തേക്ക് വന്നതോടെ കാത്തു നിന്ന ജനം ആർപ്പു വിളിച്ചു.

വിക്ടോറിയ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പിന്നീട് കലക്ടർ എൻ.ദേവിദാസ് സന്ദർശിച്ചു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, എൻ.കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ കെ.ബി ഗണേഷ്കുമാർ, എം.നൗഷാദ്, എം.മുകേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കശുവണ്ടി കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ, എഐസിസി അംഗം ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവർ കുട്ടിയെയും രക്ഷിതാക്കളെയും പൊലീസ് ക്യാംപിൽ ഉച്ചയ്ക്കു സന്ദർശിച്ചിരുന്നു.

‘ആ മോളെ ഒന്നു കാണണം; ഒരുമ്മ നൽകണം’

‘21 മണിക്കൂറിലേറെ തടവിൽ കഴിഞ്ഞ ശേഷം രക്ഷപ്പെട്ട അബിഗേൽ മോളെ ഒന്നു കാണണം; ഒരുമ്മ നൽകണം...’ ഗിരിജ പറഞ്ഞു. ‘എന്റെ ഫോൺ ഉപയോഗിച്ച് ഇത്തരം ഒരു കൊടുംപാതകം ചെയ്തത് ഓർക്കാൻ കഴിയുന്നില്ല. കുട്ടിയെ സുരക്ഷിതമായി കിട്ടിയെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്. കൊച്ചു കുഞ്ഞിനെ തട്ടിയെടുത്ത സംഘത്തെ പിടികൂടണം’– .

ജില്ലാ അതിർത്തിയിൽ പാരിപ്പള്ളി കിഴക്കനേല സ്കൂൾ ജംക്‌ഷനിൽ തട്ടുകട നടത്തുന്ന പുത്തൻ വീട്ടിൽ ഗിരിജ പറഞ്ഞു. ഇവരുടെ ഫോൺ തന്ത്രപൂർവം കൈക്കലാക്കിയാണു സംഘത്തിലെ സ്ത്രീ അബിഗേലിന്റെ മോചനത്തിനു പണം ആവശ്യപ്പെട്ടത്. എന്റെ ഫോണിലൂടെ കുട്ടിയുടെ അമ്മയെ തട്ടിപ്പു സംഘം വിളിച്ചതിനു പിന്നാലെ പാരിപ്പള്ളി പൊലീസ് വിളിച്ചു. രാത്രി പതിനൊന്നോടെ പൊലീസ് എത്തി രേഖാചിത്രം വരയ്ക്കുന്നതിനായി ഒപ്പം ചെല്ലാൻ നിർദേശിച്ചു.

തട്ടിപ്പു സംഘത്തിലെ പുരുഷൻ കടയിൽ എന്റെ മുന്നിൽ തന്നെ നിന്നതിനാൽ ആ രൂപം മനസ്സിലുണ്ടായിരുന്നു. അത് ആർട്ടിസ്റ്റിനു പറഞ്ഞു കൊടുത്തു. എന്നാൽ സ്ത്രീയുടെ രൂപം ഓർമ ഇല്ല. മുഖം ഷാൾ ഉപയോഗിച്ചു മൂടിയ നിലയിലായിരുന്നു. രേഖാചിത്രം പൂർത്തിയായ ശേഷം മൂന്നരയോടെയാണു വീട്ടിൽ എത്തിയത്.‘മകൾക്ക് എന്തെങ്കിലും വേണോയെന്ന് അറിയാൻ വീട്ടിലേക്കു വിളിക്കണമെന്നു പറഞ്ഞാണ് എന്റെ ഫോൺ വാങ്ങിയത്. നീ ഫോൺ എടുത്തില്ലേയെന്നു പുരുഷൻ സ്ത്രീയോടു ചോദിച്ചു. എടുക്കാൻ മറന്നു പോയെന്നു പറഞ്ഞു ഫോൺ വാങ്ങി കുറച്ചു ദൂരേക്ക് നടന്ന് ആരെയോ വിളിച്ചു. ഈ സമയം പുരുഷൻ കടയിൽ നിന്ന് ഓരോ സാധനങ്ങൾ ചോദിച്ചു ശ്രദ്ധ തിരിച്ചു. തേങ്ങയും ബിസ്കറ്റും വാങ്ങിയിരുന്നു.