Wednesday 28 July 2021 03:29 PM IST : By സ്വന്തം ലേഖകൻ

ശവശരീരം പകുതി മാത്രം ദഹിപ്പിക്കും, മനുഷ്യത്തല തീറ്റി പഞ്ഞം മാറാൻ: സ്വാമിയാടൽ വർഷങ്ങളായുള്ള ദുരാചാരം

tenkasi

ശവശരീരത്തിന്റെ തലഭക്ഷിക്കുന്ന ‘സ്വാമിയാടൽ’ എന്ന ആചാരം തെങ്കാശി ജില്ലയിലെ  പാവൂർസത്രം കല്ലാരണി ഗ്രാമത്തിൽ പതിറ്റാണ്ടുകളായി നടന്നുവരുന്നതെന്നു സൂചന. കുലദൈവത്തെ പ്രീതിപ്പെടുത്താനും ആടിമാസത്തിലെ (കർക്കടകം) പഞ്ഞത്തിൽ നിന്നു കരകയറ്റാനും വേണ്ടി നടത്തുന്ന ആചാരമാണ് വിവാദമായതോടെ പൊലീസ് നടപടികളിലേക്ക് എത്തിയത്.

ശക്തിമാടസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ശവശരീരത്തിന്റെ തല ഭക്ഷിക്കുന്ന വിഡിയോയാണ് നിയമനടപടികൾക്കു വഴിയൊരുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഉത്സവത്തോട് അനുബന്ധിച്ച് പൂജാരിമാർ വേട്ടയ്ക്കു പോയി തിരികെ എത്തിയപ്പോഴാണ് മനുഷ്യത്തല കൊണ്ടുവന്നത്. ഈ തല 4 പേരും ചേർന്നു ഭക്ഷിക്കുന്ന വിഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

ഉത്സവത്തിന്റെ ഭാഗമായി പൂജാരിമാർ വേട്ടയ്ക്കു പോകുന്ന ചടങ്ങുണ്ട്. തിരികെ വരുമ്പോൾ കൊണ്ടുവരുന്ന മനുഷ്യത്തല ഇവർ ചേർന്നു ഭക്ഷിക്കുന്നതാണ് ആചാരം . കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വർഷവും ഈ ചടങ്ങു നടക്കുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ ശ്മശാനത്തിൽ നിന്നാണു തല ലഭിച്ചതെന്നാണ് പിടിയിലായ പൂജാരിമാർ പൊലീസിനോടു പറഞ്ഞത്.

ക്ഷേത്രത്തിലെ ഉത്സവത്തിനു തൊട്ടു മുൻപ് ഈ ഗ്രാമത്തിലെ ആരെങ്കിലും മരിച്ചാൽ ഉത്സവത്തിനുള്ള സ്വാമിവേട്ടയ്ക്കായി പകുതി മാത്രമേ ദഹിപ്പിക്കുകയുള്ളൂ. ഈ മൃതദേഹത്തിൽ നിന്നുള്ള അവവയവങ്ങളാണ്  വേട്ടയ്ക്കു പോകുന്നവർ തിരികെയെത്തുമ്പോൾ കൊണ്ടു വരുന്നത്. കൊണ്ടുവരുന്ന അവയവങ്ങൾ ജനക്കൂട്ടത്തിന്റെ മുന്നിൽ നിന്നു ഭക്ഷിച്ചാണ് സ്വാമിയാട്ടം അവസാനിക്കുന്നത്. സംഭവം തമിഴ്നാട്ടിലാകെ ചർച്ചയായെങ്കിലും ഈ ഗ്രാമത്തിൽ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.

എല്ലാക്കൊല്ലവും നടന്നുവരുന്ന ആചാരത്തിൽ പൊലീസ് കൈകടത്തിയെന്ന പരാതി മാത്രമാണ് ഗ്രാമവാസികൾക്ക്.സ്വാമിയാടൽ നടത്തിയ 4 പൂജാരിമാരടക്കം 10 പേരെ പ്രതിയാക്കിയാണ് പാവൂർസത്രം പൊലീസ് കേസെടുത്തത്. പ്രതികളിൽ ചിലർ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ കസ്റ്റഡിയിൽവച്ചു തന്നെ ചോദ്യം ചെയ്തു കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.

More