Tuesday 30 June 2020 10:39 AM IST : By സ്വന്തം ലേഖകൻ

27 വർഷം ഗൾഫിൽ പെടാപ്പാട്, നാട്ടിൽ തുടങ്ങിയ ബിസിനസ് കൊണ്ട് ഒരു രൂപയുടെ പ്രയോജനമില്ല; കണ്ണീർചിത്രമായി കോശി

koshy

‘പന്തൽ– ഡെക്കറേഷൻ സാമഗ്രികൾ വിൽപനയ്ക്ക്.’: പത്തനംതിട്ട മാക്കാംകുന്ന് പാറയിൽ പി.ജെ. കോശി എന്ന കോശിച്ചായൻ തന്റെ സ്ഥാപനത്തിനു മുന്നിൽ ഇങ്ങനെയൊരു ബോർഡ് തൂക്കാൻ ആലോചിക്കുകയാണ്. 27 വർഷം ഗൾഫിൽ അധ്വാനിച്ച ശേഷം നാട്ടിൽ മടങ്ങിയെത്തി ഒരു വ്യാഴവട്ടത്തിനു മുൻപ് ഒന്നരലക്ഷം രൂപ മുതൽമുടക്കിൽ ആരംഭിച്ച ബിസിനസ് സംരംഭമാണ്. മേശയും കസേരയും പന്തൽ ഉരുപ്പടികളും കാർപ്പറ്റുകളും മിനി ലോറിയുമൊക്കെയായി ഇപ്പോൾ കാൽ കോടി രൂപയുടെ സാധന സാമഗ്രികൾ.

സ്റ്റേജും കതിർമണ്ഡപവും പന്തലുമൊക്കെ ഒരുക്കി മറ്റുള്ളവരുടെ ജീവിതത്തിനു സന്തോഷവും നിറവും പകർന്ന ഈ മനുഷ്യന് കഴിഞ്ഞ നാലു മാസമായി ഒരു രൂപയുടെ പോലും ബിസിനസ് ഇല്ല. ‘മാസം 3 – 4 ലക്ഷം രൂപയുടെ ബിസിനസ് നടന്നിരുന്ന സ്ഥാപനമാണ്. നാലു മാസമായി പൂർണമായി അടച്ചിട്ടിരിക്കുകയാണ്’ സാധനങ്ങൾ കൂട്ടിവച്ചിരിക്കുന്ന ഷെഡിൽ മാറാല പിടിച്ചിരിക്കുന്നു. 15 ജീവനക്കാർ ഉണ്ടായിരുന്നു. എല്ലാവരെയും പറഞ്ഞയച്ചു. കൂട്ടത്തിൽ ഇതര സംസ്ഥാനക്കാരുമുണ്ടായിരുന്നു.നാട്ടിലേക്കു മടങ്ങിയ അവർക്ക് ഉള്ള പണം വീതിച്ചു കൊടുത്തു.

‘81 വയസ്സയി. നഷ്ടക്കച്ചവടം ഏറ്റെടുക്കാൻ ആരുമില്ല. ഈ ബിസിനസ് ഇനി ചെയ്യാനാകുമെന്നു തോന്നുന്നില്ല. കല്യാണവും പാലുകാച്ചുമൊക്കെയായി ബുക്കിങ് ഉണ്ടായിരുന്നതെല്ലാം പോയി.തിരിച്ചുവരവ് ഒട്ടും എളുപ്പമല്ല. പ്രതിസന്ധി അത്രയ്ക്കു രൂക്ഷമാണ്.’– കോശി പറയുന്നു. വിവാഹം, ഗൃഹപ്രവേശം, ഉത്സവം, പെരുന്നാൾ, ഉദ്ഘാടനങ്ങൾ, സമ്മേളനങ്ങൾ, ടൂർണമെന്റുകൾ, കൺവൻഷനുകൾ, എക്സ്പോകൾ എന്നിവ ഇല്ലാതായതോടെയാണ് ഈ മേഖലയിലെ ചെറുതും വലുതുമായ സ്ഥാപനങ്ങൾ ഒരുപോലെ വഴിമുട്ടിയത്. 

ഡെക്കറേഷൻ – ഇവന്റ് മാനേജ്മെന്റ് രംഗത്ത് കേരളത്തിൽ 20,000 സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നുണ്ട്. റജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്നവ വേറെയും. ഒന്നര ലക്ഷത്തോളം തൊഴിലാളികൾ നേരിട്ടും അല്ലാതെയും പണിയെടുക്കുന്നു. ‌ജില്ലയിൽ മാത്രം 380 അംഗീകൃത സ്ഥാപനങ്ങളാണുള്ളത്.‘ഒരു വർഷത്തേക്ക് അ‍ഞ്ചു ലക്ഷം രൂപ പലിശ രഹിത വായ്പയായി അനുവദിച്ചാൽ ചെറിയ സ്ഥാപനങ്ങൾക്കു പിടിച്ചുനിൽക്കാനാകും. പ്രതിസന്ധി തൽക്കാലത്തേക്ക് മറികടക്കാൻ സർക്കാർ അത്രയെങ്കിലും സന്മനസു കാട്ടണം’–

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ ചൂണ്ടിക്കാട്ടുന്നു. ‘ഓഗസ്റ്റ് വരെ പ്രഖ്യാപിച്ചിരിക്കുന്ന വായ്പാ മൊറട്ടോറിയം നീട്ടുകയും ജീവനക്കാർക്കുള്ള ക്ഷേമനിധി ആനുകൂല്യം പുനഃസ്ഥാപിക്കുകയും വേണം’. കൂടലിൽ സോമസൂര്യ എന്ന പേരിൽ സ്ഥാപനം നടത്തുന്ന അജയൻ നാലു കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ‘ഡിസംബർ മുതൽ മേയ് വരെ നീണ്ടുനിൽക്കുന്നതാണ് പന്തൽ ഡെക്കറേഷൻകാരുടെ സീസൺ. അത് ഇക്കുറി പൂർണമായും നഷ്ടമായി. 

നിൽക്കക്കള്ളിയില്ലാതെ ഒട്ടേറെ പേർ ഈ രംഗം വിടാനൊരുങ്ങുകയാണ്. ഞങ്ങളുടെ വാട്ട്സാപ് കൂടയ്മയിൽ ദിവസവും സാധാനങ്ങൾ വിൽക്കാനുണ്ടെന്ന അറിയിപ്പുകളുണ്ട്.’ അജയൻ പറയുന്നു.. ഡെക്കറേഷൻ രംഗത്ത് അനുദിനം പുതിയ ട്രെൻഡുകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. നൂതന രീതികൾ അവലംബിക്കുന്നവർക്ക് ഡിമാന്റും ഏറെയായിരുന്നു. അതുകൊണ്ടുതന്നെ ഏറെ മത്സരവും ഈ തൊഴിൽ മേഖലയിലുണ്ടായിരുന്നു.മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വൻതുക മുടക്കി ചരക്ക് ഇറക്കിയവരും ലോക്ഡൗണിൽ കുടുതൽ പ്രതിസന്ധിയിലായി.

More