Thursday 21 October 2021 05:01 PM IST : By സ്വന്തം ലേഖകൻ

അലനുറങ്ങുന്നു, അമ്മയ്ക്കൊപ്പം ആ കല്ലറയിൽ: കുടുംബ ചിത്രത്തിലെന്ന പോലെ മരണത്തിലും വേർപിരിയാതെ അവർ

allam-jomy-45

പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ മരിച്ച അലൻ ജോമി(14)യുടെ സംസ്കാരം നടത്തി. ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ അമ്മ സോണിയയുടെ കല്ലറയിലാണ് അലന്റെയും സംസ്കാരം നടത്തിയത്. ശനിയാഴ്ച നടന്ന ഉരുൾപൊട്ടലിൽ  സോണിയയ്ക്ക് ഒപ്പമാണ് അലനെ കാണാതായത്. അമ്മ സോണിയയുടെ സംസ്കാരം ഞായറാഴ്ച നടത്തിയിരുന്നു. അലന്റെ മൃതദേഹം സംബന്ധിച്ച് സംശയം ഉയർന്നതോടെ വീണ്ടും നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ചയാണു മൃതദേഹം ലഭിച്ചത്.

ഇന്നലെ നടന്ന സംസ്കാര ചടങ്ങിൽ പാലാ രൂപത സഹായ മെത്രാൻ   മാർ ജേക്കബ് മുരിക്കൻ കാർമികത്വം വഹിച്ചു. ആറ്റുചാലിൽ ജോമിയുടെ മകനാണ് അലൻ. അലന്റേതെന്ന് ആദ്യം കരുതിയ മൃതശരീരം ആരുടേതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരഭാഗങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന പന്തലാട്ടിൽ മോഹനന്റെ ചായക്കടയിൽ എത്തിയ ആരെങ്കിലുമാകാം എന്നാണ് നിഗമനം.

പണി തീർന്നിട്ട് ഒരു വർഷം പോലുമാകാത്ത ആറ്റുചാൽ വീട്ടിൽ ഇനിയൊന്നും ബാക്കിയില്ല. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ സോണിയുടെയും മകൻ അലന്റെയും മൃതദേഹത്തിനായുള്ള തിരച്ചിലിനിടെ രക്ഷാപ്രവർത്തകർക്കു കിട്ടിയത് പകുതി കീറിയ കുടുംബഫോട്ടോ മാത്രമായിരുന്നു. ഈ ഫോട്ടോയിൽ കാണാവുന്നത് സോണിയയെയും അലനെയും മാത്രം. 

5 പേരായിരുന്നു ആ കുടുംബത്തിൽ. സോണിയയുടെ ഭർത്താവ് ജോമി, ജോമിയുടെ അമ്മ മറിയാമ്മ, സോണിയയുടെയും ജോമിയുടെയും മകൾ ആൻമരിയ എന്നിവർ കൂടിയുണ്ടായിരുന്നു ആ ഗ്രൂപ്പ് ഫോട്ടോയിൽ. ഇവർ മൂന്നു പേരും അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. കുടുംബത്തെ ബാധിച്ച സങ്കടത്തിന്റെ നേർചിത്രമായി ആ ഫോട്ടോ മാറി. ജോമി ടാപ്പിങ്ങിനു പോയി തിരിച്ചു വരുന്ന സമയത്താണ് അപകടം. ആൻമരിയ മുത്തശ്ശി മറിയാമ്മയുടെ ഒപ്പം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ പോയിരുന്നു. 

വീടിന്റെ പിൻവശത്തുണ്ടായിരുന്ന ചെറിയ ഉറവയാണു നിമിഷനേരം കൊണ്ടു രൂപവും ഭാവവും മാറി കലിതുള്ളുന്ന ഉരുൾപൊട്ടലായി മാറിയത്. ലൈഫ് മിഷനിൽ നിന്നു ലഭിച്ച പണം കൊണ്ടു പണിത വീടിന്റെ തറമുതൽ മു‌കളിലേക്ക് ഒന്നും ശേഷിപ്പിക്കാതെയാണു മലവെള്ളം വന്നുപോയത്.  സോണിയയുടെയും അലന്റെയും മ‌ൃതദേഹങ്ങൾ ഏറെനേരത്തെ തിരച്ചിലിനൊടുവിലാണു ലഭിച്ചത്.