Friday 03 December 2021 10:57 AM IST : By സ്വന്തം ലേഖകൻ

എങ്ങനെ സമാധാനത്തോടെ ഉറങ്ങും: സിസിടിവിയിൽ നിറഞ്ഞ് കുറുവ സംഘം: അജ്ഞാതരുടെ ദൃശ്യങ്ങൾ

kuruva

കുറുവ സംഘത്തിന്റെ ഭീതി നിലനിൽക്കെ അതിരമ്പുഴ പഞ്ചായത്തിൽനിന്നു വീണ്ടും അ‍ജ്ഞാതരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മൂന്നു പേരുടെ ദൃശ്യങ്ങളാണ് അതിരമ്പുഴ മണ്ണാർക്കുന്ന് ഭാഗത്തെ ഒരു വീട്ടിലെയും മണ്ണാർക്കുന്ന് പള്ളിയുടെയും സിസിടിവികളിൽ ലഭിച്ചത്. പ്രദേശത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.പഞ്ചായത്തിലെ മണ്ണാർക്കുന്നിലും ശ്രീകണ്ഠമംഗലത്തും ബുധനാഴ്ച അജ്ഞാതരായ ആളുകളെ നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് ഈ പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. പാന്റ്സും ഷർട്ടും ചെരിപ്പും ധരിച്ച് തുണികൊണ്ടു ദേഹമാസകലം മൂടിയ നിലയിലാണു ഇവരെ കണ്ടത്. വിവരമറിഞ്ഞു ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിൽ നിന്നു പൊലീസ് എത്തി. പൊലീസും നാട്ടുകാരും ചേർന്ന് വഴികളും ആൾത്താമസമില്ലാത്ത വീടുകളുടെ ടെറസുകളും ഉൾപ്പെടെ ഇന്നലെ പുലർച്ചെ നാലു വരെ തിരച്ചിൽ നടത്തി.

ഇതിനിടയിൽ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് മൂന്നു പേരുടെ ദൃശ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം അതിരമ്പുഴ ഏഴാം വാർഡിൽ മോഷണ ശ്രമം നടന്ന വീടിനു സമീപത്തുനിന്ന് രണ്ടു കിലോമീറ്റർ അകലെ നിന്നാണ് ഇപ്പോഴത്തെ സിസിടിവി ദൃശ്യം ലഭിച്ചിരിക്കുന്നത്. ഏഴാം വാർഡിൽ മോഷണ ശ്രമം നടന്ന വീടിനു സമീപത്തു നിന്നാണ് അജ്ഞാത സംഘത്തിന്റെ ആദ്യ ദൃശ്യങ്ങൾ ലഭിച്ചത്. ഇതിൽ നിന്നാണ് തമിഴ് മോഷണ സംഘമായ കുറുവ സംഘമാണോ എന്ന സംശയം ബലപ്പെട്ടത്.

കുറ്റിയേൽ കവല ഭാഗത്തേക്കാണു ഇവർ കടന്നതെന്നു നാട്ടുകാർ പറഞ്ഞു. മോഷ്ടാക്കൾ ആണോ എന്നു സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ.രാജേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് അതിരമ്പുഴ പ്രദേശത്ത് 7 വീടുകളിൽ മോഷണ ശ്രമം നടന്നത്. അതിരമ്പുഴ, നട്ടാശേരി ഭാഗങ്ങളിലായി 11 വീടുകളിലാണ് രണ്ടു ദിവസങ്ങളിലായി മോഷണശ്രമം നടത്തിയത്. തുടർന്ന് പൊലീസും നാട്ടുകാരും രാത്രികാല നിരീക്ഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. 

More