Wednesday 20 February 2019 02:49 PM IST : By സ്വന്തം ലേഖകൻ

യുകെജി വിദ്യാർത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം ചേച്ചിക്കൊപ്പം സ്കൂളിൽ പോകുന്നതിനിടെ

kidnap

കുറുപ്പന്തറ ∙ ചേച്ചിക്കൊപ്പം സ്കൂൾ‌ വാഹനം കാത്തുനിന്ന യുകെജി വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം. ചേച്ചി അനിയത്തിയുമായി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.അയൽവാസികൾ എത്തിയതോടെ കാറിലെത്തിയ സംഘം രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതോടെ കുറുപ്പന്തറയിലാണു സംഭവം.നസ്രത്ത്ഹിൽ‌ ഡി പോൾ സ്കൂളിലെ യുകെജി വിദ്യാർഥിനിയെയാണു കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.

പ്ലസ് ടു വിദ്യാർഥിനിയായ ചേച്ചിക്കൊപ്പം ജംക്‌ഷനു സമീപം സ്കൂൾ വാഹനം കാത്തുനിൽക്കുമ്പോൾ കുറുപ്പന്തറ ഭാഗത്തു നിന്നു  കാർ ഇവരുടെ അരികിലൂടെ കടന്നുപോയി. അൽപസമയം കഴിഞ്ഞപ്പോൾ കാർ തിരികെ വന്ന് ഇവരുടെ അരികിൽ നിർത്തി.കുട്ടിയെ കാറിൽ കയറ്റി കറക്കിക്കൊണ്ടുവരാമെന്നു പറഞ്ഞ് കാറിലേക്കു കയറാൻ ചേച്ചിയോടു ഡ്രൈവിങ് സീറ്റിലിരുന്ന ആൾ ആവശ്യപ്പെട്ടു.

ഇയാൾ കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതോടെ ചേച്ചി നിലവിളിച്ചുകൊണ്ട് അനിയത്തിയെയും കൂട്ടി അടുത്തള്ള വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. വീട്ടുകാർ റോഡിലേക്ക് ഓടിവന്നതോടെ കാർ അതിവേഗം കോതനല്ലൂർ ഭാഗത്തേക്ക് ഓടിച്ചുപോയി.പേടിച്ചരണ്ട കുട്ടികൾ ഇരുവരും ഇന്നലെ സ്കൂളിൽ പോയില്ല. പ‍ഞ്ചായത്തംഗം മാതാപിതാക്കളോടൊപ്പം കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്ഐ മിറാഷ് ജോൺ അറിയിച്ചു.പെൺകുട്ടി നൽകിയ കാറിന്റെ നമ്പർ പരിശോധിച്ചതിൽ ആലപ്പുഴ കായംകുളം സ്വദേശിയുടേതാണു കാറെന്നു സൂചന ലഭിച്ചിട്ടുണ്ട്.

More