Tuesday 23 July 2024 12:47 PM IST

‘കുഞ്ഞിനെ മറക്കണം, വേണിയെ രക്ഷിക്കാൻ ശ്രമിക്കാം’: ഏഴു മാസം ഗർഭിണി, ഇരച്ചുകയറിയ വേദന: ഫ്രീക്ക് പാട്ടി ജീവിതം പറയുന്നു

Anjaly Anilkumar

Content Editor, Vanitha

freak-patty

പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനിടെ കൃഷ്ണവേണിയുടെ കയ്യിലെ ടാറ്റു കണ്ട നടൻ മാധവൻ ഒരു പേരിട്ടു. ‘ഫ്രീക്ക് പാട്ടി’

മുല്ലപ്പൂവിന്റെയും കർപ്പൂരത്തിന്റെയും ഗ ന്ധം പടർന്ന വീഥികൾ. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്, നഗരത്തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന അഗ്രഹാരത്തെരുവ്, വലിയശാല ഗ്രാമം.

മനസ്സിനെ ഉന്മേഷഭരിതമാക്കുന്ന ഗന്ധലോകത്ത് ഇപ്പോൾ പുതിയതൊന്നു കൂടി ഇടം നേ ടി. ശുദ്ധമായ നെയ്യിൽ കേസരിയും ഉണ്ണിയപ്പവുമൊക്കെ രുചി തൊട്ടൊരുങ്ങുന്ന വാസന. വഴി ചോദിക്കേണ്ട കാര്യമില്ല, ആ വാസനയുടെ കൈപിടിച്ചങ്ങു പോയാൽ മതി. എത്തുന്നതു കൃഷ്ണവേണിയുടെ വീട്ടുമുറ്റത്ത്.

തനതുരുചികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൃഷ്ണവേണി അഞ്ചുവർഷം മുൻപ് ‘വേണീസ് സമയൽ അറൈ’ എന്ന ക്ലൗഡ് കിച്ചൻ തുടങ്ങിയത്.

‘‘അമ്മയുടെ ചേലത്തുമ്പു പിടിച്ച് അടുക്കളയില്‍ ചുറ്റിത്തിരിയാൻ വലിയ ഇഷ്ടമായിരുന്നു. ഒരു പ്രത്യേക താളത്തിലാണ് അമ്മയുടെ പാചകം. അമ്മയുടെ രുചികൾ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം കൂടിയാണിത്.’’ വ്യാസ 226ാം ന മ്പർ വീട്ടിലെ സമയൽ അറൈയിൽ (അടുക്കള) തൈര് സാദം ഉണ്ടാക്കുന്നതിനിടയിൽ കൃഷ്ണവേണി രുചിസംരംഭത്തിന്റെ കഥ പറഞ്ഞു തുടങ്ങി. പഴയ കാലം പറയുമ്പോൾ വാക്കുകൾക്കു യൗവനത്തിന്റെ പ്രസരിപ്പ്.

‘‘തഞ്ചാവൂരാണ് നാട്. അച്ഛൻ ടി.വി.സ്വാമിനാഥന്‍ ഐഎഎസിൽ പ്രവേശിച്ച ശേഷമാണു കേരളത്തിലേക്കു വന്നത്. ഞാൻ ജനിച്ചത് പദ്മനാഭന്റെ ഈ മണ്ണിലാണ്. ഞങ്ങളഞ്ചു മക്ക ൾ. മൂന്നു ചേച്ചിമാരും ചേട്ടനും. ഞാനാണ് ഇളയ ആൾ.

അമ്മ ലളിത സ്വാമിനാഥൻ ടിപ്പിക്കൽ വീട്ടമ്മ. വീട്ടുഭരണം, ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം വിളമ്പൽ. അതൊക്കെയായിരുന്നു അമ്മയുടെ ലോകം. അച്ഛനോളം തന്നെ ന‌യവും കഴിവും അമ്മയ്ക്കും ഉണ്ടായിരുന്നു.’’

ഇ‌നി പറയുന്ന രംഗം ചിലപ്പോൾ ഒരു സിനിമയിലേതു പോലെ തോന്നാം. ചേച്ചിയുടെ വിവാ ഹനിശ്ചയത്തിനു പോയി ഭാവിജീവിതപങ്കാളിയെയും കണ്ടെത്തി വന്നൊരു പ്രണയകഥയാണിത്.

പ്രണയം ചൂടിയ പൂക്കൾ

പട്ടു ദാവണി ചുറ്റി, മുടി നിറയെ മുല്ലപ്പൂ ചൂടിയെത്തിയ കൃഷ്ണവേണിയെ ശേഷാദ്രിനാഥ ശർമ ഇന്നും ഓർക്കുന്നു. ക്യാമറയുമായി അതിഥികളുടെ ചിത്രം പകർത്താൻ ഓടി നടന്ന ഫൊട്ടോഗ്രഫർ പയ്യനെ താനും മറന്നില്ലെന്നു കൃഷ്ണവേണിയുടെ മറുപടി.

‘‘ഞങ്ങളുടെ ആചാരപ്രകാരം വരന്റെ വീട്ടിലാണു വിവാഹനിശ്ചയം നടക്കുന്നത്. അന്ന് അ ച്ഛനും അമ്മയ്ക്കുമൊപ്പം ഞാനും പോയി. അവിടെയെത്തിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചതു ഫൊട്ടോഗ്രഫറെയാണ്. നല്ല പെരുമാറ്റം, കാണാൻ സുന്ദരൻ. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നി. പക്ഷേ, അങ്ങനെ പറയാൻ പ റ്റില്ലല്ലോ.

ഒരു കണക്കിനു ആദ്യം തന്നെ പറയാതിരുന്നതും നന്നായി. കല്യാണം കഴിക്കുന്ന ചേച്ചിയുടെ വീട്ടിൽ ഇത്ര മിടുക്കിയായ സഹായിയോ എന്നാണ് ഇദ്ദേഹം കരുതിയത്.’’ കൃഷ്ണവേണി ഇതു പറഞ്ഞു ചിരിക്കുമ്പോൾ ശേഷാദ്രിനാഥ ശർമ പറഞ്ഞു.

‘‘അതൊക്കെ അന്നത്തെ തമാശയല്ലേ. ചേച്ചിയുടെ അനുജത്തി ആണ് കുട്ടിയെന്നറിഞ്ഞപ്പോൾ വിവാഹാലോചന എളുപ്പമായി. 1987 ൽ ഞങ്ങൾ വിവാഹിതരായി. പിന്നെ, ചെന്നൈയിലേക്കു താമസം മാറി. ഞങ്ങളേറെ സന്തോഷിച്ച ദിനങ്ങളായിരുന്ന ചെന്നൈയിലെ ആദ്യനാളുകൾ. ഒരു ദിവസം വേണിക്കൊരു വയറുവേദന വന്നു. ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി.’’

വേദനയുടെ നാളുകൾ

‘‘പ്രശ്നം അൽപം ഗുരുതരമാണെന്നു ഡോക്ടർമാർ പറഞ്ഞു. ചെറുകുടലും വൻകുടലും തമ്മിൽ പിണഞ്ഞിരിക്കുകയാണ്. കുരുക്കളും രൂപപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയയേ ര ക്ഷാമാർഗമുള്ളു. അങ്ങനെ കുടലിന്റെ ഒരുഭാഗം നീക്കി. പിന്നെ, രണ്ടുവർഷത്തേക്കു പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങളൊരു കുഞ്ഞെന്ന സ്വപ്നം കണ്ടുതുടങ്ങി.

ഞാനന്ന് ഏഴു മാസം ഗർഭിണിയാണ്. പെട്ടെന്ന് അസഹനീയമായൊരു വേദന ഇരച്ചുവന്നു. തമിഴ്നാട്ടിൽ രാഷ്ട്രീയസംഘർഷം നടക്കുന്ന സമയം. പുറത്തിറങ്ങാൻ നിവൃ ത്തിയില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അച്ഛൻ എന്നെ ആശുപത്രിയിലെത്തിച്ചു. പക്ഷേ, മറ്റെവിടെയെങ്കിലും കൊണ്ടുപോകുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ അഭിപ്രായം.

എങ്ങനെയും എന്നെ തിരുവനന്തപുരത്ത് എത്തിക്കലായി പിന്നെ, അച്ഛന്റെ ലക്ഷ്യം. എയർലിഫ്റ്റ് ചെയ്യാനുള്ള അനുമതി ലഭിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ എന്നെ എത്തിക്കുമ്പോൾ ഡോക്ടർമാർ ഒാപ്പറേഷൻ തിയറ്ററിൽ സജ്ജരായിരുന്നു. ‘കുഞ്ഞിനെ മറക്കണം. വേണിയെ രക്ഷിക്കാൻ ശ്രമിക്കാം.’ തിയറ്ററിലേക്ക് കയറും മുൻപ് പ്രധാന ഡോക്ടർ പറഞ്ഞു. എങ്കിലും കുഞ്ഞിനെ കൂടി രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

കുഞ്ഞിനെ രക്ഷിക്കാനായി ഒരു ഇൻജക്‌ഷൻ എടുക്കണം. പക്ഷേ, ആ മരുന്ന് കിട്ടുക എളുപ്പമായിരുന്നില്ല. ഒടുവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു മരുന്ന് കിട്ടി. രണ്ടു ദിവസത്തിനുള്ളിൽ അവർക്കു തിരികെ സംഘ ടിപ്പിച്ചു കൊടുക്കാമെന്ന ഉറപ്പിൽ. കുഞ്ഞിനെ വയറിനുള്ളിൽ തന്നെ ഒരുവശത്തേക്ക് നീക്കിയശേഷമായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞിനെ വീണ്ടും യഥാസ്ഥാനത്തേക്ക് എത്തിച്ചു. ഏഴാം മാസം മുതൽ പ്രസവിക്കുന്ന ദിവസം വരെ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. പൂർണമായും ഡ്രിപ്പിലൂടെയാണു ജീവൻ നിലനിർത്തിയത് എന്നു പറയാം. പക്ഷേ, മകൾ പിറന്ന ദിവസം അതുവരെ അനുഭവിച്ച എല്ലാ വേദനയും ഞാൻ മറന്നു. ഇന്നു മകളാണ് ഏറ്റവും അടുത്ത കൂട്ടുകാരി. ശരണ്യ ബാല ശേഷാദ്രി എന്നാണ് പേര്.’’ മകളും മരുമകൻ ഡോ.കാർത്തിക് കുമാറുമാണു ബിസിനസിലും മോഡലിങ്ങിലും കൃഷ്ണവേണിയുടെ ഏറ്റവും വലിയ പിൻബലം.

വേണീസ് സമയൽ അറൈയ്ക്ക് ഫുൾ സപ്പോർട്ട് നൽകി ശർമയും ഒപ്പമുണ്ട്. വർധാൻ കൺസൽറ്റൻസ് എന്ന ഫിനാൻസ് കൺസൽറ്റൻസി സ്ഥാപനത്തിന്റെ സിഇഒ ആണ് ശേഷാദ്രിനാഥ ശർമ. മീഷോയിൽ ഫൗണ്ടേഴ്സ് ഓഫിസ് മാനേജരാണ് ശരണ്യ. കാർത്തിക് കേരള പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ഓഫിസ് ജീവനക്കാരൻ.

freak-patty-2

ജീവിക്കാന്‍ മോഹിപ്പിച്ച നിമിഷം

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സെൻട്രൽ ഹെഡ് ആയി തിരുവനന്തപുരത്തു ജോലി ചെയ്യുമ്പോഴാണു കൃഷ്ണവേണിയുടെ ജീവിതത്തിലെ അടുത്ത തിരിച്ചടി. ജോലി ക ഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ സാരിത്തുമ്പു തട്ടി നാ ൽപതോളം പടി താഴ്ചയിലേക്കു വീണു.

‘‘വീഴ്ചയിൽ ഇടുപ്പെല്ലിനു സാരമായി പരുക്കേറ്റു. കുറേക്കാലം മരുന്നും വിശ്രമവുമായി കഴിഞ്ഞു. പക്ഷേ, വീഴ്ചയുടെ ആഘാതം ശരീരത്തിൽ തങ്ങി നിന്നു. യൂട്രസ്, ഓവറി റിമൂവൽ സർജറികൾ വേണ്ടി വന്നു. അതോടെ എല്ലാം ശ രിയായി എന്നു തോന്നി. പെട്ടെന്നൊരു നടുവേദന വന്നു. നട്ടെല്ലിനും പ്രശ്നമാണ്. വീണ്ടും സർജറി. ആറു ഡിസ്കുകൾ നീക്കം ചെയ്തു. ശസ്ത്രക്രിയയുടെ അനന്തരഫലമായി ശബ്ദം നഷ്ടമായി. പക്ഷേ. വോയിസ് തെറപ്പിയിലൂടെ അതു വീണ്ടെടുത്തു.

അച്ഛന്റെയും അമ്മയുടേയും വേർപാടാണ് എന്നെ ഉ ലച്ച മറ്റൊരു സംഭവം. അച്ഛൻ മരിച്ച് രണ്ടു ദിവസത്തിനുള്ളിലായിരുന്നു അമ്മയുടെ മരണം. അവരങ്ങു പോയപ്പോ ൾ പെട്ടെന്ന് ഒറ്റയ്ക്കായതു പോലെ തോന്നി.’’ നിർത്താതെ വിശേഷങ്ങൾ പറഞ്ഞിരുന്ന കൃഷ്ണവേണി പൊടുന്നനെ മൗനത്തിലായി. പിന്നെ, കണ്ണുകൾ നിറഞ്ഞൊഴുകി.

‘‘ഒന്നിനു പിന്നാലെ ഒന്നായി വരുന്ന പ്രതിസന്ധികൾ എനിക്കൊരു അത്‌ലീറ്റിന്റെ മനസ്സ് നൽകി. ഒാരോ നിമിഷവും ഓടി നേടാൻ കൊതിക്കുന്ന തരം ആർത്തി തോന്നി ജീവിതത്തോട്. അൻപതാം വയസിൽ ഞാൻ യാത്ര ചെയ്യാൻ തുടങ്ങി. ഒറ്റയ്ക്കും കൂട്ടായും നാടു ചുറ്റി. ഓരോ യാത്രകളും എന്നെ പരുവപ്പെടുത്തിക്കൊണ്ടേയിരുന്നു.

freak-pattu-4 കൃഷ്ണവേണി ഭർത്താവ് ശേഷാദ്രിനാഥ ശർമയ്ക്കൊപ്പം

മോഡലിങ്ങും അഭിനയവും

‘‘ഒരു സുഹൃത്തിന്റെ ബുട്ടീക്കിന്റെ മോഡലായാണു തുടക്കം. ‌ജോയ് ആലുക്കാസിന്റെ പരസ്യത്തിൽ ചലച്ചിത്രതാരം മാധവന്റെ അമ്മൂമ്മയായി അഭിനയിച്ചു. ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തിൽ നല്ലൊരു കഥാപാത്രമാണ്.

പരസ്യത്തിൽ മാധവനൊപ്പം അഭിനയിക്കാൻ ചെന്നപ്പോൾ എന്റെ കയ്യിലെ ടാറ്റു അവർ ശ്രദ്ധിച്ചു. ഷൂട്ടിങ് വേളയിൽ അതു മറയ്ക്കാൻ ചിലർ നിർദേശിച്ചു. അപ്പോൾ മാധവൻ പറഞ്ഞു, ‘ഏയ് എന്റെ പാട്ടി കുറച്ച് ഫ്രീക്ക് ആയിക്കോട്ടെ...’ എന്ന്. അതിനുശേഷം മാധവൻ എന്നെ വിളിക്കുന്നത് ഫ്രീക്ക് പാട്ടി എന്നാണ്.

എനിക്കു ടാറ്റു ഭയങ്കര ക്രേസ് ആണ്. അൻപതുവയസ്സ് കഴിഞ്ഞാണ് ‘ഓം’ എന്ന ആദ്യ ടാറ്റു ചെയ്യുന്നത്. എല്ലാം മിനിമൽ ഡിസൈൻസ് ആണ്. കോവിഡ് കാല‍ത്തു നടക്കാതെ പോയ കൊണാർക്ക് ക്ഷേത്ര ദർശനത്തിന്റെ ഓർമയിലാണു സൂര്യന്റെ ടാറ്റു ചെയ്തത്. ടാറ്റുവിനോടുള്ള ഇഷ്ടം അറിയുന്ന ഒരു സുഹൃത്ത് പിറന്നാൾ സമ്മാനമായി താമരയുടെ ടാറ്റു ചെയ്തുതന്നു. എന്റെ പ്രിയപ്പെട്ട നായ്ക്കുട്ടികളായ വുൾഫിയുടേയും വേഫറിന്റെയും ഓർമയ്ക്കായി ചെയ്ത ടാറ്റുവിനോട് എനിക്ക് വൈകാരികമായ ബന്ധമാണുള്ളത്. അങ്ങനെ ഇതുവരെ അഞ്ചു ടാറ്റു ആയി.

വിശേഷങ്ങൾ പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും കോളിങ് ബെൽ ശബ്ദമുണ്ടാക്കി. ഓർഡർ നൽകിയ തൈര് സാദവും കേസരിയും വാങ്ങാൻ ആളുകളെത്തി.

‘‘ഇനി അവരുടെ അഭിപ്രായമറിയാനുള്ള കാത്തിരിപ്പാണ്. നിറവോടെ കഴിച്ചു എന്നവർ പറയുമ്പോൾ കിട്ടുന്ന സ ന്തോഷം എനിക്ക് ഏറെ വിലപ്പെട്ടതാണ്’’

കഥ പറഞ്ഞുതുടങ്ങിയ സമയൽ അറൈ വിശേഷങ്ങളിലേക്കു കൃഷ്ണവേണി തിരികെയെത്തി. ‘‘മെഡിക്കൽ ട്രാ ൻസ്ക്രിപ്ഷൻ മേഖലയിലായിരുന്നു ജോലി. അതു മടുത്തു. പക്ഷേ, വെറുതേയിരുന്നു സമയം കളയാനും വയ്യ. അങ്ങനെയാണ് ക്ലൗഡ് കിച്ചൻ എന്ന ആശയത്തിലേക്കെത്തിയത്. വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണം ചെറിയ ലാഭമെടുത്തു വിൽക്കുന്ന സംരംഭമാണ് എ ന്റേത്. പരമാവധി 30 ഓർഡറുകളേ ഒരു ദിവസം എടുക്കൂ.

വാട്സാപ്, ഫെയ്സ്ബുക് വഴി പ്രീ ബുക്കിങ് ആയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. ഭക്ഷണത്തിന്റെ രുചിയി ലും ഗുണമേന്മയിലും വിട്ടുവീഴ്ച ചെയ്യാൻ ഞാൻ തയാറല്ല. അടുക്കള സംരംഭത്തിനൊപ്പം അഭിനയത്തിലും ഇനി കൂടുതൽ സജീവമാകണമെന്നാണു മോഹം.’’

അഞ്ജലി അനിൽകുമാർ

ഫോട്ടോ: അരുൺ സോൾ