Saturday 16 June 2018 11:48 AM IST : By സ്വന്തം ലേഖകൻ

വിക്ടോറിയൻ മനോഭാവത്തിലെ വേറിട്ടൊരു തൂവെള്ള പുഷ്പം; കുമ്മനത്തെക്കുറിച്ച് യുവാവിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

kummanam-new

പദവികൾ അലങ്കാരമായും അഹങ്കാരമായും കൊണ്ടു നടക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി അത് ഉത്തരവാദിത്വമായി കണ്ടു പ്രവർത്തിക്കുന്നവരും കുറവല്ല. എളിമയും മാന്യമായ പെരുമാറ്റവും അവരെ ശ്രദ്ധേയരാക്കും. അങ്ങനെയൊരാളാണ് കുമ്മനം രാജശേഖരനെന്ന് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അടിവരയിട്ടു പറയുകയാണ് മുജീബ് പുരയിൽ എന്ന ചെറുപ്പക്കാരൻ. മിസോറാം ഗവർണ്ണറായി അധികാരമേറ്റെടുത്ത ശേഷം കേരത്തിലെ ബാലുശ്ശേരി നൻമണ്ടയിൽ സംസ്കൃതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യ പരിപാടിക്ക് എത്തിയ കുമ്മനത്തിന്റെ ശരീര ഭാഷയും പെരുമാറ്റവും അതിശയിപ്പിച്ചു കളഞ്ഞതായും വിക്ടോറിയൻ മനോഭാവത്തിലെ വേറിട്ടൊരു തൂവെള്ള പുഷ്പമാണ് കുമ്മനമെന്നും മുജീബ് എഴുതുന്നു. വേദിയിലേക്ക് ആദ്യം എത്തിയ ഗവർണർ മറ്റുള്ള അതിഥികളെ കൈകൂപ്പി സ്വീകരിച്ചു. പദവി വച്ച് എത്രയോ നിസാരരായ അവർ ഇരുന്ന ശേഷം ഒരു ഗവർണർ ഇരിക്കുക? മറ്റാരിൽ നിന്നു പ്രതീക്ഷിക്കാനാകും? ആദരവ് ഏറ്റുവാങ്ങാനെത്തിയവരിൽ നിന്ന് അനുഗ്രഹം തേടുക...., ആൾക്കൂട്ടത്തിനിടയിലൂടെ തലക്കനമില്ലാതെ നടക്കാനാവുക... മുജീബ് ചോദിക്കുന്നു.

മുജീബ് പുരയിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം:

പദവി അലങ്കാരമാകാതിരിക്കാൻ എന്തൊരു കരുതൽ!

ഒരു മഹത് വ്യക്തിയെ കുറിച്ച് തീർത്തും വ്യക്തിപരമായി ചിലത് പറയാതിരിക്കാനാകില്ല. നമുക്കിടയിൽ നിന്നും പലരും പഞ്ചായത്ത് മെംബർ തൊട്ട് മുകളിലോട്ട് പല പടവുകൾ കയറിയവരായുണ്ട്. ശേഷം അവരുടെ ഭാവ പരിണാമങ്ങളും നമ്മൾ അടുത്തറിഞ്ഞിട്ടുണ്ട്. ഈയൊരു തലത്തിൽ നിന്നാണ് ബഹു. കുമ്മനം രാജശേഖരനെന്ന ഗവർണറെ വിലയിരുത്തേണ്ടത്. ഭരണഘടനയുടെ കാവലാളെന്ന അതിവിശിഷ്ട ഗവർണർ പദവി ഉത്തരവാദിത്വം മാത്രമാകാൻ, അലങ്കാരമാകാതിരിക്കാനുള്ള കരുതലിന് നല്ല നമസ്കാരം.

മിസോറം ഗവർണറായ ശേഷം കേരത്തിലെ ആദ്യ പരിപാടി ബാലുശ്ശേരി നൻമണ്ടയിൽ സംസ്കൃതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതായിരുന്നു.
പരിപാടിക്ക് എത്തിയപ്പോൾ കണ്ട ശരീര ഭാഷ, പെരുമാറ്റം അതിശയിപ്പിച്ചു കളഞ്ഞു ശരിക്കും. 
സത്യമായും വിക്ടോറിയൻ മനോഭാവത്തിലെ വേറിട്ടൊരു തൂവെള്ള പുഷ്പം. 
അതി വിശിഷ്ടരുടെ കാര്യം പോട്ടെ സാധാരണ വിശിഷ്ടർ ഒരു ചടങ്ങിൽ പങ്കെടുക്കുക എങ്ങിനെ ആയിരിക്കുമെന്ന് നമ്മളൊരുപാട് കണ്ടതും അറിഞ്ഞതുമാണ്. വേദിയിലേക്ക് ആദ്യം എത്തിയ ഗവർണർ മറ്റുള്ള അതിഥികളെ കൈകൂപ്പി സ്വീകരിച്ചു പദവി വച്ച് എത്രയോ നിസാരരായ അവർ ഇരുന്ന ശേഷം ഒരു ഗവർണർ ഇരിക്കുക? മറ്റാരിൽ നിന്നു പ്രതീക്ഷിക്കാനാകും? ആദരവ് ഏറ്റുവാങ്ങാനെത്തിയവരിൽ നിന്ന് അനുഗ്രഹം തേടുക...., ആൾക്കൂട്ടത്തിനിടയിലൂടെ തലക്കനമില്ലാതെ നടക്കാനാവുക... അധികാരം അലങ്കാരമാക്കാത്തവർക്കു മാത്രമേ സാധിക്കൂ.
(വഴിയിലൊന്നു കയറിപ്പോയാൽ ഭേദ്യം ചെയ്യുന്ന ജന പ്രതിനിധി,.. അങ്ങനെ പലതരക്കാരെ വെറുതെയൊന്ന് ഓർക്കുക അപ്പോഴാണ് ശരിക്കും ഒരു ഇത് തോന്നുക)
മുൻപും ഈ ശബ്ദം ഒരുപാട് കേട്ടിട്ടുണ്ട്. ആകെയുള്ള മാറ്റവും ശബ്ദത്തിൽ തന്നെ. ഗവർണറെന്ന ഉത്തരവാദിത്വം ഉൾക്കൊണ്ട ശബ്ദം മാത്രം. 
പദവിയിലെ എളിമ കൊണ്ട് ഇസഡ് പ്ലസിനു പോലും നാണം തോനുന്നുണ്ടാകണം, ഈ മനുഷ്യനെ കുറിച്ചോർത്ത്. 
ഭരണഘടനാ ചുമതലകൾ വീഴ്ചയില്ലാതെ നിറവേറ്റാൻ അങ്ങേക്കാകട്ടെ, ആശംസകൾ.