Friday 30 July 2021 02:34 PM IST : By സ്വന്തം ലേഖകൻ

വെള്ളിക്കൊലുസ് സ്വര്‍ണമായിട്ടും ആ പാവത്തിനെ വെറുതെവിട്ടില്ല, സ്വര്‍ണമാലയെ ചൊല്ലിയും തര്‍ക്കം: കുണ്ടറയില്‍ സംഭവിച്ചത്

revathi-kundara'

കൊല്ലം കുണ്ടറയില്‍ ഭര്‍തൃവീട്ടിലെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണനാണ് കടപുഴ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. രേവതിയുടെ ഭര്‍ത്താവ് സൈജു വിദേശത്താണ്. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്തൃവീട്ടില്‍നിന്നുള്ള മാനസികപീഡനമാണ് ആത്മഹത്യക്കുപിന്നിലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ബന്ധുക്കള്‍ പറയുന്നത്: നിലമേല്‍ സൈജു ഭവനില്‍ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30-ന് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം.  

വിവാഹംകഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം സൈജു വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങി. പെണ്‍കുട്ടിയെ നേരത്തേ സൈജുവിന് പരിചയമുണ്ടായിരുന്നു. സൈജുവിന്റെ വീട്ടുകാരാണ് വിവാഹാലോചന നടത്തിയത്. കോവിഡ് കാലമായതിനാല്‍ നിര്‍ധന കുടുംബത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനും മറ്റു ചെലവുകള്‍ക്കും ആവശ്യമായ പണം സ്വരൂപിക്കാനായില്ല. വിവാഹം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വരന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം നടത്തുകയായിരുന്നു. 

വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി. കാലില്‍കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പക്ഷേ അവിടം കൊണ്ടും നിരന്തര പരിഹാസവും മാനസിക പീഡനവും അവസാനിച്ചില്ല. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം. 

രേവതി ഭര്‍ത്താവിന് അവസാനമായി അയച്ച വാട്‌സാപ്പ് സന്ദേശം ഭര്‍ത്തൃപിതാവിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബന്ധുക്കള്‍ പറയുന്നു.രണ്ടു ദിവസം മുന്‍പ് രേവതി കൂട്ടുകാരിയുമൊത്ത് കുടുംബവീട്ടിലെത്തിയിരുന്നു. കൂട്ടുകാരി കൂടെയുണ്ടായിരുന്നതിനാല്‍ ഭര്‍ത്തൃവീട്ടിലെ കാര്യങ്ങള്‍ സംസാരിച്ചില്ല. ഇതിനു ശേഷം കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചില്ല.

വ്യാഴാഴ്ച രാവിലെ 10-ന് വിദേശത്തുനിന്ന് സൈജു രേവതിയുടെ അമ്മയെ വിളിച്ചു. രേവതി ഫോണ്‍ എടുക്കുന്നില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ശശികല ഓട്ടോറിക്ഷയില്‍ സൈജുവിന്റെ വീട്ടിലെത്തി. വീട്ടില്‍നിന്നിറങ്ങി പുറത്തേക്കുപോയെന്നും എവിടെയാണെന്നറിയില്ലെന്നുമാണ് ഭര്‍ത്തൃവീട്ടുകാര്‍ അറിയിച്ചത്. ഇവിടെനിന്ന് കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിലെത്തിയ അമ്മ രേവതിയുടെ മരണവിവരമാണ് അറിയുന്നത്.മൃതദേഹ പരിശോധനയ്ക്കു ശേഷം ചെറുപൊയ്ക കുഴിവിളവീട്ടില്‍ വെള്ളിയാഴ്ച ശവസംസ്‌കാരം നടത്തും. കിഴക്കേ കല്ലട പോലീസ് അന്വേഷണം ആരംഭിച്ചു.