Wednesday 16 June 2021 03:09 PM IST : By സ്വന്തം ലേഖകൻ

'പ്രാണവായുവില്ലാതെ എനിക്ക് മുന്നോട്ട് പോകാനാകില്ല, സഹായിക്കാമോ': ചങ്കുപിടഞ്ഞ് ലത്തീഷ അന്നുപറഞ്ഞ വാക്കുകള്‍

latheesha-old ചിത്രങ്ങള്‍: ശ്രീകാന്ത് കളരിക്കല്‍

വൈകല്യങ്ങളും വയ്യായ്കകളും മറന്ന് ജീവിച്ചു തുടങ്ങിയ പോരാളി. സഹതാപക്കണ്ണെറിഞ്ഞവര്‍ക്കു മുന്നിലേക്ക് തന്റെ ജീവിതം കൊണ്ട് മറുപടി പറഞ്ഞ ലത്തീഷ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയിരിക്കുന്നു. 

വൈകല്യങ്ങള്‍ തളര്‍ത്താത്ത മനസ്സുമായി ലത്തീഷ പോരാടിയത് വര്‍ഷങ്ങള്‍. എംകോം പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിനു പുറകെയായിരുന്നു ലത്തീഷ. കഴിഞ്ഞ നാല് വര്‍ഷമായി ഓക്സിജന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ മോഹങ്ങളെല്ലാം ബാക്കിയാക്കി ആ ചിത്രശലഭം പോയ്മറഞ്ഞു. എല്ലുകള്‍ പൊടിയുന്ന ജനതിക രോഗത്തിനൊപ്പം സ്വാഭാവികമായി ഓക്‌സിജന്‍ ശ്വസിക്കാന്‍ സാധിക്കാത്ത പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന രോഗവുമായി മല്ലിടുകയായിരുന്നു കുറെകാലമായി ലത്തീഷ. രോഗം മൂര്‍ച്ഛിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ.് മരണം.

വിയോഗത്തിന്റെ ഈ വേളയില്‍ ലോക്ഡൗണ്‍ കാലത്ത് പ്രാണവായുവിനായി കെഞ്ചിയ ലത്തീഷയുടെ ആ വാക്കുകള്‍ വേദന പടര്‍ത്തുകയാണ്. 

സാധാരണഗതിയില്‍ ഓക്‌സിജന്‍ ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. 24 മണിക്കൂറും കൃത്രിമമായി ഓക്‌സിജന്‍ ശ്വസിച്ച് ജീവന്‍ നിലനിര്‍ത്തിയിരുന്ന ലത്തീഷ കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് സുമനസുകള്‍ക്കു മുന്നില്‍ സഹായത്തിനായി കൈനീട്ടിയിരുന്നു. 

''വാപ്പയും ഉമ്മയും തളര്‍ന്നു പോകാതെ എന്നെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് ഞാന്‍ അതിജീവിക്കുന്നത്. ഞങ്ങളുടെ ചെറിയ വരുമാനമാര്‍ഗം ആയ ഹോട്ടല്‍ ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് എനിക്ക് വേണ്ടിയുള്ള ഓക്‌സിജന്‍ സിലിണ്ടറിന് പണം കണ്ടെത്തുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ വന്നതിനു ശേഷം ഓക്‌സിജന്‍ എടുക്കാന്‍ വളരെ ബുദ്ധിമുട്ടിലാണ്. അതിനോടൊപ്പം എന്റെ ഹോസ്പിറ്റല്‍ ട്രീറ്റ്‌മെന്റിന്റെയും മരുന്നിന്റെയും ചിലവുകള്‍. ഇതിനൊക്കെ ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല''.- ചങ്കുപിടഞ്ഞ് ലത്തീഷ അന്നുപറഞ്ഞ വാക്കുകള്‍. 

ഇപ്പോള്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ടുണ്ടായാല്‍, ഓക്‌സിജന്‍ സാധാരണ നിലയില്‍ ആകാന്‍ Bypap Machine ഉപയോഗിക്കണം. ഇത് വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപ വേണം . ഒരു മാസം വാടകയ്ക്ക് എടുത്താണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരു മാസം കഴിഞ്ഞാല്‍ തിരികെ ഏല്പിക്കണം.

''പുതിയ മെഷീന്‍ വാങ്ങണമെങ്കില്‍ ഉടന്‍ തന്നെ ഒരു ലക്ഷം രൂപ വേണം. എന്നാല്‍ മാത്രമേ എനിക്ക് ഇനി മുന്നോട്ട് പോകാന്‍ പറ്റൂ. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വാപ്പാക്ക് സാധിക്കുകയും ഇല്ല. അതുകൊണ്ട് മുന്നോട്ട് എന്താകുമെന്ന് ഒരൂഹവും കിട്ടുന്നില്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക''.- ലത്തീഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.