‘ഇസ്രയേൽ – ഗാസ യുദ്ധം കടുക്കുന്നു’ എന്ന വാ ർത്താ തലക്കെട്ടിന്റെ ഭാരം ഇങ്ങു കേരളത്തിലെ വീടുകളുടെയും തളർത്തി. മലയാളികളായ ആയിരക്കണക്കിനു സ്ത്രീകളാണ് ഇസ്രയേലിലുള്ളത്. ഇവരിൽ അധികവും തദ്ദേശവാസികളെ പരിപാലിക്കുന്ന കെയർ ഗിവേഴ്സായി ജോലി ചെയ്യുന്നവരാണ്. വെടിയൊച്ചയും റോക്കറ്റുകൾ പൊട്ടിത്തെറിക്കുന്ന കാഴ്ചയുമൊന്നും മേഖലയിൽ ജീവിക്കുന്നവർക്കു പുതുമയുള്ള കാര്യമല്ല. കനത്ത സുരക്ഷാവലയത്തിലാണു ജീവിതം എന്നു നാട്ടുകാരെ പോലെ അവിടെ ജോലിക്കു ചെന്ന മലയാളികളും വിശ്വസിച്ചു. ഒക്ടോബർ ഏഴിനു നടന്ന ഹമാസ് ആക്രമണത്തോടെ ആ വിശ്വാസം തകർന്നു.
ഇസ്രയേലിലും ഗാസയിലും നൂറുകണക്കിനാളുകളാണു മരിച്ചുവീണത്. ദിനം പ്രതി രൂക്ഷമാകുന്ന മനുഷ്യക്കുരുതി. ഇസ്രയേലിലെ യുദ്ധഭൂമിയിൽ നിന്നു മൂന്നു കെയർ ഗിവർ ലീന പങ്കുവച്ച അനുഭവം....
‘ഇവിടെ നിന്നു നോക്കിയാൽ ഗാസ കാണാം’– ലീന
വെടിയൊച്ചകൾക്കു നടുവിൽ ജീവനും കയ്യിൽ പിടിച്ചു ലീന നിന്നതു 20 മണിക്കൂർ. ശത്രുവാണോ മിത്രമാണോ എന്ന ആശങ്കയിലാണു രക്ഷിക്കാൻ വന്നവരെപ്പോലും കണ്ടത്. ചാവുകടലിനു ചേർന്നുള്ള സുരക്ഷിതയിടത്തിൽ നിന്നു ലീന പറഞ്ഞുതുടങ്ങിയതു പ്രിയമുള്ള ഓർമകളാണ്.
‘‘ഞാൻ താമസിച്ചിരുന്ന ബേരി കിബുട്സ് 500 വീടുകളുള്ള കോളനിയാണ്. കാഴ്ചയിൽ കളിവീടുകൾ ഒന്നിനോടൊന്നു ചേർത്ത് അടുക്കി വച്ച പോലെ തോന്നും. യുദ്ധമോ റോക്കറ്റ് ആക്രമണമോ ഉണ്ടായാൽ സുരക്ഷിതമായി കഴിയാനുള്ള ഇരുമ്പു കൊണ്ടു നിർമിച്ച മമാദ് എന്ന സേഫ്റ്റി റൂം എല്ലാ വീടിനുമുണ്ട്. ഇവിടെ നിന്നു നോക്കിയാൽ അ ങ്ങു ദൂരെയായി ഗാസ കാണാം.
ബേരിയിൽ ഞങ്ങൾ അഞ്ചു മലയാളികളാണു കെയർ ഗിവേഴ്സായി ഉള്ളത്. വീടുകൾക്കെല്ലാം കോമൺ ഡൈനിങ് സ്പേസ് ആയതുകൊണ്ടു പരസ്പരം ഒരു നേരമെങ്കിലും കാണും. ഒക്ടോബർ ആറ് വെള്ളിയാഴ്ച അത്താഴത്തിന് എത്തിയപ്പോൾ ചിലരെ കണ്ടു. ഭക്ഷണം കഴിച്ചു തിരികെ വീട്ടിലെത്തിയപ്പോൾ കാണാത്തവർക്കു വാട്സാപ്പ് ഗ്രൂപ്പിൽ മെസ്സേജും അയച്ചു. ഉറങ്ങാൻ കിടന്നപ്പോൾ ഓർത്തില്ല, നാളെ പുലരുന്നതു ഭീതിയുടെ ഇരുട്ടിലേക്കാണെന്ന്.
രാവിലെ ആറരയ്ക്ക്, ആക്രമണമുണ്ടാകും എന്നു സൂചിപ്പിക്കുന്ന സൈറൻ അടിച്ചു. പതിവുപോലെ വീടിന്റെ ഇ രുമ്പുജനാലകൾ വലിച്ചിട്ടു. ഇവിടുത്തെ സേഫ്റ്റി റൂമാണ് എന്റെ മുറി. ഞാൻ പരിപാലിക്കുന്ന അപ്പൂപ്പനെയും അദ്ദേഹത്തിന്റെ മകനെയും കൊച്ചുമകനെയും വിളിച്ചുണർത്തി സേഫ്റ്റി റൂമിലെത്തിച്ചു. അതുവരെയെല്ലാം ശാന്തമായിരുന്നു. സൈറൻ അടിക്കുന്നതും സേഫ്റ്റി റൂമിൽ അഭയം തേടുന്നതുമൊന്നും പുതുമയല്ല. ഗാസ ബോർഡറിനോടു ചേർന്നു താമസിക്കുന്ന ഞങ്ങൾക്കു പ്രത്യേകിച്ചും.

കത്തുന്ന വീടുകൾ
സുരക്ഷിതത്വം എന്ന വിശ്വാസത്തിലേക്കു വെടിയൊച്ച തുളച്ചുകയറാൻ അധികം സമയമെടുത്തില്ല. ആളുകളുടെ നിലവിളികൾ, സ്ഫോടന ശബ്ദങ്ങൾ... ഫോണിൽ മെസേജ് വന്നപ്പോഴാണു കാര്യം മനസ്സിലായത്. ഹമാസ് തീവ്രവാദികൾ വീടുകൾ ആക്രമിക്കുന്നു എന്നായിരുന്നു മെസ്സേജ്. പേടിയല്ല, ഒരു തരം മരവിപ്പാണ് തോന്നിയത്.
അപ്പോഴാണു വാട്സാപ്പ് ഗ്രൂപ്പിൽ സുഹൃത്തു നിമിഷയുടെ മെസേജ്, ‘അവർ സേഫ്റ്റി റൂം പൊളിക്കാൻ ശ്രമിക്കുന്നുണ്ട്’. ഉടൻ തന്നെ ഫോൺ വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ്. അതോടെ ധൈര്യമെല്ലാം ചോർന്നു ഞാൻ വാവിട്ടു കരഞ്ഞുപോയി. അവളെ ബന്ധപ്പെടാൻ പല വഴി ശ്രമിച്ചെങ്കിലും സാധിച്ചതേയില്ല.
കറന്റില്ല, കുടിക്കാൻ വെള്ളമില്ല. ഉള്ളില്‍ പൊള്ളുന്ന ചൂടാണ്. ഫോണിന്റെ ബാറ്ററി തീർന്നാൽ പുറംലോകം അന്യമാകും. ആക്രമണം നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും ഞായറാഴ്ച പുലർച്ചെ രണ്ടിനാണു സൈന്യം ഞങ്ങളുടെ വീട്ടിലെത്തുന്നത്. പട്ടാളക്കാരുടെ വേഷത്തിൽ തീവ്രവാദികൾ എത്തുന്നുവെന്നു മെസ്സേജ് വന്നിരുന്നു. ആ പേടിയാൽ വാതിൽ തുറന്നില്ല. വാതിൽ തകർത്ത് സൈന്യം അകത്തു കയറി. പക്ഷേ, കൂടെ പോകാൻ ഞങ്ങൾ വിസമ്മതിച്ചു. ഒടുവിൽ ഞങ്ങളുടെ വിശ്വാസം നേടി പിൻവാതിലിലൂടെയാണു പുറത്തെത്തിച്ചത്.
കണ്ണീരു വറ്റുന്ന കാഴ്ചയാണ് ചുറ്റും. പരുക്കേറ്റു തളർന്ന മനുഷ്യരുടെ ഭയന്നുവിറച്ച മുഖങ്ങൾ, കത്തുന്ന വീടുകൾ. ആളുകളെ പുറത്തുചാടിക്കാൻ തീവ്രവാദികൾ വീടിനു ചുറ്റും തീയിട്ടിരുന്നു. ആകാശത്തു മിസൈൽ പൊട്ടുന്ന വെളിച്ചത്തിൽ കാണാം, മണ്ണടിഞ്ഞ വീടുകൾ, തകർന്ന കാറുകൾ. സൈന്യം ഞങ്ങളെ ചാവുകടലിനു ചേർന്നുള്ള റിസോർട്ടിലെത്തിച്ചു. ഞാൻ നിമിഷയ്ക്കു വേണ്ടിയുള്ള അന്വേഷണം തുടർന്നെങ്കിലും നിരാശയായിരുന്നു ഫലം.
ഒടുവിൽ രാത്രിയാണു നിമിഷയെക്കുറിച്ചു വിവരം ലഭിക്കുന്നത്. തീവ്രവാദികൾ സേഫ്റ്റി റൂമിനുള്ളിൽ കയറി ഫോണും ആഭരണങ്ങളും പാസ്പോർട്ടുമെല്ലാം പിടിച്ചെടുത്ത് അവരെ ബന്ദിയാക്കി. കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും വണ്ടിയിൽ ഇടമില്ലാത്തതിനാൽ വഴിയിൽ ഉപേക്ഷിച്ചു. ആ നടുക്കം നിമിഷയെ വിട്ടുമാറിയിട്ടില്ല. ജീവൻ തിരിച്ചു കിട്ടിയെങ്കിലും പരിചയമില്ലാത്തവരോടു സംസാരിക്കാൻ പോലും ഇപ്പോൾ നിമിഷയ്ക്കു ഭയമാണ്. സുരക്ഷിത കേന്ദ്രത്തിലെത്തിയെങ്കിലും ഇതുവരെ സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ചെറിയ ശബ്ദം കേട്ടാൽ പോലും ഉള്ളൊന്നു കിടുങ്ങും.
ജീവന്‍ പണയം വച്ചും ഇവിടെ ജോലി ചെയ്യുന്നതു ജീവിക്കാനാണ്. മൂത്തമകൾ അലീന റഷ്യയിൽ എംബിബിഎസ്സിനു പഠിക്കുന്നു. ഇളയ മകൾ എട്ടാം ക്ലാസ്സുകാരി ആൻലീന. ചോറ്റാനിക്കരയാണ് നാട്. ഭർത്താവു കണ്ണനു നാട്ടിൽ ചെറിയൊരു ജോലിയുണ്ട്. എല്ലാം വിട്ടെറിഞ്ഞു പോരാവുന്ന ചുറ്റുപാടില്ലല്ല ഞാൻ.’’