Monday 08 October 2018 03:00 PM IST : By സ്വന്തം ലേഖകൻ

‘അതിനുള്ള ധൈര്യം ദൈവം അവർക്ക് നൽകട്ടെ’; ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതി; സ്റ്റീഫൻ ദേവസി-വിഡിയോ

sd

മലയാളി മനസുകളിൽ തീരാവേദന നൽകി മറഞ്ഞു പോയ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സുഖംപ്രാപിച്ചു വരുന്നു. കാറപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ആശ്വാസവാർത്ത ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസിയാണ് പങ്കുവച്ചത്. അപകടത്തിൽ തലച്ചോറിനും വയറിനും തോളെല്ലിനും ഗുരുതര പരിക്കേറ്റ ലക്ഷ്മിയെ കഴിഞ്ഞ ദിവസമാണ് വെൻറിലേറ്ററിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയത്.  

‘ലക്ഷ്മിയുടെ ആരോഗ്യനിലയെ സംബന്ധിച്ചു പെട്ടന്നു തന്നെ ഒരു വിവരം കൈമാറാനുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനകം ഐസിയുവിൽ നിന്നും റൂമിലേക്കു മാറ്റാൻ സാധിക്കും. ഇതുവരെ ജാനിയെ കുറിച്ചോ ബാലയെ കുറിച്ചോ ഒന്നും ലക്ഷ്മിക്ക് അറിയില്ല. ഇരുവരുടെയും മരണവാർത്ത എങ്ങനെ ലക്ഷ്മിക്ക് ഉള്‍ക്കൊള്ളാനാകുമെന്ന് അറിയില്ല. അതിനുള്ള ധൈര്യം ലക്ഷ്മിക്കുണ്ടാകാനായി നമുക്കു ദൈവത്തോടു പ്രാർഥിക്കാം.’– ഫെയ്സ്ബുക്ക് ലൈവിൽ സ്റ്റീഫന്റെ വാക്കുകൾ

ലക്ഷ്മി അബോധാവാസ്ഥയിൽ നിന്നും പുറത്തു വന്നതായി ഡോക്ടർമാരും വ്യക്തമാക്കിയിരുന്നു. ലക്ഷ്മിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ഇപ്പോൾ നൽകുന്നത്. ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടായാൽ ഈയാഴ്ചയോടെ ലക്ഷ്മിയെ വാർഡിലേക്ക് മാറ്റുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

അതേസമയം ലക്ഷ്മിയുടെ ആരോഗ്യനിലയും മാനസികാവസ്ഥയും പരിഗണിച്ച് ബാലഭാസ്കറിന്റേയും മകളുടേയും മരണവാർത്ത ഇപ്പോൾ അറിയിക്കാനാകില്ലെന്ന് ഡോക്ടർ മാർത്താണ്ഡൻ പിള്ള വനിത ഓൺലൈനിനോട് പറഞ്ഞു. ‘ഭർത്താവിന്റേയും മകളുടേയും മരണവാർത്ത ഇപ്പോൾ അറിയിക്കുന്നത് ശാരീരികമായും മാനസികമായും അവരെ തളർത്തും. ആരോഗ്യനില മെച്ചപ്പെട്ട് മാനസികാരോഗ്യ വിദഗ്ധരുമായുള്ള കൗൺസിലിംഗിനും ശേഷം ലക്ഷ്മിയെ ഇക്കാര്യം അറിയിക്കുന്നതാണ് ഉചിതം.’–ഡോക്ടർ വിശദീകരിക്കുന്നു.