Tuesday 09 October 2018 09:35 AM IST : By സ്വന്തം ലേഖകൻ

‘ബാലുവും ജാനിയും ഇനി കൂടെയില്ല’; ഒടുവിൽ ആ സത്യമറിഞ്ഞു, മരവിച്ച മനസുമായി ലക്ഷ്മി

lek-bala

തിരുവനന്തപുരം∙ ഒ‌‌ടുവി‍ൽ ആ സത്യം ലക്ഷ്മി അറിഞ്ഞു– അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നൽകി കൂടെ കൂട്ടിയ ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്. ബോധത്തിനും അബോധത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ, ബാല ഭാസ്ക്കറിന്റേയും തേജസ്വിനിയുടേയും വിയോഗ വാർത്ത ലക്ഷ്മിയെ അറിയിച്ചത് അമ്മയാണ്. സങ്കടത്താൽ മനസു മരവിച്ചതിനാലാകണം അമ്മയുടെ വാക്കുകൾ കേട്ടുവെന്നല്ലാതെ ലക്ഷ്മിയിൽ നിന്ന് പ്രത്യേകിച്ച് പ്രതികരണം ഉണ്ടായില്ല. അനന്തപുരി ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ് ലക്ഷ്മി.

ദിവസങ്ങൾക്കു മുമ്പു വരെ അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്താലാണ് നിലനിർത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വെന്റിലേറ്റർ നീക്കം ചെയ്തു. എന്നാലും പ്രിയപ്പെട്ടവരുടെ സുഖവിവരം അന്വേഷിക്കാൻ തക്ക നിലയിലായിരുന്നില്ല ലക്ഷ്മി. ഇന്നലെ ഉപകരണ സഹായമില്ലാതെ ശ്വാസോച്ഛ്വാസം ചെയ്തു. മറ്റുള്ളവർ പറയുന്നത് കാതുകൂർപ്പിച്ചു കേട്ടു തുടങ്ങിയപ്പോഴാണ് ലക്ഷ്മിയുടെ അമ്മ ബാലയുടേയും തേജയുടേയും വിയോഗ വിവരം അറിയിച്ചത്. പുറത്തു കാട്ടിയില്ലെങ്കിലും മനസിലെങ്കിലും വിവരം ഉൾക്കൊണ്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ബന്ധുക്കൾ.

ലക്ഷ്മിയുടെ നിലയിലെ പുരോഗതി ബാല ഭാസ്ക്കറിന്റെ ഉറ്റ സുഹൃത്തായ സ്റ്റീഫൻ ദേവസിയാണ് ഫെയ്സ്ബുക് ലൈവ് വഴി പുറത്തറിയിച്ചത്. 

ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആരോഗ്യ നിലയിലെ പുരോഗതി ആശാവഹമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.