Wednesday 13 March 2024 11:15 AM IST : By സ്വന്തം ലേഖകൻ

വിട്ടുമാറാത്ത കടുത്ത പനിയും തലവേദനയും മുട്ടിനു നീരും; പത്തു വര്‍ഷത്തിനു ശേഷം കേരളത്തില്‍ 'ലൈം രോഗം' കണ്ടെത്തി!

lime-disease

പത്തു വര്‍ഷത്തിനു ശേഷം സംസ്ഥാനത്തു വീണ്ടും 'ലൈം രോഗം' കണ്ടെത്തി. പെരുമ്പാവൂര്‍ കൂവപ്പടിയിലെ 56 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിട്ടുമാറാത്ത കടുത്ത പനിയും തലവേദനയും മുട്ടിനു നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗിയെ ഡിസംബര്‍ 6 ന് ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

തലച്ചോറില്‍ മെനിഞ്ചൈറ്റിസ് ബാധിച്ചിരുന്നു. ശരീരം സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ വൃഷണ സഞ്ചിയില്‍ ആള്‍സറിനു സമാനമായ മുറിവ് കണ്ടെത്തി.ഏതെങ്കിലും ചെറുജീവി കടിച്ചതാകാമെന്ന സാധ്യതയില്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്ന് ഒരു തരം ചെറുവണ്ടുകള്‍ പരത്തുന്ന ബാക്ടീരിയ അണുബാധ മൂലമുണ്ടാകുന്ന ലൈം രോഗമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. 

20 ദിവസത്തോളം ചികില്‍സയില്‍  കഴി‍ഞ്ഞ രോഗി, അണുബാധയ്​ക്കെതിരെയുള്ള ചികില്‍സയിലൂടെ രോഗം ഭേദമായി ആശുപത്രി വിട്ടു.എറണാകുളം ജില്ലയില്‍ ആദ്യമായാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.  കര്‍ഷകനായ രോഗിക്ക് കൃഷി സ്ഥലത്തു വച്ചാകാം വണ്ട് കടിച്ചതെന്ന് സംശയിക്കുന്നു. 

ബലേറിയ ബര്‍ഗ്ഡോഫെറൈ വിഭാഗത്തിലുള്ള ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന രോഗമാണ് ലൈം രോഗം.  ചെറിയ ചില വണ്ടുകളും ചെള്ളുകളുമാണ് രോഗമുണ്ടാക്കുന്നത്. യുഎസിലെ ലൈം നഗരത്തിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പനി, തലവേദന, ക്ഷീണം, ചെള്ളുകളുടെ കടിയേറ്റ ഭാഗത്തു ചുവന്ന തടിപ്പ് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ചികിത്സ ഫലിച്ചില്ലെങ്കില്‍ ശരീരത്തിലെ പല അവയവവ്യുഹങ്ങളെയും ഒരേസമയം രോഗം ബാധിക്കാനും സാധ്യതയുണ്ട്.

Tags:
  • Spotlight