Thursday 14 September 2023 04:56 PM IST

‘ലിനിയുടെ സംസ്കാരം കഴിഞ്ഞു വന്നപ്പോഴും പലരും അടുത്തേക്ക് വരുന്നില്ല’: ഭീതിയുടെ ആ നാളുകൾ: നിപ്പക്കാലം മറക്കില്ലെന്ന് സജീഷ്

Binsha Muhammed

sajeesh-lini-new

‘‘സജീഷേട്ടാ...ആം ഓൾമോസ്റ്റ് ഓൺ ദ് വേ..നിങ്ങളെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല...സോറി...ലവൻ, കുഞ്ഞു, ഇവരെ ഒന്നു ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്..വിത്ത് ലോട്സ് ഓഫ് ലവ്..ഉമ്മ...’’

പറഞ്ഞയച്ചു എന്ന് നമ്മൾ കരുതിയ നിപ്പ ഭീതി വീണ്ടും പിടിമുറുക്കുകയാണ്. കോഴിക്കോടിന്റെ മണ്ണിൽ തന്നെ വീണ്ടും പൊട്ടിമുളച്ച നിപ്പ ഭീതി, ജാഗ്രതയ്ക്കൊപ്പം ഹൃദയം പൊള്ളിക്കുന്ന ചില ഓർമകളിലേക്കു കൂടി മലയാളിയെ കൊണ്ടു പോകും. നമുക്കു വേണ്ടി മരണത്തെ പുൽകിയ ലിനിയും അവർ അന്ന് അവസാനമായി കുറിച്ച ഈ ഹൃദയാക്ഷരങ്ങളും ചങ്കുപൊള്ളിച്ചു കൊണ്ടേയിരിക്കുന്നു. മരണം മുന്നിൽ കണ്ടു തുടങ്ങിയ നിമിഷത്തിൽ തന്റെ പ്രിയപ്പെട്ടവനായി ലിനി കുറിച്ച വാക്കുകൾ വീണ്ടും ഓർമകളായി ഇരമ്പുന്നു.

കേരളം മറ്റൊരു നിപ്പ പ്രതിരോധത്തിന്റെ പരിചയേന്തി നിൽക്കുമ്പോൾ ഉള്ളുപൊള്ളുന്ന ആ ഓർമകൾ ലിനിയുടെ ഭർത്താവ് സജീഷിന്റെ മനസിലും തികട്ടി വരുന്നുണ്ട്. കെട്ടകാലത്തിന്റെ ആ ഓർമകളും തോരാകണ്ണീരിന്റെ നിമിഷങ്ങളും ഓർക്കുമ്പോൾ സജീഷിന്റെ ഹൃദയവും വിങ്ങുന്നുണ്ട്. ജാഗ്രത കൈവെടിയരുതേ എന്ന് ഓർമിപ്പിച്ച് സജീഷ് വനിത ഓൺലൈനോട് മനസു തുറക്കുകയാണ്.

ഹൃദയം നുറുങ്ങുന്ന ഓർമ

‘നിപ്പ വീണ്ടും പടിവാതിൽക്കലെത്തി എന്നു കേട്ടപ്പോഴേ നമ്മളുടെ ഉള്ളുപിടഞ്ഞു. ജാഗ്രതയും കരുതലും കൈവിടാതെ നാം പോരാട്ടത്തിനൊരുങ്ങി. കാരണം നമുക്ക് ഇന്ന് ആ രോഗത്തേയറിയാം. അത് വിതയ്ക്കുന്ന മരണത്തെക്കുറിച്ചറിയാം. പക്ഷേ ഇതൊന്നും അറിയാതെ, നിപ്പയെന്ന പേരു പോലും കേട്ടു കേൾവി മാത്രമായിരുന്ന കാലം. കാര്യമായ മുൻകരുതലുകളോ സജ്ജീകരണങ്ങളോ ഇല്ലാതെ മരണത്തിലേക്ക് നടന്നു കയറുകയായിരുന്നു ലിനി. വീണ്ടും നിപ്പ പിടിമുറുക്കുന്നു എന്ന് കേൾക്കുമ്പോൾ അന്നത്തെ ആ പേടിപ്പെടുത്തുന്ന ഓർമകൾ ഉള്ളിൽ നിറയുന്നുണ്ട്.’– സജീഷ് പറയുന്നു.

2018 മേയ് 21നാണ് ലിനി നിപ്പ ബാധിതയായി എന്ന് അറിയുന്നത്. അന്നത് ജീവനെടുക്കാൻ പോന്ന മഹാരോഗമാണെന്നോ അതിന്റെ ഗൗരവമെന്തെന്നോ അറിയില്ലായിരുന്നു. രോഗികളെ ശുശ്രൂഷിക്കുന്നതിലും പരിചരിക്കുന്നതിലും അവൾ കാണിക്കുന്ന ആത്മാർത്ഥത എനിക്കറിയാം. അന്നും അവളുടെ മുന്നിലേക്ക് വൈറസ് ബാധിതരായി എത്തിയ രോഗികളെ കൈമെയ് മറന്ന് അവൾ പരിചരിച്ചിട്ടുണ്ടാകാം. എന്നാൽ പടർന്നു കയറുന്ന നിപ്പ, മരണ വാഹകൻ കൂടിയാണെന്ന ഭയം മാധ്യമങ്ങളിലൂടെയും സോഷ്യൽ മീ‍ഡിയയിലൂടെയും പുറത്തു വന്നപ്പോൾ നെഞ്ചൊന്നു പിടഞ്ഞു. ലിനിക്ക് കൂടി അസുഖം പിടിപെട്ടു എന്നറിഞ്ഞതോടെ ആ ഭയം ഇരട്ടിയായി.

ആ വേദനയും ആശങ്കയും ഞങ്ങൾക്കു മാത്രം സ്വന്തമായിരുന്നു. ഒന്ന് ആശ്വസിപ്പിക്കാനോ അടുത്തു വരാനോ ഉറ്റവർക്കു പോലും പേടി. ഇനിയൊരു തിരിച്ചു വരവില്ലെന്ന് ഉറപ്പിച്ച് അന്ന് അവളെഴുതിയ കത്ത് ബൈ സ്റ്റാൻഡറായി നിന്ന ഒരു ഞങ്ങളുടെ ഒരു മാമന്റെ ഭാര്യയാണ് എന്നിലേക്ക് എത്തിച്ചത്. ആ ജീവൻ പോകും മുമ്പ് അവളെ ഞാൻ കണ്ടില്ലെന്നേയുള്ളൂ. പക്ഷേ ആ ഹൃദയം എന്നെയും മക്കളേയും ഓർത്ത് എത്രമാത്രം പിടഞ്ഞിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു.

ഈ ലോകത്തു നിന്ന് ലിനി വിട പറയുമ്പോൾ ഈ നാട് ഞങ്ങളെ ചേർത്തു പിടിച്ചതും എന്റെയും മക്കളേയും ആശ്വസിപ്പിച്ചതും ഒന്നും മറക്കില്ല. പക്ഷേ നിപ്പ ഭീതി സമാനതകളില്ലാത്തൊരു ഇരുട്ടിലേക്കാണ് അന്നു ഞങ്ങളെ തള്ളിവിട്ടത്. ആളുകൾക്കൊക്കെ അന്ന് ഞങ്ങളുടെ അടുത്തേക്ക് വരാനൊക്കെ ഭയമായിരുന്നു  ലിനി മരിച്ച സമയത്ത് ക്രിമേഷൻ കഴിഞ്ഞ് വന്നപ്പോഴും പലരും അടുത്തേക്ക് വരുന്നില്ല. എല്ലാവർക്കും പേടിയാണ്. എങ്ങനെ അസുഖം വരുമെന്ന് പോലും ആർക്കും ധാരണയില്ലല്ലോ. വായുവിലൂടെയാണോ, സ്പർശനത്തിലൂടെയാണോ എങ്ങനെയും രോഗം വരുമെന്ന പേടിയായിരുന്നു ജനങ്ങൾക്ക്. അന്ന് ഒരുപാട് പേർ മരണപ്പെട്ടെങ്കിലും ഞങ്ങളുടെ കുടുംബത്തിൽ ആർക്കും അസുഖം വന്നില്ല.

lini-sajeesh-nipah-recalls

വെറുമൊരു ജീവിതമല്ല ലിനിയുടേതെന്ന് എനിക്കുറപ്പുണ്ട്. അന്ന് ലിനി സ്വയം എടുത്ത കരുതല്‍ ഇല്ലായിരുന്നെങ്കിൽ രോഗം പിന്നെയും പടരുമായിരുന്നു. നിപ്പയുടെ വേരുകൾ തന്റെ ശരീരത്തിലേക്കും കയറിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം അവൾ തളർന്നില്ല, കൂടുതൽ കരുത്തയായി. മറ്റൊരാൾക്ക് രോഗം വരുമോ എന്ന് പേടിച്ച് ഐസൊലേറ്റഡ് ആയി. അന്ന് ലക്ഷണങ്ങൾ ഗുരുതരമായ ഘട്ടത്തിലാണ് ലിനി എനിക്ക് ആ കത്ത് എഴുതിയത്.

ഭീതിയുടെ ഈ നിമിഷത്തിൽ ഞാനും ഓരോ മലയാളിയെയും പോലെ ലിനിയെ ഓർക്കുന്നുണ്ട്. അവളിലൂടെ എന്നെയും എന്റെ മക്കളേയും നാട് നെഞ്ചിലേറ്റുന്നു എന്ന് ഓർക്കുമ്പോഴും അഭിമാനമുണ്ട്. അന്ന് അവൾ ചെയ്ത കരുതൽ ഇല്ലായിരുന്നെങ്കിൽ മറ്റൊന്നാകുമായിരുന്നല്ലോ അവസ്ഥ. പോരാളിയായ അമ്മയുടെ ഓർമകൾ എന്റെ മക്കൾക്കു കരുത്തായ് ഉണ്ട്.  

സജീഷ് നിലവിൽ പേരാമ്പ്ര പന്നിക്കോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ക്ലാർക്ക് ആയി സേവനം അനുഷ്ഠിക്കുകയാണ്. സജീഷിന്റെയും മക്കളായ ഋതുലിന്റേയും സിദ്ധാർഥിന്റേയും ജീവിതത്തിലേക്ക് അമ്മയായി പ്രതിഭ എത്തിയത് 2022ലാണ്. വടകര പുതിയാപ്പിലാണ് സജീഷിന്റെ കുടുംബം താമസിക്കുന്നത്.