Monday 21 September 2020 03:46 PM IST : By സ്വന്തം ലേഖകൻ

‘എനിക്കാകും 12 കോടിയെന്ന് തമാശയ്ക്ക് കൂട്ടുകാരോട് പറഞ്ഞിരുന്നു, ഫലം വന്നപ്പോൾ ഞെട്ടിപ്പോയി’; തിരുവോണം ബംപർ ഭാഗ്യവാൻ അനന്തു പറയുന്നു

ananthu-vijrrrttyyr

‘‘രണ്ടാഴ്ച മുൻപാണ് ഞാൻ തിരുവോണം ബംപർ ലോട്ടറി എടുത്തത്. ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നറുക്കെടുപ്പിന്റെ അന്നുവരെ ഒന്നാം സമ്മാനം എനിക്കാണെന്നു തമാശയ്ക്കു കൂട്ടുകാരോടു പറഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരമാണ് മൊബൈലിൽ ലോട്ടറി ടിക്കറ്റ് നോക്കിയത്. ഒന്നാം സമ്മാനത്തിന്റെ നമ്പറിലേക്ക് അവസാനമാണ് കണ്ണു പോയത്. ഫലം കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി.’’- 12 കോടിയുടെ തിരുവോണം ബംപർ അടിച്ച ഭാഗ്യവാൻ അനന്തു പറയുന്നു.

ലോട്ടറി അടിച്ച കാര്യം കസിനെയാണ് അനന്തു ആദ്യം വിളിച്ചറിയിച്ചത്. പിന്നെ വീട്ടിലേക്കും. അപ്രതീക്ഷിതമായി ലഭിച്ച സൗഭാ​ഗ്യത്തിന്റെ അമ്പരപ്പിലാണ് വീട്ടുകാരും. ‘പരിചയമുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥ വഴി ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു. ഇതുവരെ അടിച്ച ഏറ്റവും വലിയ സമ്മാനം 5000 രൂപയായിരുന്നു. വീട്ടിൽ എല്ലാവരും സന്തോഷത്തിലാണ്. സമ്മാന തുക കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. ആദ്യം ഒരു വീട് വയ്ക്കണം.’- അനന്തു പറയുന്നു. 

ഇടുക്കി സ്വദേശിയായ അനന്തു വിജയന് എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലാണ് ‌ജോലി. അച്ഛൻ വിജയനും ബംപർ ടിക്കറ്റ് വാങ്ങിയിരുന്നു. അച്ഛൻ കട്ടപ്പനയിൽ നിന്നു ലോട്ടറി ടിക്കറ്റ് വാങ്ങിയപ്പോൾ മകൻ ടിക്കറ്റെടുത്തത് എറണാകുളത്തു നിന്ന്. കട്ടപ്പന ഇരട്ടയാർ വലിയ തോവാളയിലെ 55 വർഷം പഴക്കമുള്ള വീട്ടിലേക്കാണ് ഇത്തവണ ഭാഗ്യദേവത വലതുകാൽ വച്ചു കടന്നുവന്നത്. വലിയ തോവാളയിലെ ഉയർന്ന പ്രദേശത്ത് ജലക്ഷാമം രൂക്ഷമായ സ്ഥലത്താണ് അനന്തുവും കുടുംബവും താമസിക്കുന്നത്. 

ലൈഫ് ഭവന പദ്ധതിയിലൂടെ പുതിയ വീടിനു ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ശുദ്ധജലവും നല്ല വഴിയുമുള്ളിടത്തു വീടു വയ്ക്കണമെന്നാണ് ഇവരുടെ ആഗ്രഹം. മറ്റൊന്നും തൽക്കാലം ചിന്തിച്ചിട്ടില്ല. അനന്തു ഡിഗ്രി പഠനം കഴിഞ്ഞതു മുതൽ ലോട്ടറിയെടുക്കാറുണ്ട്. പെയ്ന്റിങ് തൊഴിലാളിയായ അച്ഛൻ വിജയനെ കണ്ടു പഠിച്ചതാണ് ഈ ശീലം. ടെക്സ്റ്റൈൽ സ്ഥാപനത്തിൽ സെയിൽസ് വുമൺ ആണ് അമ്മ സുമാ വിജയൻ. ആതിര വിജയനും അരവിന്ദ് വിജയനും സഹോദരങ്ങളാണ്.

അയ്യപ്പൻ കാവിലെ വിഘ്നേശ്വര ലോട്ടറി ഏജൻസീസ് വഴി വിറ്റഴിച്ച ടിബി 173964 നമ്പർ ടിക്കറ്റിനാണു ബംപറടിച്ചത്. 12 കോടി രൂപയിൽ 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് അനന്തുവിനു ലഭിക്കുക. കണ്ണൂർ പെരളശേരിക്കാരനായ എൻ. അജേഷ് കുമാറാണ് വിഘ്നേശ്വര ഏജൻസീസ് ഉടമ.

ലോട്ടറി വിൽപനയ്ക്കിറങ്ങി കാൽ നൂറ്റാണ്ടിനിടെ പലപ്പോഴും ഒരു കോടിയും 70 ലക്ഷവുമെല്ലാം അടിച്ചിട്ടുണ്ടെങ്കിലും ബംപർ നേട്ടം ആദ്യം. വാവോട് കണ്ണോത്ത് കുഞ്ഞപ്പനായരുടെ മകനായ അജേഷ് 25 വർഷം മുൻപാണു കൊച്ചിയിലെത്തിയത്. വിഘ്നേശ്വര ഏജൻസി തുറന്നിട്ട് 15 വർഷം. കടവന്ത്ര കെ.പി.വള്ളോൻ റോഡിൽ തട്ടിൽ ലോട്ടറി നിരത്തി വിൽപന നടത്തുന്ന തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി അഴകച്ചാമി അജേഷിൽ നിന്നു വാങ്ങിക്കൊണ്ടുപോയ 10 ടിക്കറ്റുകളിൽ ഒന്നിനാണു 12 കോടി രൂപ അടിച്ചത്.

തിരുവോണം ബംപറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ 6 പേർക്കു ലഭിച്ചു. ടിഎ 738408 (നെയ്യാറ്റിൻകര), ടിബി 474761 (പയ്യന്നൂർ), ടിസി 570941 (കരുനാഗപ്പള്ളി), ടിഡി 764733 (ഇരിങ്ങാലക്കുട), ടിഇ 360719 (കോട്ടയം), ടിജി 787783 (ആലപ്പുഴ). മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കു ലഭിക്കും. കോവിഡ് പശ്ചാത്തലത്തിലും ഭാഗ്യക്കുറി വകുപ്പിന് ഓണം ബംപർ ടിക്കറ്റ് വിൽപനയിലൂടെ ഇത്തവണ വൻ നേട്ടമാണുണ്ടായത്.

Tags:
  • Spotlight