Wednesday 27 January 2021 04:18 PM IST : By സ്വന്തം ലേഖകൻ

‘ഇന്ന് അവൾ ഇവിടെ കിടക്കട്ടെ, നാളെ കൊണ്ടു പൊയ്ക്കോ’; രക്തത്തിൽ കുളിച്ച മകളെ നോക്കി കൂസലില്ലാതെ പത്മജ

alekhya

പുനർജന്മം കാംക്ഷിച്ച് മക്കളെ കൊലപ്പെടുത്തിയ അധ്യാപക ദമ്പതികളുടെ വാർത്ത വലിയ ഭീതിയാണ് സൃഷ്ടിച്ചത്. കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമ്പോള്‍ പെണ്‍മക്കള്‍ പുനര്‍ജ്ജനിക്കും എന്ന് വിശ്വസിച്ച അധ്യാപക ദമ്പതികൾ മക്കളെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മടനപ്പള്ളിയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾ നടന്നത്. പത്മജ, അവരുടെ ഭർത്താവ് പുരുഷാേത്തം നായിഡു എന്നിവരാണ് പിടിയിലായത്. 27കാരി അലേഖ്യ, 22കാരി സായ് ദിവ്യ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകങ്ങൾ നടന്നത്.

ഡംബല്‍സിന് അടിച്ചു കൊലപ്പെടുത്തിയ നിലയില്‍ രക്തപ്പുഴയില്‍ കുളിച്ചു കിടക്കുകയായിരുന്നു ആലേഖ്യയും സായി ദിവ്യയും. ഇളയമകളുടെ തലയ്ക്കുള്ളില്‍ ദുഷ്ടശക്തി ഒളിച്ചിരിക്കുന്നുണ്ടായിരുന്നു എന്നും തല തകര്‍ത്ത് താന്‍ അതിനെ തുറന്നു വിട്ടെന്നുമായിരുന്നു പത്മജയുടെ വാദം.

അന്ധവിശ്വാസത്തിന്റെ മൂർധന്യാവസ്ഥയിൽ നിന്നിരുന്ന പത്മജ ചോദ്യം ചെയ്യലിന്റെ ആദ്യമണിക്കൂറുകളിൽ പൊലീസിനോട് സഹകരിച്ചിരുന്നില്ലെന്നാണ് വിവരം. പൊലീസിനെ വലയ്ക്കുന്ന മൊഴികളാണ് ദമ്പതിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മൂത്ത മകള്‍ അലേഖ്യയാണ് ഇളയവളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് അമ്മ പദ്മജ നല്‍കിയിരിക്കുന്ന മൊഴി. അതേസമയം പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കൾ കുറ്റംനിഷേധിച്ചിട്ടുമുണ്ട്.

ഇളയമകൾ സായിയുടെ ആത്മാവിനോടു ചേര്‍ന്ന് അവളെ തിരികെ കൊണ്ടുവരാന്‍ തന്നെ കൊലപ്പെടുത്താന്‍ അലേഖ്യ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പദ്മജ പറഞ്ഞു. കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുമ്പോള്‍ പുനര്‍ജനിക്കുമെന്നാണ് അലേഖ്യ പറഞ്ഞതെന്നും അമ്മ പറയുന്നു. എന്നാല്‍ പൊലീസ് ഇതു വിശ്വസിക്കാന്‍ കൂട്ടാക്കിയിട്ടില്ല. മാതാപിതാക്കളുടെ മാനസികനില പരിശോധിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലീസ് വീട്ടിലെത്തുമ്പോള്‍ വാതിലില്‍ തടഞ്ഞ പദ്മജ, തിങ്കളാഴ്ച വരെ പുനര്‍ജനിക്കാന്‍ സമയം അനുവദിക്കണമെന്നാണ് പൊലീസിനോടു പറഞ്ഞത്. രക്തത്തില്‍ കുളിച്ച് നഗ്നമായ നിലയിലായിരുന്നു പെണ്‍കുട്ടികളുടെ മൃതദേഹം. 'ഇന്നൊരു ദിവസം അവര്‍ ഇവിടെ കിടക്കട്ടെ. നാളെ വേണമെങ്കില്‍ കൊണ്ടുപൊയ്‌ക്കോളൂ. എന്തിനാണ് ഷൂസ് ഇട്ട് വീടിനുള്ളില്‍ കറങ്ങുന്നത്. എല്ലായിടത്തും ദൈവമാണുള്ളത്. പൂജാമുറിയിലേക്ക് ഷൂസ് ഇട്ട് പോകുന്നതെന്തിന്?'- എന്നാണു പദ്മജ ചോദിച്ചത്. ഒരു പകല്‍ നല്‍കിയാല്‍ മക്കളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും എന്ന് മാതാവ് പത്മജ ഉറച്ചു വിശ്വസിച്ചിരുന്നു. പുജാമുറിയിലേക്കു നമസ്‌കരിക്കാന്‍ പോകുകയാണെന്നു പറഞ്ഞാണ് പൊലീസ് അവിടേക്കു കടന്നത്.

കൊലപാതകത്തെക്കുറിച്ച് ചോദ്യം ചെയ്യലിനിടയില്‍ തന്റെ പൂജാവിധി പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതില്‍ പത്മജ പൊലീസിന് നേരെ ക്ഷോഭിക്കുകയായിരുന്നു. പൊലീസ് വീട്ടിലേക്ക് സാത്താനെ കൊണ്ടു വന്നെന്ന് ഇവര്‍ പറഞ്ഞു. പൊലീസുകാര്‍ വാതില്‍ തുറന്നപ്പോള്‍ ദുഷ്ടശക്തികള്‍ വീട്ടിനുള്ളിലേക്ക് കയറിയതാണ് മക്കള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാതെ പോയതെന്ന് പത്മജ പറഞ്ഞു. പൊലീസുകാര്‍ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു വന്നിരുന്നെങ്കില്‍ തന്റെ പെണ്‍മക്കള്‍ ഉയര്‍ത്തെഴുന്നേറ്റ് അത്ഭുതം സംഭവിച്ച വീടായി മാറിയേനെ എന്നും ഇവര്‍ പറഞ്ഞു.

ഞായറാഴ്ച പുരുഷോത്തം ഒരു സുഹൃത്തിനോടു ഫോണില്‍ വീട്ടില്‍ നടന്ന കാര്യങ്ങള്‍ അറിയിച്ചുവെന്നും അദ്ദേഹമാണ് പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ചതെന്നുമാണു പൊലീസ് പറഞ്ഞത്. ദമ്പതിമാര്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തികഞ്ഞ അന്ധവിശ്വാസികള്‍ ആയതിനാല്‍ മക്കളെ തങ്ങള്‍ കൊന്നുവെന്ന് അവര്‍ വിശ്വസിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു. മക്കളുടെ അന്ത്യകര്‍മം ചെയ്യാന്‍ പൊലീസ് കഴിഞ്ഞ ദിവസം പുരുഷോത്തം നായിഡുവിന് അനുമതി നല്‍കിയിരുന്നു. 

പുനര്‍ജന്മത്തെക്കുറിച്ചും മറ്റും പറഞ്ഞ് പെണ്‍മക്കളെ മാതാപിതാക്കള്‍ ബ്രെയിന്‍വാഷ് ചെയ്തിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പുനര്‍ജനിക്കാനായി പെണ്‍കുട്ടികളെ കൊന്ന ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് പരസ്പര ബന്ധമില്ലാതെ സംസാരിച്ചിരുന്ന ദമ്പതികളില്‍ പുരുഷോത്തം നായിഡുവാണ് സാധാരണ നില കൈവരിച്ച് കാര്യങ്ങള്‍ വിശദമായി പൊലീസിനോടു വിവരിച്ചത്. എന്നാൽ പത്മജയാകട്ടെ ഒരു ഭാവഭേദവുമില്ലാതെ മനോനില തെറ്റിയ അവസ്ഥയിലായിരുന്നു. കൈകൾ കറക്കി, ചുറ്റും നോക്കി ചിരിച്ച് അവർ ഉദ്യോഗസ്ഥർക്കൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങൾ തെലുങ്ക് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പെൺകുട്ടികളുടെ മൃതദേഹം സംസ്ക്കരിക്കുന്ന സമയത്താണ് പുരുഷോത്തം നായിഡു തന്റെ ഭ്രാന്തമായ അവസ്ഥയിൽ നിന്നും സ്ഥലകാലബോധം വീണ്ടെടുത്തത്. മക്കളുടെ മൃതദേഹം സംസ്കരിക്കുന്ന സമയം കണ്ണീരോടെ വിങ്ങിപ്പൊടുകയായിരുന്നു അച്ഛൻ.

മക്കളുടെ ശവശരീങ്ങളുമായി പൂജ നടത്തിയാല്‍ കലിയുഗം അവസാനിച്ച് സത്യയുഗത്തിലേക്ക് കടക്കുന്നതോടെ സര്‍വ ഐശ്വരങ്ങളുമുണ്ടാകുമെന്നായിരുന്നു ഇരുവരുടെയും വിശ്വാസമെന്നും കരുതുന്നു. ഒരു മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ദമ്പതിമാര്‍ കൊടുംക്രൂരത ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.വിശ്വാസകാര്യങ്ങളില്‍ അതീവ തല്‍പരരായ ഇരുവരും ഞായറാഴ്ച വീട്ടില്‍ പ്രത്യേക പൂജകള്‍ നടത്തിയിരുന്നു. രാത്രിയോടെ  ആദ്യം ഇരുപത്തിയൊന്നു വയസുള്ള മകള്‍ സായ് ദിവ്യയെയും പിന്നീട് 27 വയസുള്ള മകള്‍ അലേകിയെയും വ്യായാമം ചെയ്യാനായി ഉപയോഗിക്കുന്ന ഡംബല്‍ ഉപയോഗിച്ചു ഇടിച്ചുകൊന്നത്.