Saturday 29 September 2018 02:26 PM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ട വളർത്തുനായയെ ട്രെയിനിൽ കൊണ്ടുപോകാമോ? യുവാവിന്റെ അനുഭവക്കുറിപ്പ് ശ്രദ്ധേയമാകുന്നു

lara-loft

താമസം മാറുമ്പോഴും മറ്റും പ്രിയപ്പെട്ട വളർത്തു മൃഗങ്ങളെ എന്തു ചെയ്യണം എന്നറിയാത്തവരാണ് നമ്മൾ. ഒപ്പം കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും നമ്മൾ അവറ്റകളെ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ട്രെയിനിൽ നായയെ ഒപ്പം കൊണ്ടുപോകാനുള്ള സൗകര്യം ഉണ്ടെന്നത് പലർക്കും അറിയില്ല. ഉടമയുടെയും വളര്‍ത്തുമൃഗങ്ങളുടെയും വിവരങ്ങള്‍ നല്കി ഫീസും അടച്ചാല്‍ സുഗമമായി യാത്ര ചെയ്യാം. അത്തരം ഒരു യാത്രയുടെ അനുഭവം പങ്കുവച്ചുകൊണ്ടുള്ള യുവാവിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുമായി പത്തനംതിട്ട സ്വദേശിയായ അഖില്‍ ആനിക്കാട്ടുമഠം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കു നടത്തിയ ട്രെയിന്‍ യാത്രയുടെ വിവരണം ആണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം;

മണികണ്ഠന്റെ നാട്ടില്‍നിന്ന് പദ്മനാഭന്റെ നാട്ടിലേക്ക്…ചില കാരണങ്ങളാല്‍ എനിക്ക് അമ്മയുടെ കൂടെ തിരുവനന്തപുരത്ത് വീട് എടുത്തു താമസം തുടങ്ങാന്‍വേണ്ടി പോകേണ്ടി വന്നു. ഓഹ് പിന്നെ.. ഞാന്‍ എന്റെ ലാറയെ(നായ) വിട്ടിട്ടു വരില്ല… ഞാന്‍ പറഞ്ഞു. പെറ്റമ്മ പറഞ്ഞാല്‍ കേള്‍ക്കണം. അതുകൊണ്ട് ഞാന്‍ ആലോചിച്ചു ലാറയെ എന്തു ചെയ്യും ലാറയെ ജോലിത്തിരക്കുകള്‍ കാരണം വീട്ടില്‍ നിര്‍ത്തിയാല്‍ മതിയെന്നും, ഇങ്ങോട്ടു കൊണ്ടുവരാം എന്ന് ഓര്‍ക്കുക പോലും വേണ്ടെന്നും അമ്മ പറഞ്ഞു. ഞാന്‍ കണക്കുകള്‍ മെനഞ്ഞു. പ്ലാന്‍ തയാറാക്കി.

മാമന്‍ കാറുമായി വരും. അതില്‍ തിരുവനന്തപുരത്തേക്കു പോന്നോളാന്‍ അമ്മ പറഞ്ഞു. ലാറയെയും കൊണ്ടുപോകണം എന്ന് ഞാന്‍.. സമ്മതിക്കില്ല എന്ന ഒറ്റ വാശിയില്‍ അമ്മ. അമ്മ പറഞ്ഞാല്‍ കേള്‍ക്കണമല്ലോ…പക്ഷേ, ആലോചിച്ചപ്പോള്‍ ലാറയെ മകളേപ്പോലെ നോക്കുന്ന എന്നെ പിരിഞ്ഞിരിക്കാന്‍ അവള്‍ക്കു പറ്റിയെന്നുവരില്ല. അതിനാല്‍ കൊണ്ടുപോകാമെന്നുതന്നെ തീരുമാനിച്ചു. ഞങ്ങള്‍ മാമന്റെ സുഹൃത്തിന്റെ കാറിനാണ് പോകാന്‍ പ്ലാന്‍ ചെയ്തത്.

ഉടമയോടു ചോദിച്ചപ്പോള്‍ പറ്റില്ല എന്നു പറഞ്ഞതിനാല്‍ ലാറയെ കയറ്റിക്കൊണ്ടുപോകാം എന്ന എന്റെ മോഹം വെറുതെയായി. എന്നാപ്പിന്നെ ട്രെയിനില്‍ കൊണ്ടുപോകാമെന്നു കരുതി. ഒരു സുഹൃത്തിനെയും ലാറയെയും കൂട്ടി ഓട്ടോ പിടിച്ച് നേരേ സ്റ്റേഷനിലേക്ക്. ഡോഗ് ലവേഴ്‌സ് കേരള എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ട് നായയെ ട്രെയിനില്‍ കൊണ്ടുപോകാനുള്ള നിയമവശങ്ങള്‍ തിരക്കി. വിദഗ്ധരായവര്‍ കൃത്യ മറുപടി തന്നതിനാല്‍ യാത്രയ്ക്കുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു.

സ്റ്റേഷനിലെത്തി കുറെ എഴുത്തുകുത്തുകള്‍ കഴിഞ്ഞപ്പോഴാണ് ഓഫീസിലെ ചേച്ചി പറഞ്ഞത് പട്ടി കടിക്കാത്ത ഇരിക്കാന്‍ മുഖത്ത് ഇടുന്ന മാസ്‌ക് വേണമെന്ന്. ഞാനും ലാറയും പരസ്പരം നോക്കി. ഇനി അതുകാരണം അവളെ ട്രെയിനില്‍ കയറ്റാതെ ഇരിക്കണ്ട എന്നുകരുതി ഞാന്‍ വേഗം പോയി അത് വാങ്ങികൊണ്ടു വന്നു. അപ്പോഴേക്കും ട്രെയിന്‍ പോകേണ്ടിയിരുന്ന ട്രെയിന്‍ കടന്നുപോയി. അടുത്ത ട്രെയിനിനായി കാത്തിരുന്നു. ഞാന്‍ അടുത്ത പരശുറാം എക്‌സ്പ്രസിനു വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു. ഉടനെ അടുത്ത ചേച്ചിമാരുടെ ഒരു കൂട്ടം വന്നു ചോദ്യശരങ്ങള്‍ എയ്തു തുടങ്ങി.

ഇതിനെ എവിടേക്ക് കൊണ്ടുപോകുകയാ. ഏത് ഇനമാ…കടിക്കുമോ? എല്ലാവര്‍ക്കും മറുപടി കൊടുത്തിട്ട് ഞാന്‍ റെയില്‍വേ സ്റ്റേഷനിലെ ഇന്‍ചാര്‍ജ് എന്ന് തോന്നിക്കുന്ന യൂണിയന്‍ ചേട്ടനോട് കാര്യം ധരിപ്പിച്ചു. പുള്ളിക്കാരന്‍ പറഞ്ഞതനുസരിച്ച് ട്രെയിന്‍ വന്നപ്പോള്‍ ഞാന്‍ ലാറയെ അതിലെ ഏറ്റവും അവസാനത്തെ ഗാര്‍ഡ് റൂമിലുള്ള കേജിലേക്കു കയറ്റി. സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റ് എടുത്ത ഞാന്‍ എന്തെങ്കിലും അത്യാവശ്യം വന്നാലോ എന്ന് കരുതി തൊട്ടടുത്ത ലേഡീസ് കംപാര്‍ട്ട്‌മെന്റിന് അപ്പുറുമുള്ള കംപാര്‍ട്ട്‌മെന്റില്‍ കയറി. മൂന്നു മണിക്കൂര്‍ യാത്ര എങ്ങനെ ചെലവഴിക്കും എന്ന് ആലോചിച്ചിരുന്ന എന്റെ സകല പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് ഒടുക്കത്തെ തിരക്ക്.

ട്രെയിന്‍ തിരുവനന്തപുരം എത്തിയപ്പോള്‍ ഞാന്‍ പെട്ടെന്ന് തന്നെ ലാറയുടെ അടുത്തേക്ക് ഓടി. ഗാര്‍ഡ് റൂമില്‍ ചെന്നപ്പോള്‍ ലാറ സുഖ നിദ്രയില്‍ ആയിരുന്നു. എന്റെ സാന്നിധ്യം അറിഞ്ഞതുകൊണ്ടാകും അവള്‍ ചാടി എഴുന്നേറ്റു. ഞങ്ങള്‍ എക്‌സിറ്റ് അടിച്ചതും ഒരു തെരുവുനായ അവളുടെ പുറകെ കുരച്ചുകൊണ്ട് വന്നു. അവള്‍ തിരിഞ്ഞുനിന്നു ഒന്നു കുരച്ചപ്പോള്‍ ആ ധീരന്‍ നായ തിരിഞ്ഞോടി. ഞങ്ങള്‍ നേരെ ഓട്ടോ വിളിക്കാന്‍ വേണ്ടി നടന്നു. പട്ടിയുള്ളതിനാല്‍ ഒരു കുട്ടിയെപോലും കയറ്റില്ലാന്നു ഓട്ടോ ചേട്ടന്മാര്‍. അവസാനം ഒരു പ്രായമുള്ള ചേട്ടന്‍ കൊണ്ടുപോകാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ 30 വര്‍ഷത്തെ ഓട്ടോറിക്ഷ ജീവിതത്തിലെ കഥകളും ഹീറോ പരിവേഷങ്ങളും കേട്ടുകൊണ്ട് ഞാന്‍ വീട്ടില്‍ എത്തി.

lara-loft2