Monday 02 August 2021 12:37 PM IST : By സ്വന്തം ലേഖകൻ

മുറിയുടെ മുൻവശത്തെ തണൽവലയിൽ ചെറിയ വിടവുണ്ടാക്കി നിരന്തരം നിരീക്ഷിച്ചു; മാനസയുടെ ചെറുചലനങ്ങൾ പോലും കണ്ടറിഞ്ഞ് രഖിൽ!

manasaa333337777

ആ മഞ്ഞ തണൽവലയിലെ ചെറിയ വിടവിലൂടെ മരണം തന്നെ ഉറ്റുനോക്കുന്നതു ഡോ. മാനസ അറിഞ്ഞിരുന്നില്ല. നെല്ലിക്കുഴിയിലെ ഡെന്റൽ കോളജിനു സമീപം രഖിൽ വാടകയ്ക്കെടുത്ത മുറിയുടെ മുൻവശത്തെ തണൽവലയിൽ ഇയാൾ തന്നെ സൃഷ്ടിച്ച വിടവിലൂടെയാണു മാനസയെ നിരീക്ഷിച്ചിരുന്നത്. 

റോഡിനോടു ചേർന്നുള്ള കെട്ടിടത്തിൽ രണ്ടാം നിലയിലുള്ള രണ്ടു മുറികളിൽ ആദ്യത്തേതിലായിരുന്നു രഖിൽ താമസിച്ചിരുന്നത്. ഈ രണ്ടു മുറികൾക്കു മുന്നിലായി വെയിലടിക്കാതിരിക്കാൻ കെട്ടിട ഉടമ കെട്ടിയ തണൽവലയിലുണ്ടാക്കിയ വിടവാണു രഖിൽ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. ബലവത്തായ ഇഴകളുള്ള ഈ വലയിൽ കടുപ്പമേറിയ വസ്തുക്കളെന്തോ ഉപയോഗിച്ചാണ് കതകിനു നേരേ മുന്നിലായി വിടവ് ഉണ്ടാക്കിയത്. 

കോളജിൽ നിന്ന് മാനസ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലേക്ക് 100 മീറ്റർ ദൂരമാണുള്ളത്. കോളജിൽനിന്ന് ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ നിരപ്പു കഴിഞ്ഞാൽ പിന്നെ വഴി വലതുവശത്തേക്കു തിരിഞ്ഞു ചെറിയ ഇറക്കമാണ്. കൃത്യം ഈ തിരിവിന് എതിർവശത്താണ് രഖിൽ താമസിക്കുന്ന കെട്ടിടം.

രണ്ടാം നിലയിലെ മുറിക്കു പുറത്തിറങ്ങി വിടവിലൂടെ നോക്കിയാൽ മാനസ കോളജിൽനിന്ന് ഇറങ്ങി കെട്ടിടത്തിന്റെ അടുത്തവരെ എത്തുന്നതു കാണാം. വളവു തിരിഞ്ഞ് ഇറക്കമിറങ്ങിയാൽ പിന്നെ നിരീക്ഷിക്കുന്നത് മുറിയുടെ ഇടതു വശത്തെ തുറന്നഭാഗം വഴിയാകും. തണൽവലയുടെ മറവിലായതിനാൽ പുറമേ നിന്നു നോക്കിയാൽ ആർക്കും കാണാൻ കഴിയില്ല. തൊട്ടടുത്ത മുറിയിൽ മാസങ്ങളായി താമസക്കാരില്ലാതിരുന്നതും ഇയാളുടെ നീക്കങ്ങൾ എളുപ്പമാക്കി.

വിശ്വസിക്കാനാകാതെ സഹപാഠികൾ

തൊട്ടടുത്ത നിമിഷം വരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി വെടിയേറ്റു വീണതു കണ്ട നടുക്കത്തിൽ നിന്നു മുക്തരായിട്ടില്ല മാനസയുടെ സഹപാഠികൾ. വെടിയൊച്ച കേട്ട് എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിനു മുൻപ് മാനസയും ഒപ്പം അപരിചിതനായ വ്യക്തിയും രക്തം ചിന്തി മരിച്ചു കിടക്കുന്നതാണു കണ്ടത്. 

ഒപ്പമുണ്ടായിരുന്ന 3 പേരും ഇന്നലെ പൊലീസിനു മൊഴി നൽകിയശേഷം പിന്നീട് ആരുമായും സംസാരിച്ചില്ല. രാത്രിയോടെ തന്നെ ഇവരുടെ മാതാപിതാക്കൾ സ്ഥലത്തെത്തിയിരുന്നു. രാവിലെ ആശുപത്രിയിലെത്തിയപ്പോഴും മുഖത്തെ ഭീതിമാറിയിരുന്നില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയശേഷം ഇവർ സ്വന്തം വീടുകളിലേക്കു മടങ്ങി. കേസിലെ മുഖ്യസാക്ഷികളായ ഇവർക്ക് കൗൺസലിങിനു സൗകര്യം ഒരുക്കുമെന്നു പൊലീസ് പറഞ്ഞു.

Tags:
  • Spotlight