വന്യമൃഗങ്ങളെ പിടികൂടാനുള്ള ഒട്ടേറെ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും മനുവിന് ഇത്തരത്തിലൊരു അനുഭവം ആദ്യം. മനു സംഭവം വിവരിക്കുന്നു: ‘കടുവയെ മയക്കുവെടി വയ്ക്കാനുള്ള ഡോക്ടർമാരുടെ സുരക്ഷയായിരുന്നു എന്റെ ജോലി. കടുവയെ കണ്ടെത്തി ആദ്യ വെടിവച്ചു. പക്ഷേ, ഈ വെടി കൊണ്ടില്ലെന്നത് ഞാനറിഞ്ഞില്ല. വീണ്ടും അടുത്ത വെടിവച്ചു. വളരെ പെട്ടെന്നായിരുന്നു കടുവ കുതിച്ചുചാടിയത്. ഷീൽഡിനു നേരെ കടുവ ചാടി. ഷീൽഡ് കൊണ്ട് പ്രതിരോധിച്ചപ്പോൾ ഹെൽമറ്റിൽ അടിച്ചു. ഹെൽമറ്റ് തെറിച്ചുവീണു. പിന്നീടു നടന്നതൊന്നും ഓർമയില്ല.’
സംഭവസമയത്തെ വിഡിയോ കണ്ടാണ് വലിയ അപകടത്തിൽ നിന്നാണ് താൻ രക്ഷപ്പെട്ടത് എന്ന് മനു മനസ്സിലാക്കിയത്. അപകടസമയത്ത് രക്തസമ്മർദം വർധിച്ചതിനെത്തുടർന്നു മനുവിനെ കുമളി കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടു.
ആശ്വാസത്തിൽ ഗ്രാമ്പിയിലെ ജനങ്ങൾ
കടുവ വനപാലകരുടെ വെടിയേറ്റു ചത്തതോടെ കുമളി ഗ്രാമ്പി, അരണക്കൽ നിവാസികൾ ആശ്വാസത്തിൽ. കടുവയെ പ്രദേശത്തു കണ്ടശേഷം എല്ലാ കുടുംബങ്ങളും ഭീതിയിലായിരുന്നു. തോട്ടം മേഖലയിലെ വിവിധ ഭാഗങ്ങളിൽ കടുവയെ കണ്ടെന്ന പ്രചാരണം മാസങ്ങളായി ഉണ്ടായിരുന്നെങ്കിലും തൊഴിലാളികൾ കാര്യമായി എടുത്തില്ല. എന്നാൽ ഗ്രാമ്പി സ്കൂളിനു സമീപമെത്തി കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചതോടെ എസ്റ്റേറ്റ് മേഖല നടുങ്ങി. തുടർന്നു സ്കൂളിന് അവധി നൽകി.
കന്നുകാലികളെ കടുവ വേട്ടയാടിയതിന് ഉടൻ നഷ്ടപരിഹാരം വേണമെന്നാണു തൊഴിലാളികളുടെ ആവശ്യം. പ്രദേശത്തു നിന്നു കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഒരു ഡസനിലധികം കാലികളെ കാണാതായിട്ടുണ്ട്. കൂടാതെ കടുവ ആക്രമിച്ചു പരുക്കേൽപിച്ച കന്നുകാലികളുമുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ കാലികളുടെ ഉടമസ്ഥർക്കും നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.
നിയമം ഇങ്ങനെ
1972ലെ വന്യജീവി (സംരക്ഷണ) നിയമം സെക്‌ഷൻ 12 അനുസരിച്ച് പ്രത്യേക സാഹചര്യങ്ങളിൽ വന്യമൃഗങ്ങളെ കൊല്ലുന്നതിനു നിയമാനുസൃത ഇളവ് ലഭിക്കും. പക്ഷേ, പൊതുജനങ്ങൾ ഉൾപ്പെടെ വന്യജീവികളെ സ്വയരക്ഷയ്ക്കായി കൊല്ലേണ്ടി വരുമ്പോൾ വനംവകുപ്പ് ആദ്യം കേസെടുക്കാറുണ്ട്. എങ്കിലും വന്യമൃഗങ്ങളെ കൊല്ലേണ്ട സാഹചര്യം തെളിയിക്കുന്ന പക്ഷം കേസിൽനിന്ന് ഒഴിവാക്കാറുമുണ്ട്.