Friday 21 June 2024 03:50 PM IST

‘തുടർ പ്രസവങ്ങളിൽ മൂന്നെണ്ണം ഇരട്ടപ്രസവം, 6 പേരിൽ രക്ഷപ്പെട്ടത് ഒരേ ഒരാൾ മാത്രം’: നൂറ്റാണ്ട് കയ്യൊപ്പിട്ട മറിയാമ്മയുടെ ജീവിതം

V R Jyothish

Chief Sub Editor

mariyamma-3

കരുവാരക്കുണ്ട് പുളിയക്കോട് പാപ്പാലിൽ വീട്ടിൽ മറിയാമ്മ ഉതുപ്പ് വലിയ സന്തോഷത്തിലായിരുന്നു. മക്കളും കൊച്ചുമക്കളും വന്നിരിക്കുന്നു. മറിയാമ്മ ഉതുപ്പ് നൂറ്റിപതിനാറാം ജന്മദിനം ആഘോഷിച്ചിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. അതിനു ശേഷം വനിതയ്ക്കു വേണ്ടിയാണ് ഈ ഒത്തുചേരൽ. ക്യാമറ കണ്ടപ്പോൾ മറിയാമ്മച്ചിക്കൊരു സംശയം. ‘‘ഇ ന്നെന്റെ പിറന്നാളാണോ മക്കളേ...’’ അടുത്തു നിന്ന മകൻ വർഗീസിനോടു ചോദിച്ചു. അമ്മച്ചിയുടെ വിശേഷങ്ങൾ കേൾക്കാനും ഫോട്ടോ എടുക്കാനും ‘വനിത’യിൽ നിന്നു വന്നതാണെന്നു മരുമകൾ സൂസൻ വർഗീസ് അമ്മച്ചിയോടു പറഞ്ഞു.

ആൺമക്കളുടെ കൂടെ മാറി മാറിയാണു മറിയാമ്മച്ചിയുടെ ജീവിതം. ഇപ്പോൾ പാപ്പാലിൽ വർഗീസിന്റെ വീട്ടിലാണു മറിയാമ്മ. പതിന്നാലു മക്കളെ പ്രസവിച്ചു. ഒൻപതു ശിശുമരണങ്ങൾ. ബാക്കിയായത് അഞ്ചു പേർ. സാറാമ്മ, കുര്യാക്കോസ്, പൗലോസ്, വർഗീസ്, അന്നാമ്മ. മക്കളും ചെറു മ ക്കളും അവരുടെ മക്കളുടെ മക്കളും ഒക്കെയായി അഞ്ചു തലമുറയുടെ പുണ്യത്തിൽ 130 ആണ് ഇ പ്പോൾ കുടുംബത്തിന്റെ അംഗ ബലം.

മൂവാറ്റുപുഴ റാക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിലായിരുന്നു മറിയാമ്മയുടെ മാമോദീസ എന്നാണു രേഖകൾ. 1908 ഓഗസ്റ്റ് 31–ാം തീയതിയാണു ജനനം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആധാർ രേഖകളിൽ വ്യത്യാസമുണ്ട്. (1947 –നു മുൻപുള്ള മാമോദീസ രേഖകൾ പല പള്ളികളിലും ഇപ്പോഴില്ല.) എങ്കിലും മറ്റു ബന്ധുക്കളുടെ രേഖകളുടെ അടിസ്ഥാനത്തിൽ മറിയാമ്മയ്ക്കു വയസ്സ് 116. ആധാർ ഉൾപ്പെടെയുള്ള രേഖകളിലും ഇതുതന്നെ പ്രായം. ഓർമ ഇടയ്ക്കൊക്കെ ഒളിച്ചു കളിക്കുമെങ്കിലും പഴയ കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ പറയും. എങ്കിലും വല്ലപ്പോഴുമൊക്കെ മനസ്സിലെ കാലം കലങ്ങി മറിയും. കർക്കടക മഴയിലെ മൂവാറ്റുപുഴയാറു പോലെ.

ഇരുപത്തിയൊന്നു വർഷത്തെ പിണക്കം

കഴുതക്കോട്ട് പുത്തൻപുരയ്ക്കൽ ചാക്കോ – ഇളച്ചി ദമ്പതികളുടെ മകളാണു മറിയാമ്മ. നൂറ്റാണ്ട് പിന്നിട്ട ജീവിതമായിരുന്നു ഇളച്ചിയമ്മയുടേത്. മറിയാമ്മയായിരുന്നു മൂത്തമകൾ. അനുജത്തി അന്നാമ്മയുമായുള്ള പ്രായവ്യത്യാസം 22. അതിനൊരു കാരണമുണ്ട്. ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെ ചാക്കോയും ഇളച്ചിയമ്മയും തമ്മിലൊന്നു പിണങ്ങി. താമസം രണ്ടിടത്തായി. അതു കുറച്ചങ്ങു നീണ്ടു. കുറച്ചെന്നു പറഞ്ഞാൽ 21 വർഷം.

മകളെയും വളർത്തി ഇളച്ചിയമ്മ ജീവിതം മുന്നോട്ടു കൊണ്ടുപോയി. ഒടുവിൽ കുടുംബം ഒന്നായി. അന്നാമ്മയെ കുടാതെ ഒരനുജനും കൂടി പിറന്നു. കഴുതക്കോട്ട് വർഗീസ്. ഉലച്ചിലിന്റെ ആ ഘട്ടം കടന്നപ്പോൾ മറിയാമ്മയുടെ കല്യാണം വൈകി. അന്നത്തെ നാട്ടുനടപ്പനുസരിച്ച് ‘വെരി ലേറ്റ് മാര്യേജ്’ എന്നു പറയാം. അന്നു പന്ത്രണ്ടും പതിനഞ്ചും വയസ്സുള്ളപ്പോൾ പെൺകുട്ടികളുടെ വിവാഹം നടത്തുമായിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിലായിരുന്നു മറിയാമ്മയുടെ കല്യാണം.

ഉതുപ്പിന്റെ രണ്ടാം വിവാഹമായിരുന്നു മറിയയുമായി. അദ്ദേഹത്തിന് കൃഷിയും ബിസിനസുമുണ്ടായിരുന്നു. നാലഞ്ചു ചരക്കു കാളവണ്ടികൾ ഉണ്ടായിരുന്നു. അതിൽ മൂവാറ്റുപുഴയിൽ നിന്നു സാധനങ്ങൾ കയറ്റി എറണാകുളം മാർക്കറ്റിലെത്തിക്കും. അവിടെ നിന്നു ചരക്കുമായി തിരികെ മടക്കം. ഇന്നത്തെ സാഹചര്യത്തിൽ മൂന്നു നാലു ട്രക്കുകൾ സ്വന്തമായി ഉള്ളതിനു തുല്യം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു ഒരു വർഷം മുൻപ് 1946–ലാണു മറിയാമ്മയും കുടുംബവും മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പുളിയക്കോട് കുടിയേറുന്നത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണു ഉതുപ്പ്.

പേടിച്ചോടിയ പുലി

പുളിയക്കോട് ജീവിതം തുടങ്ങിയ കാലം. വീടെന്നു പറയാൻ പറ്റില്ല. ഒാല കുത്തി മറച്ച ഭിത്തികളുള്ള കുടിലാണ് പാർപ്പിടം. സന്ധ്യയ്ക്കാണു സംഭവം നടക്കുന്നത്. മറിയാമ്മ ഇരട്ടക്കുട്ടികളെ പ്രസവിച്ചു കിടക്കുന്നു.

മുരളൽ കേട്ട് നോക്കുമ്പോൾ അരണ്ടവെളിച്ചത്തിൽ കണ്ടു. തൊട്ടുമുന്നിലൊരു പുലി. വീട്ടിൽ വേറെ ആരുമില്ല. അതു മണം പിടിച്ചു കുഞ്ഞുങ്ങളുടെ അടുത്തേക്കാണു നീങ്ങുന്നതെന്നു മറിയാമ്മയ്ക്കു മനസ്സിലായി. നിലവിളിക്കണമെന്നുണ്ട്. സ്വരം പുറത്തുവരുന്നില്ല. മറിയാമ്മ മുന്നോട്ടാഞ്ഞിരുന്നു. ഒടുവിൽ ശബ്ദം അണപൊട്ടിയൊഴുകി, ആരെയും നടുക്കൊന്നൊരു അലർച്ചയായി. അതു കേട്ട് ഒന്നു പതുങ്ങി നിന്ന പുലി, ഒന്നുമറിയാത്തപോലെ കുടിലിൽ നിന്നു പുറത്തേക്കിറങ്ങി ഇരുട്ടിലേക്കു മറഞ്ഞു.

‘‘അന്ന് ഈ പ്രദേശത്തു പുലി ഇറങ്ങുന്നതു സാധാരണമാണ്. വളർത്തു മൃഗങ്ങളാണ് ഉന്നം. പൊതുവേ മനുഷ്യരെ ഉപദ്രവിക്കാറില്ല. അന്നും കാട്ടാനകൾ വരാറില്ല. കൃഷി നശിപ്പിക്കലോ ആൾക്കാരെ കൊല്ലലോ ഒന്നും ഉണ്ടായിട്ടില്ല.’’ ഇടറുന്ന സ്വരത്തിൽ നിരതെറ്റാതെ വാക്കുകളിലൂടെ പഴയ കാലം ഇറങ്ങി വന്നു.

ഒറ്റയ്ക്ക് ഒരു ശവഘോഷയാത്ര

ഉതുപ്പ്– മറിയാമ്മ ദമ്പതികളുടെ ഒൻപതു കുഞ്ഞുങ്ങളാണു മരിച്ചത്. മറിയാമ്മയുടെ നിലവിളിക്കിടയിൽ പലകയിൽ വെള്ളത്തുണി വിരിച്ച് അതിൽ കുഞ്ഞിന്റെ മൃതദേഹവും കെട്ടിവച്ച് അതു ചുമലിലേറ്റി പാട്ടും പാടി ഒറ്റയ്ക്ക് പള്ളിയിലേക്ക് നടക്കുന്ന ഉതുപ്പിന്റെ ചിത്രം ഇന്നും മറിയാമ്മയുടെ ബോധത്തെ ഇടയ്ക്കൊക്കെ അസ്വസ്ഥമാക്കാറുണ്ട്. ഒപ്പം പോകാൻ ബന്ധുക്കളോ അകമ്പടിക്കാരോ ഇല്ല. പള്ളിസെമിത്തേരിയിൽ കല്ലറയൊരുക്കാനും ആരുമില്ല.

ശരീരം മറവു ചെയ്യാനുള്ള കുഴിയെടുക്കുന്നതും ഉതുപ്പ് ഒറ്റയ്ക്കു തന്നെ. പിന്നെ, കണ്ണീരോടെ മരണാനന്തര പ്രാർഥന ചൊല്ലും. തിരികെ തളർന്നു വീടിന്റെ മുറ്റത്തു വന്നിരിക്കും. ‘മറിയാമ്മേ കുടിക്കാൻ ഇത്തിരി വെള്ളം.’ അപേക്ഷാസ്വരത്തിലുള്ള ആ വാചകം കണ്ണീരാണി പോലെ ഇന്നും അമ്മച്ചിയുടെ ഉള്ളു തുളയ്ക്കുന്നുണ്ട്.

ഉതുപ്പും കുടുംബവും വന്ന ശേഷമാണു പുളിയക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഉണ്ടാകുന്നത്. നിലംതല്ലി കൊണ്ടു തറയൊരുക്കി. പിന്നെ, ചാണകം മെഴുകി. ഓല കൊണ്ടു ഭിത്തികളും മേൽക്കൂരയും. അതായിരുന്നു പള്ളി. ആദ്യം പത്തു വീട്ടുകാരാണ് ഇടവകയിലുണ്ടായിരുന്നത്. ഇന്നതു നൂറുകണക്കിനു കുടുംബങ്ങളുള്ള വലിയൊരു ഇടവകയായി മാറി.

തുടർച്ചയായ പ്രസവങ്ങളിൽ മൂന്നെണ്ണം ഇരട്ടപ്രസവമായിരുന്നു. ആ ആറു പേരിൽ രക്ഷപ്പെട്ടത് ഒരേ ഒരാൾ മാത്രം. ഇപ്പോൾ 75 വയസ്സുള്ള വർഗീസ്. മലബാർ സ്പെഷൽ പൊലീസിൽ നിന്നു വിരമിച്ച വർഗീസ് പറഞ്ഞതു തന്റെ അതിജീവനം മാതാപിതാക്കൾക്ക് അദ്ഭുതമായിരുന്നുവെന്നാണ്. ‘‘അവർ ഒരിക്കലും എന്നെ ജീവനോടെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ദൈവാനുഗ്രഹം കൊണ്ടു ഞാൻ എങ്ങനെയോ രക്ഷപ്പെട്ടു. അപ്പന്റെയും അമ്മയുടെയും ആരോഗ്യം ഒരു പരിധി വരെ ഞങ്ങൾക്കും കിട്ടിയുണ്ട്. ജീവിതശൈലി രോഗങ്ങളൊന്നുമില്ല.’’ വർഗീസ് ഇതു പറയുമ്പോൾ 85കാരനായ മകൻ കുര്യാക്കോസ് അമ്മയെ സ്നേഹത്തോടെ തലോടി. അമ്മയോടു അൽപം കൂടി ചേർന്നിരിക്കുന്നു 83 കാരനായ മകൻ പൗലോസ്. മണി എന്നാണു പൗലോസിന്റെ വിളിപ്പേര്.

mariyamma-2

മറിയാമ്മയുടെ മൂത്തമകൾ സാറാമ്മയ്ക്ക് വയസ്സ് 88. ഏറ്റവും ഇളയ കുട്ടി അന്നമ്മയ്ക്കു വയസ്സ് 68. എങ്കിലും അമ്മയുടെ അരികിലെത്തുമ്പോൾ അന്നമ്മ ഇപ്പോഴുമൊരു നഴ്സറി കുട്ടി തന്നെ. അടുത്തെത്തുമ്പോൾ അന്നമ്മയെക്കൊണ്ടു നഴ്സറി പാട്ടുകളൊക്കെ പാടിക്കും. അഞ്ചു മക്കളും ഒരുമിച്ച് അമ്മയ്ക്കരുകിലെത്തുമ്പോൾ പ്രായം വെറുമൊരു സംഖ്യ. വീട് അങ്കണവാടി പോലെ മനോഹരവും.

അപ്പോള്‍ മറിയാമ്മച്ചി അവർക്കു പഴയ പാട്ടുകൾ പാടികൊടുക്കും. താരാട്ടും സ്തുതിഗീതങ്ങളുമാണു കൂടുതലും. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാലത്തും മറിയാമ്മ വിശ്വസിച്ചിരുന്നത് ഉള്ളത് പങ്കിട്ടു കൊടുക്കുക എന്നതിലായിരുന്നു. അതുകൊണ്ട് ആരു വന്നാലും എന്തെങ്കിലും കഴിക്കാൻ കൊടുത്തിട്ടേ വിടാവൂ എന്നത് ഇന്നും തുടരുന്ന ചിട്ട. ‘ഞങ്ങളുടെ വല്യമ്മച്ചി ഒരു നന്മമരമാണ്. ഫുൾ പോസിറ്റീവ് വൈബ്....’ അഞ്ചാം തലമുറക്കാരനായ േജാഹാൻ പറയുന്നു.

ശരീരത്തിൽ രാവിലെ ഒരു മുറിവ് ഉണ്ടായാൽ വൈകുന്നേരം അത് ഊറികൂടിയിരിക്കും. അത്രയ്ക്കും ആന്റിബോഡിയുള്ള ശരീരമാണ്. ഡോക്ടർമാർ അങ്ങനെ പറയാറുണ്ടത്രേ! ശരീരത്തിൽ മാത്രമല്ല മനസ്സിലും നല്ല ആന്റിബോഡിയുണ്ടെന്നാണു നാട്ടുകാരുടെ ഭാഷ്യം. അറിയാവുന്ന ഒരാൾക്കു പോലും മറിയാമ്മച്ചിയോടു പിണങ്ങി മാറാനാകില്ല. ആരെങ്കിലും മുഷിഞ്ഞാൽ ‘എന്നാടീ കൊച്ചേ... എ ന്നോടു മിണ്ടാത്തേ...’ എന്നു പറഞ്ഞു ലോഹ്യത്തിലാകും.

mariyamma-3

അടുത്തിടെയായി ഉറക്കം തീരെ കുറവായതുകൊണ്ട് ഡോക്ടർമാർ തന്നെ പറഞ്ഞു; ചെറിയ ഡോസ് ഉറക്കഗുളിക കൊടുക്കാൻ. മറ്റൊരു മരുന്നും കഴിക്കുന്നില്ല. ‘അമ്മ ചിലപ്പോൾ പെട്ടെന്നു മൂഡ് ഓഫാകും. വല്ലാതെ സങ്കടം വരും. എന്താണു കാരണമെന്നു ചോദിച്ചാൽ ഒന്നും പറയില്ല’ ജോസ് മാഷ് പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്ററായി വിരമിച്ച ആളാണ് മറിയാമ്മയുടെ ചെറുമകൻ ജോസ്.

‘‘എനിക്കു ചിലപ്പോൾ വല്ലാത്ത ഒരാധി തോന്നും’’ മറിയാമ്മച്ചി പറഞ്ഞു.

‘എന്താ...?’’ കോറസ്സായി വന്നു മക്കളുടെയും ചെറുമക്കളുടെയും ചോദ്യം. ആത്മഗതമെന്നോണം മറിയാമ്മച്ചി അതിനുത്തരം പറഞ്ഞു.

‘‘ഇപ്പോ... നിങ്ങൾ മക്കളും മരുമക്കളും ചെറുമക്കളുമൊക്കെ എന്നെ പൊന്നു പോലെ നോക്കുന്നുണ്ട്. പക്ഷേ,നിങ്ങളുടെ കാലശേഷം എന്നെ ആരു നോക്കും എന്നോർക്കുമ്പോൾ എനിക്കൊരു സമാധാനവുമില്ല... ’’

മറിയാമ്മച്ചിയുടെ ആഹാരരീതിയുടെ പ്രധാന പ്രത്യേകത സമയനിഷ്ഠയാണ്. നേരം തെറ്റി ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കില്ല.

mariyamma-uthup-1

മൂന്നു നേരം മാത്രമേ ഭക്ഷണം കഴിക്കൂ. ചോറാണ് ഇഷ്ടം. അതു മൂന്നു നേരം കിട്ടിയാലും ഓകെ. വെജിറ്റേറിയനാണ് ഇപ്പോൾ കൂടുതലും. ഇടയ്ക്ക് ആട്ടിറച്ചിയോ പോത്തിറച്ചിയോ കഴിക്കും. ആട്ടിറച്ചിയോടാണ് പ്രിയം. പുറത്തു നിന്നുള്ള ആഹാരം കഴിക്കാൻ ഒട്ടും താത്പര്യമില്ല. പിന്നെ, ഒറ്റ നിർബന്ധമേയുള്ളൂ. വിളമ്പി വച്ച പ്ലേറ്റിൽ നിന്ന് ആവി പറക്കണം. അത് ഒരു ഗ്ലാസ് വെള്ളം ആണെങ്കിലും നല്ല ചൂട് വേണം. തണുത്ത ഭക്ഷണം കഴിക്കില്ല. പക്ഷേ, അമ്മച്ചിയുടെ ആരോഗ്യരഹസ്യം എന്താണെന്നു ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം കേട്ടോളൂ.

‘‘ഗർഭം തന്നെ. എനിക്കെന്നും ഗർഭമല്ലാരുന്നോ. ഗർഭിണിയായിരിക്കുന്ന 10 മാസം നല്ല ആഹാരം കിട്ടും. പ്രസവം കഴിഞ്ഞുള്ള 10 മാസവും അങ്ങനെ ത ന്നെ. അപ്പോഴേക്കും വീണ്ടും ഗർഭിണിയാകും. ആ ഗർഭരക്ഷയാണു ആരോഗ്യരഹസ്യം.’’ മറിയാമ്മച്ചി ചെറുചിരിയോടെ അടക്കത്തിൽ പറഞ്ഞു.

വി.ആർ. ജ്യോതിഷ്

ഫോട്ടോ : അജീബ് കൊമാച്ചി,

ബേബി എബ്രഹാം (ഫയൽ ചിത്രങ്ങൾ)