Thursday 01 November 2018 11:23 AM IST : By സ്വന്തം ലേഖകൻ

ലോകം തിരഞ്ഞ ആ കമിതാക്കളെ കണ്ടെത്തി; ഒടുവിൽ ചിത്രത്തിന്റെ നിഗൂഢതയ്ക്ക് അവസാനം

charley-bear-melissa

ഒടുവിൽ ലോകം മുഴുവൻ തിരഞ്ഞ ആ കമിതാക്കളെ കണ്ടെത്തി. ചാര്‍ലി ബിയറും അദ്ദേഹത്തിന്റെ പ്രതിശ്രുത വധു മെലിസ്സയുമായിരുന്നു പ്രപഞ്ചത്തെ സാക്ഷിയാക്കി പ്രണയം പറഞ്ഞവർ. ഒരു പ്രാദേശിക വാര്‍ത്താ മാധ്യമത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിൽ നിന്നാണ് തന്റെയും പ്രണയിനിയുടെയും ചിത്രം വൈറലായ കാര്യം ചാര്‍ലി അറിയുന്നത്.

പ്രണയത്തിന്റെ കൊടുമുടി കീഴടക്കാൻ ഇവരെ ക്യാമറയിൽ പകർത്തിയത് മാത്യു ഡിപ്പെൽ എന്ന അമേരിക്കന്‍ ഫൊട്ടോഗ്രാഫറാണ്. അദ്‌ഭുതകരമായ ആ ദൃശ്യം അപ്രതീക്ഷിതമായാണ് മാത്യുവിന്റെ ക്യാമറയിൽ കുടുങ്ങിയത്. മലയ്ക്ക് മുകളിൽ നിശബ്ദമായി പ്രപഞ്ചത്തെ സാക്ഷിയാക്കി പ്രണയം പറയുകയായിരുന്നു അവർ. പ്രണയിനിക്കു മുന്നിൽ മുട്ടുകുത്തി നിൽക്കുകയാണ് കാമുകൻ. മനോഹരമായ ആ ദൃശ്യമാണ് മാത്യു തന്റെ ക്യാമറയിൽ പകർത്തിയത്.

കാലിഫോർണിയയിലെ യോസ്മൈറ്റ് നാഷണൽ പാർക്കിലെ ടോഫ് പോയിന്റിലായിരുന്നു ഈ അപൂർവ പ്രണയം. ചിത്രം പകർത്തിയ സന്തോഷത്തോടെ മാത്യു ഇരുവരെയും കാണാനായി മലയ്ക്ക് മുകളിലേക്ക് ഓടി. എന്നാൽ ഫൊട്ടോഗ്രാഫർ അവിടെയെത്തിയപ്പോഴേക്കും കമിതാക്കൾ അവിടെനിന്ന് സ്ഥലം വിട്ടിരുന്നു. പിന്നീട് ഒക്ടോബർ 17 നാണ് ഡിപ്പെൽ കമിതാക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രമെടുത്ത തിയതിയും സ്ഥലവും വ്യക്തമാക്കി, കമിതാക്കളെ കണ്ടെത്തി തരാനായിരുന്നു മാത്യുവിന്റെ അപേക്ഷ.

മനോഹരമായ ചിത്രം ട്വിറ്ററിൽ വൈറലായതോടെ ഒരു ലക്ഷത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. ഫെയ്സ്ബുക്കിൽ ഇരുപതിനായിരത്തോളം പേരാണ് ചിത്രം ഷെയർ ചെയ്തത്. ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷം കമിതാക്കളെ കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് ഫൊട്ടോഗ്രാഫർ മാത്യു ഡിപ്പെൽ.