Wednesday 30 December 2020 02:14 PM IST : By സ്വന്തം ലേഖകൻ

ഭർത്താവ് വിദേശത്ത്, സുഹൃത്തുമായി ചേർന്ന് ലഹരി ഇടപാടുകൾ; അമ്മയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒന്നുമറിയാതെ കരഞ്ഞ് പിഞ്ചുമക്കള്‍!

nimmy-maveli

മാവേലിക്കരയിൽ വാടകവീട്ടിൽ 29 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ. അമ്മയെ പൊലീസ് കൊണ്ടുപോകുമ്പോൾ നിസഹായരായി നോക്കി നിൽക്കുകയായിരുന്നു എട്ടും നാലരയും വയസുള്ള പിഞ്ചുമക്കൾ. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ കരയുകയായിരുന്ന കുട്ടികളെ ബന്ധുക്കളെ വിളിച്ചുവരുത്തി ഏൽപിച്ചാണ് പൊലീസ് യുവതിയെ കൊണ്ടുപോയത്. നിമ്മിയുടെ സുഹൃത്ത് പുത്തൻ വീട്ടിൽ ലിജു ഉമ്മൻ തോമസിനായി പൊലീസ് അന്വേഷണം ശക്തമാക്കി. ഇയാളാണ് കേസിലെ ഒന്നാം പ്രതി. ഇയാളെ പിടികൂടിയാൽ മാത്രമേ കഞ്ചാവ് എവിടെനിന്ന് എത്തിക്കുന്നുവെന്നും, വിൽപന ഏതു രീതിയിലാണെന്നും വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

കായംകുളം സ്വദേശിനിയായ നിമ്മിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. നിമ്മി ഇദ്ദേഹവുമായി അകൽച്ചയിലാണ്. ഈ അവസരം മുതലെടുത്താണ് ലിജു ഇവരെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗപ്പെടുത്തിയിരുന്നത്. ലിജുവിന്റെ താൽപര്യപ്രകാരമാണ് കായംകുളത്തു നിന്ന് മാവേലിക്കര ഭാഗത്ത് ഇവർക്കായി വീടെടുത്തു നൽകിയത്. ഈ വീട്ടിൽ നിന്ന് നാലര ലീറ്റർ വാറ്റു ചാരായവും 40 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളും ഹാൻസ് പായ്ക്കറ്റുകളും കണ്ടെടുത്തിരുന്നു. ലിജുവിന്റെ കാറിൽ നിന്നും വീടിനുള്ളിൽ നിന്നുമായി 29 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.

ആഡംബരക്കാറിൽ നിമ്മിയെയെയും കുഞ്ഞുങ്ങളെയും കൂട്ടി യാത്ര ചെയ്യുമ്പോൾ പൊലീസ് ചെക്കിങ്ങിൽ നിന്ന് ഒഴിവാകുമായിരുന്നു. ഈ അവസരം മുതലെടുത്ത് ലഹരി കടത്തുന്നതായിരുന്നു ലിജുവിന്റെ പതിവ്. വർഷങ്ങളായി ഗുണ്ടാ പ്രവർത്തനവും ലഹരി ഇടപാടുകളുമായി നടക്കുന്ന ലിജു ഉമ്മൻ തോമസിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 41 കേസുകളുണ്ട്. ഇയാളെ കുരുക്കാൻ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യുന്നതിന് നടപടിയുണ്ടായിട്ടും അതിൽ നിന്നും രക്ഷപെട്ടു നടക്കുകയായിരുന്നു ഇയാളെന്നും പൊലീസ് പറയുന്നു.

Tags:
  • Spotlight