നൃത്തത്തിന്റെ പെരുങ്കടലാട്ടമാണ് എന്നും മേതിൽ ദേവികയുടെ മനസ്സിൽ. കടല്‍ കാറ്റിന്റെ കൈതൊട്ടു നിൽക്കുന്ന പൂവാറിന്റെ തീരത്തായിരുന്നു വനിതയുടെ കവർ ഫോട്ടോഷൂട്ട്. തീരത്തെ മണല്‍ പായയിൽ തിരകൾ അഴകോടെ ചുവടുകൾ വയ്ക്കുന്നതു നോക്കി, നേർത്ത ചിരിയോടെ ദേവിക സംസാരിച്ചു തുടങ്ങിയതും നൃത്തത്തെക്കുറിച്ച്.
‘‘കുട്ടിക്കാലം ദുബായിലായിരുന്നു. നാലു വയസ്സു മുതൽ നൃത്തം പഠിച്ചു തുടങ്ങിയതാണ്. 20 വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി പൂർണമായും അർപ്പിച്ചിരുന്നു. ഓരോ സൃഷ്ടി കഴിയുമ്പോഴും ഞാൻ എന്നെത്തന്നെ വെല്ലുവിളിക്കും. അതാണ് ഏതു കലാരൂപത്തെയും മെച്ചപ്പെടുത്തുന്നത് എന്നാണ് വിശ്വാസം.
എന്റെ ആദ്യ കാഴ്ചക്കാരിയും ഞാനാണ്. കലാസൃഷ്ടി എ ന്നത് ഒട്ടും ശാന്തതയില്ലാത്ത പരിപാടിയാണ്. അതിങ്ങനെ ഉള്ളിൽ അലതല്ലിക്കൊണ്ടേയിരിക്കും. തിരക്കഥയും സംഗീതവും കൊറിയോഗ്രാഫിയുമൊക്കെ ഒരുക്കി, ഇവയെല്ലാം ചേർന്ന് അരങ്ങിൽ വരും വരെ എല്ലാ സൃഷ്ടാക്കളും ഒരു ഡാർക്ക് സ്പേസിലാണ്. ’’.
പ്രപഞ്ചം നൃത്തത്തിലേക്കു തിരഞ്ഞെടുത്ത ഒരാളാണ് എന്നു സ്വയം തോന്നിയിട്ടുണ്ടോ ?
അങ്ങനെയും ചിന്തിക്കാം. അല്ലെങ്കിൽ അക്കാലത്തെ ദുബായി ൽ കലൈമാമണി എസ്.നടരാജനെപ്പോലെ പ്രഗത്ഭനായ ഒരു ഗുരുവിനെ കിട്ടില്ലല്ലോ. വലിയ കലാപാരമ്പര്യത്തിന്റെ കണ്ണിയായ, ഭാഗവതമേള ആചാര്യനായ അദ്ദേഹം എൻജിനീയറായി ദുബായില്‍ വരാനും ആ മരുഭൂമിയിൽ എന്നെ നൃത്തം പഠിപ്പിക്കാനും നിയോഗമുണ്ടായതാണ് എന്റെ ഭാഗ്യം.
നൃത്തത്തിലെ അരങ്ങേറ്റം വേദിയിലെ വീഴ്ചയോടെ ആയിരുന്നു എന്നു കേട്ടിട്ടുണ്ട് ?
അരങ്ങേറ്റം ആയിരുന്നില്ല. അതിനു ശേഷമുള്ള വേദിയിലാണ്. ദുബായിലെ അംബാസിഡർ ഹോട്ടലിൽ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിക്കിടെ ‘രാമ ചന്ദ്രായ ജനക’ എന്ന മംഗളം ചൊല്ലി പിന്നോട്ടു പിന്നോട്ടു ചുവടു വച്ചു പോയതാണ്. വേദിക്കു പിന്നിൽ ചുമരിനോടു ചേർന്നുള്ള വിടവിലേക്കു വീണു. ഒന്നും സംഭവിക്കാത്ത മട്ടിൽ തപ്പിത്തടഞ്ഞെഴുന്നേറ്റു. പക്ഷേ, എന്നെ തകർത്തു കളഞ്ഞതു സദസ്സിൽ മുൻനിരയിലിരുന്ന പയ്യന്റെ ചിരിയാണ്. കഴിച്ചോണ്ടിരുന്ന ചിപ്സ് ഒക്കെ വലിച്ചെറിഞ്ഞ് അവൻ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. ആ പയ്യൻ ഇപ്പോൾ പ്രശസ്തനായ മാർഷ്യൽ ആർട്ടിസ്റ്റും ഡെന്റിസ്റ്റുമാണ്. പേര് ഡോ.പ്രശാന്ത് നായർ. സിനിമകളിലും അഭിനയിക്കുന്നുണ്ട്.
അരങ്ങിൽ വീണതു ഗൗനിക്കാത്ത ആ കുട്ടിയെ പോലെ പിന്നീ ടുള്ള എല്ലാ വീഴ്ചകളിൽ നിന്നും പെട്ടെന്നു കുതിച്ചുയരുന്ന ദേവികയെയാണു മലയാളികൾക്കു പരിചയം ?
ജീവിതത്തിലെ ചില പ്രത്യേക ഘട്ടങ്ങളെ വീഴ്ചകളായി തോന്നുന്നില്ല. ചില സാഹചര്യങ്ങളിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ എന്നു ചിന്തിക്കും. അല്ലാതെ വീഴ്ചകളൊന്നും ഉണ്ടായിട്ടേയില്ല. അല്ലെങ്കിൽ തന്നെ എന്തിന്റെ പേരിലാണു ദൈവത്തോടു പരാതി പറയേണ്ടത്?.
കേരളം പോലെ ഇത്രയും മനോഹരമായ ഒരു നാട്ടിൽ ജീവിക്കാനാകുന്നു, നല്ല അച്ഛനമ്മമാരെയും സഹോദരിമാരെയും മകനെയും കിട്ടി. സുഹൃത്തുക്കള്‍ ചുറ്റുമുണ്ട്. ഇതൊക്കെ മറന്ന് എന്തു വീഴ്ചയെക്കുറിച്ചാണു നമ്മൾ സംസാരിക്കേണ്ടത്?. ഞാൻ സന്തോഷത്തോടെയാണു ജീവിക്കുന്നത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകും.
വളരെ ഗൗരവമായി നൃത്തത്തെ കാണുന്ന ദേവിക നന്നായി തമാശ പറയുന്ന ആളാണെന്നും കേട്ടിട്ടുണ്ട് ?
നർമബോധം ഇല്ലാത്തൊരാൾക്ക് എങ്ങനെ ജീവിതം ആ സ്വദിക്കാൻ കഴിയും? സത്യത്തിൽ ജീവിതമേ വലിയൊരു തമാശയല്ലേ. അങ്ങനെ കണ്ടു തുടങ്ങിയാൽ എല്ലാ പ്രശ്നങ്ങളും ലളിതമാകും. ഇത്രയും സീരിയസ് ആകേണ്ട എന്നു തോന്നും. പഴയൊരു അനുഭവം പറയാം. ഒരിക്കൽ മദ്രാസ് മ്യൂസിക് അക്കാദമി ഫെസ്റ്റിവൽ നടക്കുമ്പോൾ തലേദിവസത്തെ പാർട്ടിക്കിടെ നടിയും നർത്തകിയുമായ വൈജയന്തി മാല ബാലിയെ കണ്ടു. അവർ സാരി ഉടുത്ത് ‘ഗന്നം സ്റ്റൈൽ’ എന്ന പാട്ടിനൊത്തു ചുവടു വയ്ക്കുകയാണ്.
ഞാൻ അതിശയത്തോടെ നോക്കുമ്പോൾ അവർ ചോദിച്ചത്, ‘വൈ ഡു യങ്സ്‌റ്റേഴ്സ് ടേക്ക് ലൈഫ് സോ സീരി യസ്‌ലി’ എന്നാണ്. നമ്മൾ റിഹേഴ്സൽ ചെയ്ത് ടെൻഷനായി നിൽക്കുന്നു. പിറ്റേന്നു തന്റെ നൃത്തകച്ചേരി നടക്കാനിരിക്കെയാണു വൈജയന്തിമാല ‘ഗന്നം സ്റ്റൈൽ’ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നത്. അത്രേയുള്ളൂ എല്ലാം.
പാലക്കാട് വിക്ടോറിയ കോളജിലെ ഡിഗ്രി പഠനകാലത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്നല്ലേ?
ഞാൻ വൈസ് ചെയർപേഴ്സൺ ആയിരുന്നു. സ്വതന്ത്രയായാണു മത്സരിച്ചത്. പിന്നീടറിഞ്ഞു. എസ്എഫ് ഐ പിന്തുണ ഉണ്ടായിരുന്നുവെന്ന്.
ആർട്സ് ഫെസ്റ്റിവൽ വരുമ്പോൾ ഷൈൻ ചെയ്യുമെന്നല്ലാതെ അതങ്ങനെ ആസ്വദിച്ചില്ല. എനിക്ക് രാഷ്ട്രീയത്തിന്റെ എബിസിഡി മനസ്സിലായതേ അടുത്ത കാലത്താണ്. നമ്മുടെ കലാരൂപങ്ങളെയൊക്കെ വർഗീയവൽക്കരിക്കാൻ തുടങ്ങിയപ്പോൾ കുറച്ചു കൂടി രാഷ്ട്രീയ ബോധ്യത്തിലേക്കു വരേണ്ടി വന്നുവെന്നതാണു ശരി.
ബാങ്ക് ജോലി വേണ്ടെന്നു വച്ച്, ചാനലിലെ ജോലി ഉപേക്ഷിച്ചുപൂർണമായും നൃത്തത്തിലേക്കു കടക്കാനുള്ള തീരുമാനത്തി നു പിന്നിൽ ?
പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട്, ശ്രമിച്ചിരുന്നെങ്കിൽ ഒരു നല്ല ജോലി അന്നു കിട്ടുമായിരുന്നില്ലേ എന്ന്. പക്ഷേ, ‘ആം എ വാണ്ടറർ’. ബാങ്കിലെ ജോലിക്കു ഓഫർ വന്നെങ്കിലും ചേർന്നില്ല. ചാനലിലും മറ്റു ചില കമ്പനികളിലും കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്.
നൃത്തം പഠിക്കുന്ന കാലത്ത് ഇന്നത്തെയത്ര അവസരങ്ങളില്ല. വിദേശ യൂണിവേഴ്സിറ്റികളിൽ നിന്ന് അവസരം വന്നപ്പോഴും പോകാനായില്ല. പതിനേഴ്, പതിനെട്ടു വയസ്സാണ്. ‘അയ്യോ, അത്ര ദൂരം പോകണ്ട’ എന്നായിരുന്നു വീട്ടിലെ നിലപാട്. ആ കാലം അങ്ങനെയാണ്. അപ്പോൾ നമ്മൾ ഉള്ളതു വച്ചു സന്തോഷിക്കുക എന്നേയുള്ളൂ.
എം.എ. ഡാൻസ് കോഴ്സ് സൗത്ത് ഇന്ത്യയിൽ അധികം ഇല്ലായിരുന്നു. അതിനാൽ കൊൽക്കൊത്തയിൽ പോയാണു പഠിച്ചത്. പിഎച്ച്ഡി കേരള യൂണിവേഴ്സിറ്റിയിൽ നിന്നാണ്. ഞാൻ പഠനം കഴിഞ്ഞ് തിരികെയെത്തിയ കാലത്ത് എന്താണ് എംഎ ഡാൻസിന്റെ വാലിഡിറ്റി, എലിജിബിലിറ്റി എന്നെല്ലാം ചോദ്യങ്ങളുണ്ടായി. അതൊക്കെ തെളിയിച്ചാണ് പിഎച്ച്ഡിക്കു അഡ്മിഷൻ നേടിയത്.
ഞാൻ മനസ്സിലാക്കിയത്, നമ്മൾ വൺ ഓഫ് ദി ഫസ്റ്റ് ആകുമ്പോഴോ, വൺ ആകുമ്പോഴോ, ചേഞ്ച് മേക്കേഴ്സ് ആകുമ്പോഴോ ആൾക്കാരെ ബോധ്യപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. പെട്ടെന്നൊരു മാറ്റം വരുമ്പോൾ ആർക്കും അംഗീകരിക്കാനാകില്ല. ഡാൻസിൽ എന്ത് എം.എ എന്നു ചിലർ ചോദിച്ചിട്ടുണ്ട്. ഇന്നും അതേ, പുതിയ ആശയങ്ങൾ അവതരിപ്പിക്കുമ്പോൾ എതിർപ്പുകൾ ആദ്യം വരും. പിന്നീടാണ് ആളുകൾ അതിനോടു പഴകുന്നത്.
ഒരു കാലത്തു മോഹിനിയാട്ടത്തിൽ എനിക്കു പരിഗണന കിട്ടാത്ത പ്രശ്നമുണ്ടായിരുന്നു. കുറേ കലാകാരികൾ പറയുമായിരുന്നു, ‘ദേവിക ചെയ്യുന്നത് മോഹിനിയാട്ടമൊന്നുമല്ല’ എന്ന്. ഇപ്പോള്‍ ഒരു ഫെസ്റ്റിവൽ നടക്കുമ്പോൾ, ഈ വ്യത്യസ്തത കാരണമാണ് എന്നെ വിളിക്കുന്നത്.
സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനം മാറ്റാൻ ദേവികയെ പ്രേരിപ്പിച്ചതെന്താണ്?
നേരത്തെയും പല അവസരങ്ങളും വന്നിരുന്നു. കാബൂളിവാല, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകൾ അക്കൂട്ടത്തിലുണ്ട്. നടിയാകണോ നർത്തകിയാകണോ എന്നു ഞാൻ സ്വയം ചോദിച്ചിരുന്നു. നൃത്തം മാത്രം മതി എന്നാണ് അക്കാലം എനിക്കു തന്ന ഉത്തരം.
മുൻപ് ‘ഹ്യൂമൻസ് ഓഫ് സംവൺ’ എന്ന ഒരു ഇംഗ്ലിഷ് സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിന്റെ കഥ പറയുമ്പോൾ സംവിധായകൻ സുമേഷ് ഒരു നോ ആണ് പ്രതീക്ഷിച്ചത്. പക്ഷേ, ഞാൻ യെസ് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്തു തെല്ല് അമ്പരപ്പ് ഉണ്ടായിരുന്നു. ഒരു ദിവസത്തെ ഷൂട്ടേ ഉള്ളു. മൂന്നാർ വരെ ഒന്നു പോയി വരാം. എങ്ങനെയാകും എന്നെ ബിഗ് സ്ക്രീനിൽ കാണാൻ എന്ന കൗതുകവുമുണ്ടായിരുന്നു. അങ്ങനെയാണ് ആ സിനിമയിൽ അഭിനയിച്ചത്. പല കഥകളും ശ്രദ്ധാപൂർവം കേട്ടിട്ടു തന്നെയാണു വേണ്ടെന്നു വച്ചിട്ടുള്ളത്. അല്ലാതെ ഒറ്റയടിക്ക് നോ പറഞ്ഞിട്ടില്ല.
സംവിധായകൻ വിഷ്ണു മോഹൻ വളരെ വിശദമായി സംസാരിച്ചാണ് ‘കഥ ഇന്നു വരെ’യിൽ അഭിനയിക്കാൻ എന്നെ സമ്മതിപ്പിച്ചത്. ബിജുമേനോനാണു അതിൽ എ ന്റെ നായകൻ. സിനിമ എനിക്കു പറ്റുമോ എന്ന സംശയം ഉണ്ടായിരുന്നു. നന്നായി ആസ്വദിച്ചാണ് അഭിനയിച്ചത്.
കസിൻ മേതിൽ രാധാകൃഷ്ണൻ, അമ്മ മേതിൽ രാജേശ്വരി തുടങ്ങി ശ്രദ്ധേയരായ എഴുത്തുകാരുടെ കുടുംബത്തിൽ നി ന്നാണു വരവ് ?
മേതിൽ രാധാകൃഷ്ണനും ഞാനും കസിൻസ് ആണ്. പ ക്ഷേ, എന്റെ അമ്മയേക്കാള്‍ മുതിര്‍ന്നയാളാണ് അദ്ദേഹമെന്നതിനാൽ ഞങ്ങൾ കൊച്ചമാമ എന്നാണു വിളിക്കുന്നത്. അമ്മ കൊച്ചേട്ടാ എന്നും.
ഞങ്ങൾ സുഹൃത്തുക്കളെപ്പോലെയാണ്. വർത്തമാനം പറഞ്ഞുതുടങ്ങിയാൽ അതൊരു വെറും സംഭാഷണമായി അവസാനിക്കില്ല. ശാസ്ത്രവും സാഹിത്യവും സിനിമയും വിചിത്ര ചിന്തകളുമൊക്കെ കയറിയിറങ്ങിപ്പോകും. കുട്ടിക്കാലത്ത് അപൂർവമേ കണ്ടിട്ടുള്ളൂ. ഞങ്ങൾ ദുബായിലും കൊച്ചമാമ കുവൈത്തിലുമായിരുന്നു. എന്റെ ടീനേജിലാണു ഞങ്ങൾക്കിടയിലെ സൗഹൃദം തുടങ്ങുന്നത്. ടീനേജേഴ്സിനോടു സംസാരിക്കാനാണ് അദ്ദേഹം ഏറ്റവും കംഫർട്ടബ്ൾ. അദ്ദേഹത്തിന്റെ ‘മൈഥിലി ഒരു ഇക്കോളജിക്കല്‍ ദേവത’യുടെ നൃത്താവിഷ്‌കാരം ഞാൻ ചെയ്തിട്ടുണ്ട്.
അമ്മ മേതിൽ രാജേശ്വരിയും എൻജിനീയറായിരുന്ന അച്ഛന്‍ എൻ.രാജഗോപാലനും എഴുത്തിനെയും വായ നയെയും ഏറെ ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങൾ മൂന്നു പെ ൺമക്കളെ വളർത്തുന്നതിന്റെയും വീടു നോക്കുന്നതിന്റെയും തിരക്കിനിടയിലും അമ്മ എഴുത്തു മുടക്കിയിട്ടില്ല. എനിക്കും ഫിക്‌ഷൻ എഴുതണമെന്നുണ്ട്. അതിനുശേഷം സിനിമയാക്കണം. സമയമാകുമ്പോൾ വിശദമായി പറയാം.
ദുബായിലെ കുട്ടിക്കാലം എങ്ങനെയായിരുന്നു. പ്രത്യേകിച്ചും മൂന്നു പെൺകുട്ടികൾ വളർന്ന വീടിനെക്കുറിച്ചുള്ള ഓർമകൾ ?
ഞാനാണ് ഏറ്റവും ഇളയയാൾ. മൂത്ത ചേച്ചി രാധിക പിള്ള
അമേരിക്കയിലെ മാസച്യുസിറ്റ്സിൽ കമ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായി ജോലി ചെയ്യുന്നു. ഒപ്പം ഓട്ടിസ്റ്റിക്കായവർക്കു വേണ്ടിയുള്ള കമ്യൂണിറ്റിയിലും പ്രവർത്തിക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ബൗദ്ധികശേഷിയുള്ളയാൾ ചേച്ചിയാണ്. രണ്ടാമത്തെയാളാണ് മേതിൽ രേണുക. ഇപ്പോൾ സൗത്ത് ആഫ്രിക്കയിൽ ഫോബ്സ് മാഗസിന്റെ മാനേജിങ് എഡിറ്ററാണ്.
ദുബായില്‍ ഞങ്ങള്‍ താമസിച്ചിരുന്നതു രണ്ടു ബെഡ്റൂം ഫ്ലാറ്റിലാണ്. ഇടയ്ക്ക് അമ്മാവൻമാരും ഇളയച്ഛനുമൊക്കെ വരും. വീട് എപ്പോഴും ലൈവ് ആണ്. എല്ലാ സ്വാതന്ത്യവും സംരക്ഷണവും നൽകിയാണ് അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്. എഴുതാനും വായിക്കാനും നൃത്തം പഠിക്കാനും ഒരുപാടു പ്രോത്സാഹിപ്പിച്ചു.
മൂത്ത ചേച്ചി അച്ചടക്കത്തിന്റെ ആളാണ്. എല്ലാ ദിവസവും പഠിക്കും. വെക്കേഷന്‍ കാലത്തും അതു മുടക്കില്ല. അതേ പോലെ ചാനൽ 33 ൽ വന്നിരുന്ന ഡാലെസ്, നോട്സ് ലാൻഡിങ് എന്നീ സീരിസുകള്‍ മുടങ്ങാതെ കാണും. പരീക്ഷയുടെ അന്നും അതിനു മാറ്റമില്ല. പക്ഷേ, ഫലം വരുമ്പോൾ എല്ലാ വിഷയത്തിനും ഉയർന്ന മാർക്കുമുണ്ടാകും. രണ്ടാമത്തെയാൾ നേരെ തിരിച്ചാണ്. പഠിക്കുന്ന പുസ്തകം തൊടില്ല. എന്നെയും പഠിക്കാൻ സമ്മതിക്കില്ല. അവളുടെ ജോലി മൊത്തം രാത്രിയിലാണു തുടങ്ങുക. കത്രിക പ്രയോഗമാണ് പ്രധാനം. പത്രങ്ങളെല്ലാം അരിച്ചു പെറുക്കി ക ട്ടിങ്ങുകൾ ഫയൽ ചെയ്യും. ഇല്ലസ്ട്രേറ്റഡ് വീക്കിലി, റീഡേഴ്സ് ഡൈജസ്റ്റ് ഒക്കെ കൃത്യമായി വായിക്കും.
ആദ്യമൊക്കെ എന്റെ ചേട്ടൻമാരെന്നാണ് അവരെ വിശേഷിപ്പിച്ചിരുന്നത്. എന്തെങ്കിലും ഒരു വാക്കു തെറ്റിച്ചു പ റഞ്ഞാൽ രണ്ടു പേരും ചേർന്നു കളിയാക്കും. ഒരിക്കലും തിരുത്തില്ല. സ്വയം പഠിച്ചെടുത്തോണം. ഇപ്പോഴും എന്റെ പെർഫോമൻസിന് ആദ്യം കിട്ടുന്ന വിമർശനം അവരുടേതാണ്. വർക്കുകൾ ഏറെക്കുറേ പെർഫെക്ട് ആകുന്നത് ഈ നിരീക്ഷകരുള്ളതുകൊണ്ടാണെന്നു തോന്നുന്നു.
അടുത്തിടെ ദുബായിൽ പോയപ്പോൾ ഞാൻ ആ വീടിരുന്നിടത്തു പോയി. അവിടെ ഇപ്പോൾ ആ കെട്ടിടമില്ല. ഒരു മണൽപറമ്പു മാത്രം. അവിടെ കുറേ നേരം നിന്നപ്പോൾ ക ണ്ണുകൾ നനഞ്ഞു. എന്റെ കൂടെ മോനും ഉണ്ടായിരുന്നു. അവനും വിഷമമായി. ഉള്ളതു കൊണ്ടു സന്തോഷത്തോടെ ജീവിച്ചിരുന്ന പ്രായം, എണ്ണപ്പെട്ട വസ്ത്രങ്ങൾ, ആഘോഷങ്ങൾ. എന്തൊരഴകായിരുന്നു ആ കാലം.
മകന്‍ ദേവാംഗ് ആണ് സോൾ മേറ്റ് അല്ലേ ?
മോന്‍ ഇപ്പോൾ ബെംഗളൂരുവിൽ സോഷ്യൽ സയൻസ് വി ത് ഫിലോസഫിയിൽ അണ്ടർ ഗ്രാജുവേഷൻ ചെയ്യുന്നു. അ വനു ഞാൻ ഗുരു, എനിക്ക് അവൻ ഗുരു. അങ്ങനെയാണു ഞങ്ങൾക്കിടയിലെ ബന്ധം. ഏറ്റവും പ്രിയപ്പെട്ട സുഹൃ ത്തുക്കളിലൊരാൾ എന്നും പറയാം. മോനോടു എല്ലാം പറയാറുണ്ട്. എന്നെ അവൻ കൃത്യമായി മനസ്സിലാക്കുന്നുമുണ്ട്.
സമപ്രായക്കാരായ കുട്ടികളിൽ നിന്ന് അൽപം വ്യത്യസ്തമാണ് അവന്റെ രീതികൾ. ഞാൻ ഫ്രാൻസിൽ പ്രോഗ്രാമിനു പോയപ്പോൾ അവൻ പോയതു തിരുവണ്ണാമലയിലെ രമണമഹർഷിയുടെ ആശ്രമത്തിലേക്ക്. പ്ലസ് ടു നല്ല മാർക്കോടെ ജയിച്ചപ്പോൾ ഞാൻ ചോദിച്ചു, ‘അമ്മ എന്തു സമ്മാനമാണു തരേണ്ടത്?.’
‘അമ്മ ഒന്നും തരണ്ട. നമുക്കൊരുമിച്ചൊരു യാത്ര പോകണം.’ എന്നായിരുന്നു മറുപടി. കാശി, രാമേശ്വരം, പ്രയാഗ് രാജ് എന്നിങ്ങനെ സകലയിടങ്ങളിലും കറങ്ങി. സഞ്ചാരം വലിയ ഇഷ്ടമാണ്. മകന്റെ ഒപ്പമുള്ള യാത്രകളാണ് ഏ റെ ആസ്വദിക്കാറുള്ളത്. അവൻ നല്ലൊരു സഹയാത്രികനാണ്. പക്ഷേ, വിമാനയാത്ര കക്ഷിക്ക് അത്ര ഇ ഷ്ടമില്ല. ട്രെയിനും ബസും ആണു താൽപര്യം. ഇന്ത്യ കാണണമെങ്കിൽ തീവണ്ടിയിൽ തന്നെ പോണം എന്നാണ് പറയാറുള്ളത്. അവന്റെ ഭാവിപരിപാടിയെക്കുറിച്ചു ചോദിച്ചാൽ ഒരു മ റുപടിയേയുള്ളൂ. ‘നോക്കാം അമ്മാ..’
വി.ജി.നകുൽ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ