Friday 23 September 2022 04:34 PM IST : By സ്വന്തം ലേഖകൻ

ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട മാതാവിനോടുള്ള ആത്മസമർപ്പണം; സ്കൂട്ടറിൽ ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും പിന്നിട്ട് അമ്മയും മകനും

ernakulam-krishnakumar-choodaratna.jpg.image.845.440

വയോധികയായ മാതാവിനെ ക്ഷേത്രങ്ങളും പുണ്യ സങ്കേതങ്ങളും കാണിക്കാൻ 4 വർഷമായി സ്കൂട്ടറിൽ മാതാവുമായി സഞ്ചരിക്കുകയാണ് മൈസൂർ ബൊഗാഡി സ്വദേശി കൃഷ്ണകുമാർ. മാതാവിനു വേണ്ടിയുള്ള ‘മാതൃസങ്കൽപയാത്ര’ കാലടിയിലെത്തി. ഇന്ന്  ഇവിടെ നിന്നു യാത്രയാകും. കൃഷ്ണകുമാറും (44) മാതാവ് ചൂഡാരത്നവും (72)  2018 ജനുവരി 16 ന് ആണ്  സ്കൂട്ടർ പര്യടനം ആരംഭിച്ചത്. ഇന്ത്യയിലെ ഒട്ടുമിക്ക പുണ്യ സ്ഥലങ്ങളിലും നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നീ അയൽ രാജ്യങ്ങളിലെ തീർഥാടന കേന്ദ്രങ്ങളിലും ഇവർ പോയി. ഇതിനകം 58,742 കിലോമീറ്റർ തീർഥാടനത്തിന്റെ ഭാഗമായി സ്കൂട്ടർ ഓടിച്ചെന്നു കൃഷ്ണകുമാർ പറഞ്ഞു. 

ചെല്ലുന്ന സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലോ മഠങ്ങളിലോ ഗുരുസ്ഥാനങ്ങളിലോ ആണ് താമസം. ഭക്ഷണവും ഇവിടെ നിന്നു കഴിക്കും. ദക്ഷിണാമൂർത്തി- ചൂഡാരത്നം ദമ്പതികളുടെ ഏകമകനാണ് കൃഷ്ണകുമാറെങ്കിലും പതിനഞ്ചോളം അംഗങ്ങളുള്ള കൂട്ടുകുടുംബമാണ് ഇവരുടേത്. അതിനാൽ ചൂഡാരത്നത്തിന് അടുക്കളപ്പണി കഴിഞ്ഞു പുറത്തിറങ്ങാൻ നേരമുണ്ടായിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ദക്ഷിണാമൂർത്തി 2015 ൽ മരിച്ചു. ‍പുണ്യസ്ഥലങ്ങളിൽ‍ പോയിട്ടുണ്ടോയെന്ന് ഒരിക്കൽ മാതാവിനോടു ചോദിച്ചപ്പോൾ പണിത്തിരക്കു മൂലം അടുത്തുള്ള ക്ഷേത്രങ്ങളിൽ പോലും ഇതുവരെ പോകാൻ പറ്റിയിട്ടില്ല എന്നായിരുന്നു മറുപടിയെന്നു കൃഷ്ണകുമാർ പറഞ്ഞു. 

ഇതു വല്ലാതെ വേദനിപ്പിച്ചു. തനിക്ക് പറ്റാവുന്നിടത്തോളം ക്ഷേത്രങ്ങളിലും പുണ്യസങ്കേതങ്ങളിലും മാതാവിനെ എത്തിക്കണമെന്ന് അന്നു തീരുമാനിച്ചതാണ്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട മാതാവിനോടുള്ള ആത്മസമർപ്പണമായിരുന്നു അത്. അതിനായി ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി രാജിവച്ചു. പിതാവ് ഉപയോഗിച്ചിരുന്ന സ്കൂട്ടറിലാണ് യാത്ര എന്നതിനാൽ അദ്ദേഹം കൂടെയുണ്ടെന്ന തോന്നലാണ്. യാത്രയ്ക്കായി ആരുടെയും സംഭാവന സ്വീകരിക്കില്ലെന്ന് ബ്രഹ്മചര്യം സ്വീകരിച്ച കൃഷ്ണകുമാർ പറഞ്ഞു. 

Tags:
  • Spotlight