Wednesday 17 April 2024 12:42 PM IST

ഭർത്താവിന് ബ്രെയിൻ ട്യൂമർ, സങ്കടക്കടലിൽ ഉലയാതെ അന്നമ്മ: ഇതാ എഴുപത്തിയാറിന്റെ ഉശിരുമായൊരു കായികാധ്യാപിക

Shyama

Sub Editor

mt-annamma

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റീസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

എഴുപത്തിയാറിന്റെ ഉശിരുമായൊരു കായികാധ്യാപിക, എം.ടി. അന്നമ്മ

കുട്ടനാട്ടിൽ കുമരങ്കരിയിലെ സ്വകാര്യ സ്കൂളിൽ 1971ലാണ് ആദ്യമായി കായികാധ്യാപികയായത്. അതിനു ശേഷം ആലപ്പുഴ ജില്ലയിലൊരു പി.എസ്.സി. ഒഴിവു കണ്ട് അപേക്ഷിച്ചു. അതു വഴി 1976ൽ സർക്കാർ ജോലിയിലെത്തി. കായംകുളം ബോയ്സ് സ്കൂളിൽ‍ നിന്നു തുടങ്ങി പലയിടങ്ങളിലായി ജോലി ചെയ്തു. വാഴൂർ ഗവൺമെന്റ് സ്കൂളിൽ നിന്നു വിരമിച്ചു. ആ വർഷം തന്നെ, 2001ൽ എസ്.എസ്.എൽ.സി പരീക്ഷാ മേൽനോട്ടത്തിനാണു കങ്ങഴ ബസേലിയോസ് സ്കൂളിൽ വരുന്നത്.

തുടക്കം മുതലേ സ്പോർട്സ് ഒപ്പം

ജനിച്ചു വളർന്നതു കങ്ങഴയാണ്. കല്യാണം കഴിച്ചതു വാഴൂരും. രണ്ടു മക്കളുണ്ട്. കല്യാണം കഴിഞ്ഞുപത്തു വർഷം കഴിഞ്ഞതും ഭർത്താവിനു വയ്യാതെ വ ന്നു. ബ്രെയിൻ ട്യൂമറായിരുന്നു. ശ്രീചിത്ര ആശുപത്രിയിലും ആർസിസിയിലുമൊക്കെയായി ചെലവഴിച്ച ദിവസങ്ങൾ... കങ്ങഴ ആശുപത്രി തുടങ്ങിയ കാലത്ത് അവിടെ ചികിത്സിച്ചിരുന്നു. ആ ആശുപത്രിയിൽ ഉണ്ടായിരുന്നൊരു അച്ചനായിരുന്നു ബസേലിയോസിലെ അന്നത്തെ ഹെഡ്മാഷ്. സ്കൂളിൽ വച്ചുകണ്ടപ്പോൾ അച്ചൻ എന്നെ തിരിച്ചറിഞ്ഞു. കാര്യങ്ങളൊക്കെ കേട്ടറിഞ്ഞതും വിരമിച്ച ശേഷം ഇവിടെ ജോലിക്കു ചേർന്നോളൂ എന്നും പറഞ്ഞു. അങ്ങനെയാണ് ഈ സ്കൂളിലേക്കു വരുന്നത്.

1968–69 കബഡി സംസ്ഥാനതല വിജയ ടീമിലെ ക ളിക്കാരിയായിരുന്നു. പഠിക്കുന്ന സമയത്തു തിരുവനന്തപുരം ജില്ലയെ പ്രതിനിധാനം ചെയ്ത് കളത്തിലിറങ്ങി. അവിടുന്നു ജയിച്ചു കേരളത്തിനു വേണ്ടി കളിച്ചു. ജയിച്ച സർട്ടിഫിക്കറ്റ് ഇന്നും കാത്തുസൂക്ഷിക്കുന്നു.

ഇതു സ്വകാര്യ സ്കൂളായതു കൊണ്ട്, മത്സര സാധ്യത കുറവായതുകൊണ്ട് കബഡി കളിപ്പിക്കാറില്ല. പ്രധാനമായും ഹാൻഡ് ബോളും ഫുട്ബോളും ആണ് പഠിപ്പിക്കുന്നത്. പിന്നെ ത്രോ ഇനങ്ങളും (ജാവലിൻ, ഷോട്ട് പുട്ട് പോലുള്ളവ). ഇതുവരെ പരിശീലിപ്പിച്ച പന്ത്രണ്ടോളം കുട്ടികൾക്കു സംസ്ഥാനതലത്തിൽ സമ്മാനം കിട്ടി. നന്നായി ഷോട്ട് പുട്ട് ചെയ്യുന്നൊരു കുട്ടിയെ അവളുടെ കഴിവു തിരിച്ചറിഞ്ഞു ഭാരോദ്വഹനത്തിനു ചേർത്ത് അതിനു സൗകര്യമുള്ള മറ്റൊരു സ്കൂളിൽ കൊണ്ടുപോയി പരിശീലിപ്പിച്ചു. ആ കുട്ടി ദേശീയ തലത്തിൽ ആറാം സ്ഥാനത്തെത്തി.

സ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും നാട്ടുകാരും മറ്റെല്ലാവരും നല്ല പ്രോത്സാഹനം തരുന്നവരാണ്. ഇങ്ങു പോരേ... എന്നു പറഞ്ഞ് ഒപ്പം നിൽക്കുന്ന മാനേജ്മെന്റും.

പറ്റുന്നത്ര ആരോഗ്യകരമായി തുടരണം

അച്ചാച്ചൻ തോമസ് നാടൻ പന്ത് കളിക്കുമായിരുന്നു. അമ്മ മറിയാമ്മയും നല്ല പിന്തുണയായിരുന്നു. ഹൈസ്കൂള്‍ പഠിച്ചതു പാമ്പാടി എം.ജി.എമ്മിലാണ്. നടന്നാണു സ്കൂളിൽ പോകുന്നത്. സ്കൂൾ കഴിഞ്ഞു കളിച്ചിട്ടു തിരിച്ചോടിയാണു വീട്ടിലേക്കു വരുന്നത്. സ്കൂളി‍ലെ പഠനം കഴിഞ്ഞതും ഫിസിക്കൽ ട്രെയിനിങ്ങിന് അപേക്ഷിച്ചു. സെക്കൻഡ് ക്ലാസ് കിട്ടി പാസായതോടെ ഈ വഴിക്ക്. രണ്ടു മക്കളാണ്. മകൾ താനിയ കോട്ടയത്ത് പൊലീസിൽ എഎസ്ഐ ആണ്. മകൻ തനൂജ്. ഷാർജയിൽ ബുക്കാത്തിർ കമ്പനിയിൽ അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. നാ ല് കൊച്ചുമക്കളുമുണ്ട്.

പ്രായമായി എന്നോർത്ത് ഒതുങ്ങി കൂടാതെ പറ്റുന്നത്ര കാര്യങ്ങൾ ഊർജസ്വലതയോടെ ചെയ്യുക. അപ്പോൾ മാനസികമായി പോലും നമ്മൾ പെട്ടന്ന് ഉലയില്ല. നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കുക. ഒരുപാട് ഭക്ഷണം കഴിക്കാതെ ഉള്ളതു കൃത്യ സമയത്തു കഴിക്കുക. വേവലാതി വന്നാൽ അത് മക്കളോടോ മറ്റോ തുറന്ന് പറയുക. കഴിവതും വ്യായാമം ചെയ്യുക. ഇതൊക്കെയാണ് എന്നെ ഇന്നും ഊർജസ്വലയാക്കുന്നത്.

പൊലീസിലേക്കും വനം വകുപ്പിലേക്കും ഒക്കെ ജോലിക്ക് അപേക്ഷിച്ച് എഴുത്തു പരീക്ഷ പാസാകുന്നവർക്ക് അവധിക്കാലത്തു കായിക പരിശീലനം നൽകാറുണ്ട്. പല കുട്ടികൾക്കും ജോലിയും കിട്ടി. അത് അഭിമാന നേട്ടമാണ്.

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്പോർട്സിൽ പങ്കെടുക്കാൻ നല്ല പിന്തുണയുണ്ടായിരുന്നു. അതിൽ നിന്ന് ആർജിച്ച കരുത്താണു ജീവിതത്തോടു പൊരുതാനും എന്നെ സഹായിച്ചത്. ആ കരുത്താണ് എന്നിലേക്കു വരുന്നവർക്കും പകർന്നു കൊടുക്കാൻ ശ്രമിക്കുന്നത്.

mt-annamma-2

2019ൽ കായിക മേഖലയിലെ മികവിന് വനിതാ ദിനത്തിൽ കറുകച്ചാൽ ടൗൺ വക ഒരു അവാർഡ് കിട്ടി. ബാക്കി അവാർഡ് എന്റെ പിള്ളേരൊക്കെ തരുന്ന സ്നേഹവും ബഹുമാനാനവുമാണ്.

കാലത്ത് അഞ്ചിനു മുൻപായി എഴുന്നേൽക്കും. ചായയിട്ടു പ്രാതതലിനുള്ളതൊക്കെ ഉണ്ടാക്കി വയ്ക്കും. കഴിച്ചു കഴിഞ്ഞു ചോറും കറികളും ഉണ്ടാക്കും. എനിക്കൊപ്പം ആങ്ങളയുണ്ട്. അവിവാഹിതനാണ്.

പഠിപ്പിക്കുക മാത്രമല്ല കുട്ടികളെ കേൾക്കുകയും കരുതുകയും വേണം. ഞാൻ ഒരു ദിവസം പോയില്ലെങ്കിൽ ഒ ന്നാം ക്ലാസ് തൊട്ടു പത്തു വരെയുള്ള പിള്ളേർക്കു സങ്കടമാണ്. അവർ വിളിച്ചു ചോദിക്കും.

എന്നെ സംബന്ധിച്ച് മുടി നരച്ചു എന്ന് മാത്രമേയുള്ളൂ.ഇത്രയും പ്രായമായെന്ന് എനിക്ക് തോന്നാറേയില്ല... ’’ നല്ലൊരന്നമ്മച്ചിരിയും കാച്ചി അന്നമ്മ കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങി...

കുറിച്ചു വയ്ക്കൂ 14567

സീനിയർ സിറ്റിസൺസിനു വേണ്ടിയുള്ള നാഷനൽ ലെവൽ ഹെൽപ് ലൈൻ നമ്പറാണ് 14567. മുതിർന്ന പൗരന്മാർക്കു സുരക്ഷയും ബഹുമാനവും സംരക്ഷണവുമുള്ള ജീവിതാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ശാരീരിക–മാനസിക ആരോഗ്യം ഉറപ്പാക്കാനും നിയമസഹായത്തിനും പീഡനം നേരിട്ടാലോ ഒക്കെ ഈ നമ്പറിൽ വിളിക്കാം. വേണ്ട പിന്തുണ നൽകുന്നതിനൊപ്പം സഹായം ഉറപ്പാക്കുകയും ചെയ്യും.‌

രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ഈ ‘എൽഡർ ലൈനി’ൽ നിന്നുള്ള സേവനം ലഭിക്കുക. ഡയൽ കോഡ് ചേർക്കാതെ നമ്പർ മാത്രം ഡയൽ ചെയ്യുക.

ശ്യാമ

ഫോട്ടോ: ഹരികൃഷണൻ