Monday 16 May 2022 12:05 PM IST : By സ്വന്തം ലേഖകൻ

‘ചില മനുഷ്യരുണ്ട്, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ടാൽ അലിഞ്ഞു പോകുന്ന മനസ്സുള്ളവർ; പോഴത്തക്കാർ എന്ന് പലപ്പോഴും പരിഹസിക്കപ്പെടുന്നവർ’: ഹൃദ്യമായ കുറിപ്പ്

najeeb77555monne

"ചില മനുഷ്യരുണ്ട്. വന്നത് വരവും പോയത് ചെലവും എന്ന മട്ടിൽ വലിയ കണക്കുകൂട്ടൽ ഒന്നുമില്ലാതെ ജീവിക്കുന്നവർ. ഒരാളുടെ പ്രയാസം മനസ്സിലാക്കി തന്നാലാവും വിധം കണ്ടറിഞ്ഞു സഹായിക്കുന്നവർ. ഏതൊരു കാര്യത്തിലും ഉദാരമായി കൈയയക്കുന്നവർ. തന്നെ ബാധിക്കുമോ എന്ന് നോക്കാതെ മറ്റുള്ളവരുടെ വിഷയങ്ങളിൽ താങ്ങായി മാറുന്നവർ. ഓട്ടക്കയ്യൻ എന്നും ധാരാളി എന്നും ഉറ്റവർ പോലും കുറ്റപ്പെടുത്തിയാലും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ടാൽ അലിഞ്ഞു പോകുന്ന മനസ്സുള്ളവർ. പോഴത്തക്കാർ എന്ന് പലപ്പോഴും പരിഹസിക്കപ്പെടുന്നവർ."- നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ഹൃദ്യമാണ്. 

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;

വളരെ അധികം കണക്കുകൂട്ടി ജീവിക്കുന്ന ചില മനുഷ്യരെ കണ്ടിട്ടുണ്ട്. അണ പൈ ചെലവാക്കാൻ പോലും ഒരുപാട് ആലോചിക്കുന്നവർ. എവിടെ നിക്ഷേപിച്ചാൽ നാളത്തേക്ക് ഗുണം ചെയ്യും എന്ന് ബുദ്ധിപൂർവ്വം  തീരുമാനിക്കുന്നവർ. മറ്റുള്ളവരെ സഹായിക്കേണ്ടി വരുന്ന ഘട്ടം വന്നാൽ തന്ത്രപൂർവ്വം അതിൽ നിന്ന് ഒഴിഞ്ഞു മാറുകയോ നിവൃത്തിയില്ലെങ്കിൽ മാത്രം ബോധ്യപ്പെടുത്താൻ എന്തെങ്കിലും ചെയ്യുന്നവർ. ഇതൊക്കെ വെറും തട്ടിപ്പും ഉഡായിപ്പും ആണെന്ന് അവനവനെയും ചുറ്റുമുള്ളവരെയും നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നവർ. വരവിനെ കുറിച്ചോ സമ്പാദ്യത്തെ കുറിച്ചോ ഉള്ള കണക്കുകൂട്ടൽ ഇത്തിരി പിഴച്ചു പോയാൽ ആകെ സ്വസ്ഥത നഷ്ടപ്പെടുന്നവർ. എത്ര വരുമാനമുണ്ടെങ്കിലും നാളെ പാപ്പരായി പോകുമോ എന്ന വേവലാതിയോടെ പിശുക്കിയും ലൂബ്ധിച്ചും ഉത്കണ്ഠപ്പെട്ടും ഒരു സ്വസ്ഥതയും ഇല്ലാതെ ജീവിച്ചു മരിച്ചു പോകുന്ന ചില മനുഷ്യർ.

എന്നാൽ ഇതല്ലാത്ത ചില മനുഷ്യരുണ്ട്. വന്നത് വരവും പോയത് ചെലവും എന്ന മട്ടിൽ വലിയ കണക്കുകൂട്ടൽ ഒന്നുമില്ലാതെ ജീവിക്കുന്നവർ. ഒരാളുടെ പ്രയാസം മനസ്സിലാക്കി തന്നാലാവും വിധം കണ്ടറിഞ്ഞു സഹായിക്കുന്നവർ. ഏതൊരു കാര്യത്തിലും ഉദാരമായി കൈയയക്കുന്നവർ. തന്നെ ബാധിക്കുമോ എന്ന് നോക്കാതെ മറ്റുള്ളവരുടെ വിഷയങ്ങളിൽ താങ്ങായി മാറുന്നവർ. ഓട്ടക്കയ്യൻ എന്നും ധാരാളി എന്നും ഉറ്റവർ പോലും കുറ്റപ്പെടുത്തിയാലും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ടാൽ അലിഞ്ഞു പോകുന്ന മനസ്സുള്ളവർ. പോഴത്തക്കാർ എന്ന് പലപ്പോഴും പരിഹസിക്കപ്പെടുന്നവർ.

കൗതുകകരമായ കാര്യം ആദ്യം പറഞ്ഞ കൂട്ടർ എങ്ങനെയൊക്കെ കണക്കുകൂട്ടി ജീവിച്ചാലും പ്രശ്നങ്ങളും സാമ്പത്തിക ഞെരുക്കവും ഒഴിഞ്ഞ കാലം ഉണ്ടാവില്ല. നാളെയെ കുറിച്ചുള്ള ആധിയും വേവലാതിയും കൊണ്ട് സ്വസ്ഥത പണ്ടേ പോയിട്ടുണ്ടാവും എന്നത് വേറെ. എന്നാൽ രണ്ടാമത് പറഞ്ഞ കൂട്ടർക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാവില്ല. കൊടുക്കുംതോറും ഏറിക്കൊണ്ടിരിക്കും. എത്ര കോരിയാലും വറ്റാതെ. തീർന്നു പോകുമെന്ന വേവലാതി ഇല്ല. നാളെയെ കുറിച്ചുള്ള ഉത്കണ്ഠയും. പ്രയാസം അനുഭവിക്കുന്ന ഒരാൾക്ക് സഹായമായി മാറുമ്പോൾ ലഭിക്കുന്ന അതംസംതൃപ്തിയാണ് അവരുടെ ആഹ്ലാദവും ഊർജ്ജവും.

ഇങ്ങനെ ഒരുപാട് മനുഷ്യരെ നേരിൽ അറിയാം. പഴമക്കാർ  പറയുന്നൊരു ഉപമയുണ്ട്. 'കോരുന്ന കിണറ്റിലേ ഉറവയുണ്ടാവൂ'. സാമ്പത്തിക ശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ കഴിയില്ലെങ്കിലും അതൊരു വലിയ സത്യമാണ്. കണക്കുകൂട്ടി ജീവിക്കാൻ അറിയാത്ത കുറേ മനുഷ്യർ ഇല്ലായിരുന്നെങ്കിൽ ഈ ലോകം ഇത്ര മനോഹരമാവില്ല ഉറപ്പ്. 

Tags:
  • Spotlight
  • Social Media Viral