ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച ഒരാൾ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവന്റെ ജീവിതകഥ...
ഗുരുവായൂരമ്പലത്തിൽ ഉദയാസ്തമയ പൂജയുടെ തിരക്ക്. തൊഴാനായി കാത്തുനിൽക്കുന്നവരുടെ നീണ്ട ക്യൂ.
പടിഞ്ഞാറേ നടയിലൂടെ തൊഴുതിറങ്ങുന്നവരുടെ ഇടയിലേക്കു പെട്ടെന്നാണ് ആ അമ്മ പ്രത്യക്ഷപ്പെട്ടത്. നേര്യതും മുണ്ടുമണിഞ്ഞ്, കഴുത്തിൽ രുദ്രാക്ഷവും തുളസിമാലയുമിട്ട, നെറ്റിയിൽ കളഭവും സിന്ദൂരവും ചാർത്തിയ കണ്ണന്റെ അമ്മ. കൊച്ചു കുഞ്ഞിനെ എന്നപോലെ അവർ കയ്യിലേന്തിയ ഉണ്ണിക്കണനെ കാണാനും തൊട്ടുതൊഴാനുമായി തിങ്ങിക്കൂടുന്ന ഭക്തർ. മൂന്നു വർഷം മുൻപു ചെന്നൈയിൽ നിന്നെത്തി കണ്ണന്റെ മണ്ണിൽ താമസമാക്കിയ നളിനി മാധവനെ വ്യത്യസ്തയാക്കുന്നതു കയ്യിലെ ഈ കൃഷ്ണവിഗ്രഹമാണ്. ഊണിലും ഉറക്കത്തിലും കണ്ണനുണ്ട് ഈ അമ്മയ്ക്കൊപ്പം.
ഹരിദ്വാറിലും വൃന്ദാവനത്തിലും മൂകാംബികയിലുമെന്നു വേണ്ട പോകുന്നിടത്തൊക്കെ കണ്ണനെയുമെടുത്ത് അ മ്മ പോയിവന്നു. കണ്ണൻ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചു നളിനി മാധവൻ തന്നെ പറയട്ടെ.
‘‘എന്റെ അച്ഛൻ രാമൻ കുട്ടിയുടെയും അമ്മ സരോജിനിയമ്മയുടെയും വീട് ഒറ്റപ്പാലത്താണെങ്കിലും ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അച്ഛനു ത മിഴ്നാട് പൊലീസ് ഡിപ്പാർട്ട്മെന്റിലായിരുന്നു ജോലി.
എട്ടു മക്കളിൽ അഞ്ചാമത്തെയാളാണു ഞാൻ. ചെന്നൈയിൽ നിന്നാണ് എംഎ ഇക്കണോമിക്സ് പാസ്സായത്. പിന്നെ, അക്യുപങ്ചർ പഠിച്ചു പ്രാക്ടീസ് തുടങ്ങി. ഇൻസ്ട്രക്ടർ കോഴ്സ് കൂടി പാസ്സായ ശേഷം കുട്ടികളെ ചികിത്സ പഠിപ്പിക്കാനും തുടങ്ങി. ഇതിനു പുറമേ യോഗ പരിശീലനവും ആയുർവേദ മസാജും പഞ്ചകർമ ചികിത്സയുമൊക്കെ ചെയ്യുന്നുണ്ട്.
ഭർത്താവ് മാധവൻ കുട്ടിക്കു ഹിന്ദുസ്ഥാൻ മോട്ടോർസിലായിരുന്നു ജോലി. പിന്നീട് എന്റെ ശിക്ഷണത്തിൽ അക്യുപങ്ചർ പഠിച്ച് അദ്ദേഹവും ക്ലിനിക് തുടങ്ങി. തിരുവള്ളൂരിലെ ഞങ്ങളുടെ ക്ലിനിക്ക് തുടങ്ങിയിട്ട് ഇപ്പോൾ 24 വർഷമായി.
രണ്ടു മക്കളാണ്, പ്രദീപും പ്രദീഷും. ഐടി ഉദ്യേഗസ്ഥനായ പ്രദീപിന്റെയും മറൈൻ എൻജിനീയറായ പ്രദീഷിന്റെയും വിവാഹം ഗുരുവായൂരിലായിരുന്നു. ആ വരവൊക്കെ ഭർത്താവിന്റെയും കുടുംബത്തിന്റെയും മേൽനോട്ടത്തിലായിരുന്നു. പിന്നീടു കണ്ണൻ തന്നെയാണ് എന്നെ ഗുരുവായൂരിലേക്കു വിളിച്ചുവരുത്തിയത്.
കണ്ണാ നീ ഉറങ്ങെടാ...
ഏഴുവർഷം മുൻപാണ് ജീവിതത്തെ ആകെയുലച്ച ആ സംഭവം. മാധവേട്ടന് ഒരു തലകറക്കം വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ എഴുന്നേൽക്കാൻ പോലും പറ്റാതെയായി. 40 ദിവസത്തിലേറെ ആശുപത്രിയിൽ കിടന്നു. അദ്ദേഹം പോയതോടെ ഞാൻ തീർത്തും ഒറ്റയ്ക്കായി. ക്ലിനിക്കിൽ പോകുമെങ്കിലും മനസ്സിൽ സന്തോഷമില്ലാത്ത അവസ്ഥ. മൂന്നു വർഷം കഴിഞ്ഞാണു നാട്ടിലാകെ കോവിഡ് വന്നത്.
നാട്ടിലുള്ള അമ്മമാരെ കാണാനാകാതെ മരിക്കേണ്ടി വ രുമോ എന്ന പേടിയായിരുന്നു അപ്പോൾ മനസ്സിൽ. പ്രാർഥനയോടെ കണ്ണടയ്ക്കുമ്പോൾ മനസ്സിൽ തെളിയുന്നതു ഗുരുവായൂരപ്പന്റെ മുഖമാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഒറ്റപ്പാലത്ത് അമ്മയുടെ അടുത്തു വന്നപ്പോൾ ഗുരുവായൂരിൽ വന്നു കണ്ണനെ തൊഴുതു. പിന്നെയും മൂന്നുനാലു വട്ടം കൂടി ഇവിടെയെത്തി തൊഴുതതോടെ നാട്ടിലേക്കു മടങ്ങണമെന്ന മോഹം വന്നു. അങ്ങനെ ആ വിഷുക്കാലത്ത് ഒറ്റപ്പാലത്തു വീടെടുത്തു താമസം തുടങ്ങി. ഒരു മുറിയിൽ ക്ലിനിക്കും തുടങ്ങി.
കാര്യങ്ങൾ നന്നായി പോകുന്നതിനിടയിലാണ് അടുത്ത ലോക്ഡൗൺ വന്നത്. ചികിത്സിക്കാനും മറ്റും നിയന്ത്രണം വന്നതോടെ ക്ലിനിക് പൂട്ടിയിട്ടു. വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കേണ്ട എന്നു പറഞ്ഞു തൃക്കടിയേരിയിലെ കൂട്ടുകാരി ബേബി ഉഷ വിളിച്ചു.
അച്ഛന്റെ മരണശേഷം കുറച്ചുകാലം ഞാനും അമ്മയും നാട്ടിലെ തറവാട്ടിൽ താമസിച്ചിരുന്നു. ആ കാലത്തു കിട്ടിയ കൂട്ടുകാരിയാണവൾ, പത്തൻപതു വർഷമായുള്ള സൗഹൃദം.
ഉഷയുടെ വീട്ടിലേക്കു പോകാനായി പ്രാർഥിച്ചു വാതിൽ അടയ്ക്കുമ്പോഴാണ് ആ ശബ്ദം കാതിൽ വീണത്, ‘എന്നെ ഒറ്റയ്ക്കാക്കി പോകുകയാണോ...’ നോക്കുമ്പോൾ ഉണ്ണിക്കണ്ണനാണ്. എന്റെ അറുപതാം പിറന്നാളിന് മാധവേട്ടന്റെ അമ്മ ചെന്നൈയിലേക്ക് അയച്ചു തന്ന സമ്മാനമാണ് ഈ കൃഷ്ണവിഗ്രഹം. പൊടിയും പുകയുമേൽക്കാതെ കണ്ണനെ ഷോകേസിൽ വച്ചിരിക്കുകയായിരുന്നു.
ഓടിച്ചെന്ന് അവനെ വാരിയെടുത്തു. കൊച്ചുമക്കളായ പ്രണയ്‌യും അദ്വൈതയും എന്റെ നെഞ്ചോടു ചേർന്നിരിക്കും പോലെ കണ്ണനും ഇരിപ്പായി. അന്നു മുതൽ എവിടെ പോയാലും കണ്ണനെ കയ്യിലെടുക്കും. എല്ലാ വിശേഷങ്ങളും കണ്ണനോടു പറയും, വിഷമങ്ങളും. എന്റെ എല്ലാ ചോദ്യങ്ങൾക്കും കണ്ണൻ സൂചനകളിലൂടെ മറുപടിയും തരും. ഇടയ്ക്കു ചില കുറുമ്പുകളുമുണ്ടു കുസൃതിക്കണ്ണന്. ദിവസവും പുതിയ വസ്ത്രങ്ങളും കിരീടവും ആഭരണവുമൊക്കെ ധരിപ്പിച്ചില്ലെങ്കിൽ അവൻ പിണങ്ങും. രാത്രി ഒപ്പം കിടത്തി പാട്ടുപാടിയാണ് ഉറക്കുന്നത്.
ഗുരുവായൂരപ്പാ... ഗുരുവായൂരപ്പാ...
കഴിഞ്ഞ അഷ്ടമിരോഹിണിക്ക് 11 ദിവസം ഗുരുവായൂരിൽ തങ്ങി. പിറ്റേദിവസം തിരുവനന്തപുരത്ത് ഒരു പരിപാടിയുണ്ട്, അതു കഴിഞ്ഞു നേരേ ഒറ്റപ്പാലത്തേക്കു പോയി. വീട്ടിലെത്തി നോക്കുമ്പോൾ പഴ്സ് കാണാനില്ല.
ഐഡന്റിറ്റി കാർഡുകളും ബാങ്ക് എടിഎം കാർഡുമൊക്കെ അതിലാണ്. മക്കളുടെ സഹായത്തോടെ കാർഡുകൾ ബ്ലോക് ചെയ്യാൻ ശ്രമം തുടങ്ങി. പാസ്ബുക്കും മറ്റും ചെന്നൈയിലെ വീട്ടിലായതിനാൽ അതൊക്കെ പകുതി വഴിയിൽ പരാജയപ്പെട്ടു. അപ്പോൾ കണ്ണനെ നോക്കി പരിഭവം പറഞ്ഞു, ‘എന്തിനാ കണ്ണാ അമ്മയെ ഇങ്ങനെ പരീക്ഷിക്കുന്നത്...’ അൽപസമയം കഴിഞ്ഞപ്പോൾ ഗുരുവായൂർ ദേവസ്വം ഓഫിസിൽ നിന്നു ഫോൺ, ‘നിങ്ങളുടെ പഴ്സ് കിട്ടിയിട്ടുണ്ട്. കാർഡുകളെല്ലാം ഭദ്രമായിരിക്കുന്നു.’ അന്നു തന്നെ ഗുരുവായൂരിലെത്തി പഴ്സ് കൈപ്പറ്റി. അതിലെ ചില്ലറത്തുട്ടുകൾ പോലും ഭദ്രമായുണ്ട്. അന്നു മടക്കയാത്രയിൽ ഒരു തീരുമാനമെടുത്തു, ഇനി ഭഗവാന്റെ മണ്ണിൽ ജീവിക്കണം. ആയിടയ്ക്കു പരിചയപ്പെട്ട ഒരാളാണു ഗുരുവായൂരിൽ യോഗ ക്ലാസ് നടത്താമോ എന്നു ചോദിച്ചത്. അങ്ങനെ കഴിഞ്ഞ വർഷം കണ്ണന്റെ മണ്ണിൽ ജീവിതം തുടങ്ങി.
കോലക്കുഴൽ വിളി കേട്ടോ...
ഈ വർഷം കണ്ണനുമായി ഹരിദ്വാറിൽ പോയപ്പോൾ ഒരു സംഭവമുണ്ടായി. അഞ്ചു ദിവസത്തെ പ്രാർഥനകളാണു ശാന്തികുഞ്ജിൽ നടത്തുന്നത്. ആ ദിവസങ്ങളിലൊക്കെ കണ്ണന് ഓടക്കുഴൽ വാങ്ങാൻ അവിടെയൊക്കെ അന്വേഷിച്ചു നടന്നിട്ടും കിട്ടിയില്ല. അവസാന ദിവസം ധാര പൂജ കഴിഞ്ഞ് ആരതിയെടുക്കാനായി കാത്തിരിക്കുമ്പോൾ പത്തിരുപതു വയസ്സുള്ള ഒരു പെൺകുട്ടി അരികിലേക്കു വന്നു. അവളുടെ കയ്യിൽ ഓടക്കുഴൽ കണ്ട് ‘എവിടെ നിന്നാണിത്’ എന്നു ചോദിച്ചപ്പോൾ ‘വൃന്ദാവനത്തിൽ നിന്ന്’ എന്നായിരുന്നു മറുപടി.
അവളെന്നെ പരിഹസിച്ചതാണോ എന്നുപോലും സംശയം തോന്നി. ഞങ്ങൾക്കൊപ്പം ഇരുന്ന അവൾ കുറച്ചുനേരം കണ്ണനെ കളിപ്പിച്ചു. ഓടക്കുഴൽ കണ്ണന്റെ കയ്യിൽ വച്ചു ഭംഗി നോക്കുന്നതും കണ്ടു.
ആരതിയെടുക്കാനായി ഞാൻ എഴുന്നേറ്റിട്ടു നോക്കുമ്പോൾ അവളെ കാണാനില്ല. കണ്ണന്റെ കയ്യിൽ അവൾ വച്ചുകൊടുത്ത ഓടക്കുഴലുമുണ്ട്.
കണ്ണന്റെ രാധയാകും വൃന്ദാവനത്തിൽ നിന്നു വന്ന് ആ സമ്മാനം നൽകിയതെന്നാണു കൂടെയുണ്ടായിരുന്നവർ പ റഞ്ഞത്. എല്ലാം കണ്ണന്റെ മായകൾ...’’