Thursday 21 February 2019 06:35 PM IST : By സ്വന്തം ലേഖകൻ

ഭിക്ഷയെടുത്തു ശേഖരിച്ച 6 ലക്ഷം സൈനികരുടെ കുടുംബത്തിന്! സമാനതകളില്ലാത്ത നൻമയുടെ മാതൃകയായി നന്ദിനി

pilwama-new

പുൽവാമയിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ ഓർമ്മകളിൽ നീറുകയാണ് രാജ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, കൊല്ലപ്പെട്ട സൈനികരുടെ ആശ്രിതർക്ക് സഹായ ഹസ്തങ്ങൾ നീട്ടി ആയിരങ്ങളാണ് രംഗത്തെത്തിയത്. അതിൽ സാധാരണക്കാർ മുതൽ സിനിമാപ്രവർത്തകർ വരെയുണ്ട്. എന്നാൽ അക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നതാണ് അജ്മീര്‍ സ്വദേശിനി നന്ദിനിയുടെ നൻമ.

നന്ദിനി ഒരു ഭിക്ഷാടകയാണ്. അജ്മീറിലെ തെരുവില്‍ ഭിക്ഷയെടുത്താണ് നന്ദിനി ജീവിക്കുന്നത്. എന്നാൽ നാളിത്രയും ഭിക്ഷയെടുത്ത് സ്വരൂപിച്ച ആറ് ലക്ഷത്തോളം രൂപ പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തിന് നൽകാനുള്ള തയാറെടുപ്പിലാണവർ.

അജ്മീറിലെ ഒരു ക്ഷേത്രത്തിന് മുന്നിലാണ് നന്ദിനി ഭിക്ഷ യാചിക്കുന്നത്. ലഭിക്കുന്ന തുകയിൽ നിന്ന് ആവശ്യത്തിനു മാത്രം ചിലവാക്കിയ ശേഷം ബാക്കി വരുന്നത് ബാങ്കില്‍ നിക്ഷേപിക്കുന്നതാണ് പതിവ്. ബാങ്ക് നിക്ഷേപത്തിന്റെ അവകാശികളായി രണ്ടു പേരെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇവര്‍ തന്നെയാണ് തുക വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കാം എന്ന തീരുമാനത്തിലേക്കെത്തിയത്.

നന്ദിനിയുടെ നൻമയെ നിറഞ്ഞ മനസ്സോടെയാണ് രാജ്യം സ്വീകരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം നന്ദിനിയുടെ കഥ വൈറലാണ്. നന്ദിനിയെ കാണാനും സന്തോഷം പങ്കു വയ്ക്കാനുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.