Wednesday 13 March 2024 11:27 AM IST : By സ്വന്തം ലേഖകൻ

‘മീസാന്‍ കല്ലില്‍ ഞാന്‍ ചുംബിച്ചത് നീ അറിഞ്ഞുവോ... ഖബറിനരികിൽ എത്തുമ്പോൾ കേൾക്കാം നിന്റെ പുഞ്ചിരി: കണ്ണീർ കുറിപ്പ്

haneefa-nellikuth

വിശുദ്ധിയുടെ റമസാന്‍ നോമ്പുകാലം തനിക്ക് വേദനയുടേതു കൂടിയാണെന്ന് പറയുകയാണ് നെല്ലിക്കുത്ത് ഹനീഫ. പ്രിയ മകനെ പടച്ചവൻ തിരികെ വിളിച്ച കാലത്തിന്റെ കണ്ണീരോർമയാണ് ഓരോ നോമ്പുകാലവുമെന്ന് ഹനീഫ പറയുന്നു.

മനസ്സിലെ ഏത് മുറിവിനേയും കാലം മായ്ച്ച് കളയുമെന്ന് പറയുന്നത് വെറുതെയാണ്. ഞങ്ങളുടെ ശരീരത്തിന്റെ ചൂടിലും.. രക്തത്തിലും.. ആവിയിലും.. കാലമേറെ കഴിഞ്ഞിട്ടും തേങ്ങലുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് ഹനീഫ വേദനയോടെ കുറിക്കുന്നു. മകന്റെ പ്രായത്തിലുള്ള ഏതൊരു കുട്ടിയെ കാണുമ്പോഴും, ഞങ്ങള്‍ അനുഭവിയ്ക്കുന്നത് ഒരു തരം കനല്‍ച്ചൂടാണ്. അത് വിവരിക്കാനാകുന്നില്ലെന്നും ഹനീഫ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പങ്കുവയ്ക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പുണ്യറംസാന് വീണ്ടും സമാഗതമാവുകയാണ്.
ഒരു റംസാന് കൂടി വന്നെത്തുമ്പാള്, എന്റെ കുഞ്ഞുമോനേ... നീയെന്റെ കണ് മുന്നില് നിന്ന് മറഞ്ഞിട്ട് നാല് വര്ഷമാവുകയാണ്. ഓരോ റംസാന് വന്നടുക്കുമ്പോഴും, ഞാനറിയാതെ എന്റെ വിരല്ത്തുമ്പില് നിന്ന് അടര്ന്ന് വീഴുന്ന അക്ഷരങ്ങള്ക്ക് എന്ത് ഭാഷ്യം നല്കുമെന്ന് എനിയ്ക്കറിയില്ല.
-സുഹൃത്തുക്കള് പലരും ഉപദേശിക്കാറുണ്ട്. 'അവന് പോയിട്ട് എത്ര നാള് കഴിഞ്ഞു. ഇനിയും ഇത് തന്നെ ഓര്ക്കണോ..? എന്ന്' എനിയ്ക്കതിന് ഉത്തരം നല്കാന് കഴിയാറില്ല. അങ്ങനെയൊക്കെ പറയാന് ആര്ക്കും എളുപ്പമാണ്. പക്ഷെ, ശൂന്യതയിലേക്ക് വലിച്ചിഴക്കപ്പെടുന്ന എന്റെ ചിന്തകളില് ചിലപ്പോള് ഭ്രാന്ത് പൂക്കുന്ന പോലെ തോന്നും. എന്തോ എന്റെ മനസ്സ് അങ്ങനെ ആയിപ്പോയി.

ജീവനില്ലാത്ത നാല് വര്ഷത്തെ ജീര്ണ്ണതയ്ക്കിടയില്, ഒരു സെക്കന്റ് പോലും അവനെക്കുറിച്ചുള്ള ദീപ്തമായ ചിന്തകളില് നിന്ന് എനിയ്ക്കും, അവന്റെ ഉമ്മ ഹബീബായ്ക്കും മോചനം കിട്ടുന്നില്ല. അവന്റെ പ്രായത്തിലുള്ള ഏതൊരു കുട്ടിയെ കാണുമ്പോഴും, ഞങ്ങള് അനുഭവിയ്ക്കുന്നത് ഒരു തരം കനല്ച്ചൂടാണ്. അത് വിവരിക്കാനുമാകില്ല. എന്നും അവന് ഒപ്പമുണ്ടാകുമെന്ന മൂഢചിന്ത കൊണ്ടാകാം, സര്വ്വശക്തനായ നാഥന്, അവനെ, ഞങ്ങള്ക്ക് മുന്നേ തിരിച്ച് വിളിച്ചത്.!

-മനസ്സിലെ ഏത് മുറിവിനേയും കാലം മായ്ച്ച് കളയുമെന്ന് പറയുന്നത്, ഒരലങ്കാര പ്രയോഗം മാത്രമാണ്. അത് ഞങ്ങളിപ്പോള് തിരിച്ചറിയുന്നു. ഞങ്ങളുടെ ശരീരത്തിന്റെ ചൂടിലും.. രക്തത്തിലും.. ആവിയിലും.. തേങ്ങലുകള് മാത്രമാണ് അവശേഷിക്കുന്നത്. അവന്റെ വേര്പാടിന്റെ ദുഃഖവും, മരവിപ്പും അത്രത്തോളം ഞങ്ങളെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്. അവന് ഉപേക്ഷിച്ച് പോയതെല്ലാം ഞങ്ങളിന്നും നിധി പോലെ സൂക്ഷിക്കുന്നു. അവന്റെ സ്‌കൂള് ബാഗ്.. അവന്റെ സ്പര്ശവും, കയ്യക്ഷരങ്ങളും പതിഞ്ഞ പാഠ പുസ്തകങ്ങള്.. ഉടുപ്പുകള്.. ഷൂ.. ചെരുപ്പ്.. പന്ത്.. മറ്റ് കളിപ്പാട്ടങ്ങള്.. അവന് ഉപയോഗിച്ച ടൂത്ത്ബ്രഷ്... എല്ലാമെല്ലാം, ഒരിക്കല് കൂടി അതിലെല്ലാം ഉമ്മ വെച്ച് ഞാനതൊക്കെ വീണ്ടും അടുക്കി വെച്ചു. വീട്ടിലെ അലമാര കതകില് അവന് ഒട്ടിച്ച് വെച്ച ചിത്രങ്ങള്, ഇപ്പോഴും അവിടെയുണ്ട്. അത് കാണുമ്പോള് നെഞ്ചിന്കൂട് തകരുന്ന പോലെ തോന്നും.

-കുഞ്ഞുമാനേ.. നീ പോകുന്നതിന് മാസങ്ങള്ക്ക് മുമ്പ് നിന്റെ തലയില് റേഡിയേഷന് ചികിത്സ തുടരുന്നതിനിടെ, നീ ആവശ്യപ്പെട്ട പ്രകാരമാണല്ലോ 'അനു അന്ന് ആ ഫോട്ടോ എടുത്തത്'.! കൊച്ചി വൈക്കം മുഹമ്മദ് ബഷീര് പഠന കേന്ദ്രം സംസ്ഥാന തലത്തില് ഏര്പ്പെടുത്തിയ പത്രപ്രവര്ത്തക അവാര്ഡ് എനിയ്ക്ക് ലഭിച്ചപ്പോള്, ആ പ്രശംസാ പത്രവുമായി നിനയ്ക്കും ഒരു ഫോട്ടോ എടുക്കണമെന്ന് നീ നിര്ബന്ധം പിടിച്ചപ്പോള്, മറ്റൊരവസരം ഇനിയും നിനക്കുണ്ടാകില്ലെന്ന് നീ അന്ന് തന്നെ ചിന്തിച്ചിരുന്നിരിക്കണം.! എനിയ്ക്ക് ലഭിച്ച പ്രശംസാ പത്രവുമായി നീ ഫോട്ടോയ്ക്ക പോസ് ചെയ്യുമ്പോള്, നിന്റെ മുഖത്തുണ്ടായ സന്തോഷത്തിന്, അള്ളാഹു കല്പ്പിച്ചത് ഒരു മറു വിധിയാണെന്ന് അന്ന് ഞാനൊട്ടും കരുതിയിരുന്നില്ല.
ഇന്നിപ്പോള്...

മില്ലുംപടി ഖബര്സ്ഥാനില്, നിന്റെ ഖബറിലേക്കുള്ള ചവിട്ട് വഴിയിയുടെ ഇരുവശത്തേക്കും പടര്ന്ന് തൂങ്ങിയ മൈലാഞ്ചിച്ചെടികളുടെ കമ്പുകള് വകഞ്ഞ് മാറ്റി, ഒരോ ദിവസവും ഞാന് നിന്റെ ഖബറിന് അടുത്തെത്തുമ്പോള് നിന്റെ നിഷ്‌കളങ്കമായ കൊഞ്ചിക്കുഴയലും, ചിരിയുമെല്ലാം എനിയ്ക്ക് കേള്ക്കാനാകുന്നു. ഖബറിന് മുകളില് വിടര്ന്ന് നില്ക്കുന്ന മഞ്ഞപ്പൂക്കള് എന്നോട് കൊഞ്ചിച്ചിരിക്കും..! റോസ് പൂക്കള് എന്നെ കളിയാക്കി ചിരിക്കുന്ന പോലെയും.! ചുവപ്പ് പൂക്കള്, നിന്നെ പോലെ തന്നെ പൊട്ടിച്ചിരിക്കുകയാണെന്ന് തോന്നും. മൗനത്തിലും വാചാലമാവുന്ന നമ്മുടെ നിമിഷങ്ങളെ തലോടിയെത്തുന്ന ഇളംകാറ്റില്, എല്ലാ പൂക്കളും സന്തോഷത്തോടെ എന്റെ വര്ത്തമാനം കേട്ട് എന്നോട് തലയാട്ടാറുണ്ട്. പാതിവഴിയില് പൊലിഞ്ഞ നിന്റെ സ്വപ്നങ്ങള്ക്ക് മേല് നാട്ടിയ 'മീസാന് കല്ലില്' പതിവായി ഞാന് ചുംബിക്കുന്നത് നീ അറിയുന്നില്ലേ..? മീസാന്കല്ലില് ഉമ്മ വെച്ച് തിരികെ നടക്കുമ്പോള്, 'നീയെന്നെ വിളിയ്ക്കുന്നുണ്ട്' എന്ന തോന്നലില്, ഞാനെത്രയോ തവണ തിരിഞ്ഞ് നോക്കിയിട്ടുണ്ട്.

-നിന്നെ പോലെ, ശലഭ ജീവിതം കടം കൊണ്ട്, വിടരും മുമ്പേ കൊഴിഞ്ഞവരും, മറ്റൊരു വസന്തത്തിന് കൂടി കാത്ത് നില്ക്കാനാകാതെ നിസ്സംഗതയോടെ വിധിയുടെ നിഴല് മറക്കുള്ളിലേക്ക് മറഞ്ഞവരുടേയെല്ലാം, നഷ്ട സ്വപ്നങ്ങള് ഖബറുകളായി ഉയര്ന്ന് നില്ക്കുന്ന ഖബര്സ്ഥാനില്, മണ്ണിനടിയില് കിടക്കുന്നവരെല്ലാം, ഒരു പക്ഷേ, എന്നേയും നിന്നേയുമൊക്കെ കാണുന്നുണ്ടാകും. നമ്മുടെ വര്ത്തമാനമെല്ലാം ഒരു നിമിഷം, അവരും കാതോര്ക്കുന്നുണ്ടാകും. അവരുടെ രക്തവും, മാംസവും അലിഞ്ഞൊട്ടിയ ഖബര്സ്ഥാന്റെ മണ്ണില് അതൊന്നുമറിയാതെ, പൂത്തുലഞ്ഞ് നില്ക്കുന്ന മൈലാഞ്ചി ചെടികള്ക്കും എന്തെങ്കിലുമൊക്കെ നമ്മേക്കുറിച്ച് പറയാനുണ്ടാകും.

നിന്നെക്കുറിച്ചുള്ള ഓര്മ്മകള് മനസ്സില് സൂചിക്കുത്തുകളായി വിങ്ങുമ്പോള്, എന്റെ വിരല്ത്തുമ്പില് നിന്ന് ഏതെക്കെയോ അക്ഷരങ്ങള് ചിതറി വീഴുകയാണ്. എനിയ്ക്കിനിയും തിരിച്ചറിയാന് കഴിഞ്ഞിട്ടില്ലാത്ത, എന്തെല്ലാമോ വികാരം എന്റെ സിരകളെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. നീ കൂടെയില്ലാത്ത ശൂന്യതയ്ക്ക് കണ്ണീര്ച്ചൂടിന്റേയും, പുളിപ്പിന്റേയും ആവരണം മാത്രമാണുള്ളത്. ഊര്ജ്ജം നഷ്ടപ്പെട്ട മനസ്സില്, പുകഞ്ഞെരിയുന്ന നീറ്റലില് നിന്ന്, എത്ര ശ്രമിച്ചിട്ടും മോചനം നേടാനാകുന്നില്ല.! നീ പോയ ശേഷം, വെയിലും, മഴയും, മഞ്ഞും, കാറ്റുമെല്ലാം പഴയത് പോലെ തന്നെയാണ്. പക്ഷെ, നമ്മുടെ വീടും, മുറ്റവും പഴയത് പോലെയല്ല. അത് തീര്ത്തും ശൂന്യമാണിന്ന്. അതിന്റെ ആഴവും, പരപ്പും കണക്കാക്കാനാകില്ല.
പത്ത് വയസ്സ് പൂര്ത്തീകരിക്കും മുമ്പ്, എന്നില് നിന്ന് വിട്ടകന്ന എന്റെ ഹാഫിസ് മോനെക്കുറിച്ച് ഞാനിങ്ങനെയൊക്കെ ഓര്മ്മപ്പെടുത്തുന്നത് അവനേയും, എന്നേയും നേരിട്ടും അല്ലാതേയും അറിയുകയും, സ്‌നേഹിക്കുകയും ചെയ്യുന്ന സുമനസ്സുകളുടെ പ്രര്ത്ഥനയ്ക്ക് വേണ്ടിയാണ്. മണ്മറഞ്ഞവരേയും, അവരുടെ ഓര്മ്മയില് വിങ്ങുന്ന എല്ലാവരേയും, കാരുണ്യവാനായ അള്ളാഹു അനുഗ്രഹിക്കട്ടെ...

കുഞ്ഞുമക്കളെ അകാലത്തില് നഷ്ടപ്പെട്ട. എന്നെപ്പോലുള്ള ഓരോ മാതാ-പിതാക്കള്ക്കളുടെ ആശ്വാസത്തിന് വേണ്ടിയും കൂടിയണ് ഈ കുറിപ്പ്..!

-നെല്ലിക്കുത്ത് ഹനീഫ