Monday 06 July 2020 11:03 AM IST : By സ്വന്തം ലേഖകൻ

പുതിയ വീട്ടില്‍ ഇനി അമ്മയില്ല, നൊമ്പരക്കാഴ്ചയായി സൂര്യദേവും സൗരവും; നിഷയുടെ വേര്‍പാടിൽ തേങ്ങി നാട്

nisha

പുതിയ വീട്ടിൽ താമസിക്കാൻ സൂര്യ ദേവിനും സൗരവിനും  ഒപ്പം ഇനി  അമ്മയില്ല. ഇന്നലെ എംസി റോഡിൽ കിളിവയൽ ജംക്‌ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പുതുശേ‌രിഭാഗം ലക്ഷ്മി നിവാസിൽ നിഷയുടെ പെട്ടെന്നുള്ള വേർപാട് കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി.

കോട്ടമുഗളിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തി ജോലിക്കാർക്ക് കൂലി നൽകി തിരിച്ചു വരുമ്പോഴാണ് നിഷയുടെ സ്കൂട്ടറിൽ കാറിടിച്ചത്. സൂര്യദേവ് എട്ടാം ക്ലാസിലാണ്. സൗരവ് എൽകെജി വിദ്യാർഥിയും. നിഷയുടെ ഭർത്താവ് ദക്ഷിണാഫ്രിക്കയിലാണ്. നിഷയും മക്കളും നിഷയുടെ അച്ഛൻ രാമചന്ദ്രൻ നായർക്കൊപ്പമാണ് താമസം.

പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സിങ് ട്യൂട്ടറായിരുന്ന നിഷ ഇന്നലെ അവധിയെടുത്താണ് പുതിയ വീടിന്റെ നിർമാണ കാര്യങ്ങൾക്കായി പോയത്. ലോക്ഡൗൺ ഇളവിൽ വാഹനത്തിരക്ക് വർധിച്ചതോടെ എംസി റോഡിൽ അപകടങ്ങൾ‌ പതിവായി. ഏനാത്തിനും വടക്കടത്തുകാവിനും ഇടയിൽ ഒരു മാസത്തിനിടെ ആറ് അപകടങ്ങൾ നടന്നു.

More