കൊച്ചിക്കായൽ ഓളം തല്ലുന്ന താളത്തിനു മേലേ നിറങ്ങൾ വാരിയണിഞ്ഞൊരു സുന്ദരൻ കപ്പൽ. തൊട്ടടുത്തു കിടക്കുന്ന ബോട്ടുകൾ ആരാധനയോടെ പാളി നോക്കുന്നു. എങ്ങനെ നോക്കാതിരിക്കും, ആളൊരു വമ്പനാണല്ലോ. പേര്– ക്ലാസിക് ഇംപീരിയൽ. കേരളത്തിൽ നിർമിച്ച ഏറ്റവും വലിയ ഐആർ എസ് ക്ലാസ് വെസൽ ആണിതെന്നു നിർമാതാക്കൾ.
വലിയ ചില്ലു ജനാലകളിലൂടെ കടലും കടൽക്കാഴ്ചകളും കണ്ടു കണ്ടങ്ങനെ ഉൾക്കടലിലേക്കു നീങ്ങുമ്പോൾ യാത്രക്കാരുടെ മനസ്സിൽ സന്തോഷം തിരമാല പോലെ പൊങ്ങിയുയരും. പോഞ്ഞിക്കരക്കാരൻ നിഷിജിത്ത് കെ.ജോൺ കണ്ട സ്വപ്നമാണു ക്ലാസിക് ഇംപീരിയൽ എന്ന ഈ സുന്ദരൻ ക്രൂയിസ് വെസൽ.
കേൾക്കാം രസികനൊരു കപ്പൽ കഥ...
‘‘സ്വപ്നം കണ്ടു തുടങ്ങിയ കാലത്ത് എനിക്കു പറയ ത്തക്ക ജോലി പോലുമില്ല. ഗൾഫിൽ ജോലി തേടി പോകാനുള്ള പുറപ്പാടിലായിരുന്നു. പ്രണയിനിയായ ജെൻസിയോട് ‘നിനക്കുണ്ടൊരു പൂക്കാലം, എനിക്കുമുണ്ടൊരു പൂക്കാലം നമുക്ക് പൂക്കാലം ഒന്നും ഇല്ലന്ന് തോന്നണേണ്’ന്ന് കൊച്ചി മലയാളത്തിൽ പറഞ്ഞപ്പൊ വിഷമമായെങ്കിലും പുറത്തു കാണിച്ചില്ല. കാരണം അവളെ സ്വന്തമാക്കാൻ അപ്പോൾ വഴിയൊന്നുമുണ്ടായിരുന്നില്ല. ഗൾഫിലേക്കു തിരിച്ച് അധികം കഴിയും മുൻപു ചില കാര്യങ്ങൾക്കായി നാട്ടിലെത്തേണ്ടി വന്നു. പിന്നെ, തിരികെ പോകാനും പറ്റിയില്ല. എങ്ങനെ പോകാൻ പറ്റും.ഇവളിവിടിരുന്നു കല്യാണം നടക്കാൻ നൊവേന കൂടണേണല്ലാ.
അതിനിടയ്ക്കു ജെൻസിയുടെ വീട്ടുകാർ വിവാഹാലോചനയുമായി വന്നു. അച്ഛനും അമ്മയും ഇ ല്ലാത്ത കുട്ടിയെ ഞങ്ങൾ പൊന്നുപോലെയാണ് വളർത്തിയത് അവളെ വിഷമിപ്പിക്കരുത്, എന്നു പറഞ്ഞു. വിവാഹം കഴിക്കാനായി സ്വയം നിലനിൽപ് വേണം. അങ്ങനെ ബോട്ട് ബിസിനസിലേക്ക് ഇറങ്ങി.’’
പോഞ്ഞിക്കരക്കാരന്റെ സ്വപ്നം
‘‘പണിയെടുക്കുക, പണമുണ്ടാക്കുക, ആ പണം കൊ ണ്ട് അടിച്ചുപൊളിച്ചു ജീവിക്കുക. അതാണ് കൊച്ചിക്കാരുടെ പൊതുവേയുള്ള ചിന്താഗതി. പോഞ്ഞിക്കരക്കാരാണെങ്കിലോ ആഘോഷത്തിന്റെ ആളുകളും.
അപ്പനും അമ്മയ്ക്കും ഞങ്ങൾ രണ്ടു മക്കളാണ്. ചേട്ടൻ അഭിജിത്ത് കെ.ജോൺ.
പ്രീഡിഗ്രിക്ക് എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ ചേർന്ന ഞാൻ രാഷ്ട്രീയം കളിച്ചു നടന്നു. എല്ലാ തരികിടകളും ആസ്വദിച്ചു. അതുകൊണ്ട് ഡിഗ്രിക്ക് അവിടെ അഡ്മിഷൻ കിട്ടിയില്ല. എന്നാ ൽ പെയിന്റ് പണിക്കു പോകാം എന്നു നിശ്ചയിച്ചു. അതോടൊപ്പം പ്രൈവറ്റ് കോളജിൽ ഡിഗ്രി പഠനവും തുടങ്ങി. പക്ഷേ, അതു പൂർത്തിയാക്കാതെ അപ്പന്റെ സുഹൃത്തിന്റെ ലാമെക്സ് വാച്ച് കമ്പനിയിൽ റപ്രസന്റേറ്റീവായി.
അപ്പൻ കെ.എസ്. ജോൺ ഇലട്രിക്കൽ കോൺട്രാക്ടറായിരുന്നു. അമ്മ ട്രീസ വീട്ടമ്മ. ഒരുപാടു പണം ഒന്നും കൂട്ടിവച്ചില്ലെങ്കിലും അപ്പനും അമ്മയും മനുഷ്യരോടു നന്നായി പെരുമാറുന്നവരായിരുന്നു. ആ ഗുണം എനിക്കും കിട്ടി. മാർക്കറ്റിങ് മേഖലയിലേക്ക് ഇറങ്ങാൻ അതായിരുന്നു എന്റെ മൂലധനം. വാച്ച് റപ്രസന്റേറ്റീവിന്റെ ജോലി ഞാൻ ഭംഗിയായി ചെയ്തു. കുറച്ചു നാൾ കഴിഞ്ഞ് ലാമെക്സ് വിട്ട് എച്ച്എംടിയുടെ റപ്രസന്റേറ്റീവായി.
നന്നായി കാശുണ്ടാക്കി. ഉണ്ടാക്കിയ പണം മുഴുവൻ കള്ളു കുടിച്ച് ആസ്വദിച്ചു കളയും. അതായിരുന്നു അന്നു ജീവിതം. പണം സമ്പാദിക്കുന്നതിനെക്കുറിച്ച് ആരും പറഞ്ഞു തന്നിരുന്നില്ല. അതിനിടെ ചില കാരണങ്ങളാൽ റപ്രസന്റേറ്റീവ് ജോലി വിടേണ്ടി വന്നു.
അപ്പനും അമ്മയ്ക്കും പ്രായമായി വരികയാണ്. അവരെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നാൽ ഞാനെന്തു ചെയ്യും എന്നൊരാലോചന തലയിൽ കയറുന്നത് ആ സമയത്താണ്. അതിനു വേണ്ടി അയൽക്കാരനോടു കടം വാങ്ങേണ്ടി വരുമോ എന്ന ചിന്ത തിരിച്ചറിവുണ്ടാക്കി. ആ തിരിച്ചറിവ് കള്ളുകുടി നിർത്തുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചു.
ഇംഗ്ലിഷ് പഠിക്കാനായി സ്പോക്കൺ ഇംഗ്ലിഷ് ക്ലാസി ൽ ചേർന്നു. അവിടുത്തെ ടീച്ചറായിരുന്നു ജെൻസി. വിവാ ഹിതനാകണമെന്ന തീരുമാനമുറച്ചപ്പോൾ പിന്നെ, കൃത്യം വരുമാനം കിട്ടുന്ന ബിസിനസ് വേണമെന്നും തോന്നി. ബോട്ട് ബിസിനസിലേക്കിറങ്ങി. സ്വന്തമായി ബോട്ട് പണിയിച്ചാലെന്താ എന്ന ആലോചനയായി. അതേസമയം ക്ലാസിക് വാച്ചസിന്റെ ഡിസ്ട്രിബ്യൂട്ടറുമായി ഞാൻ.
ബോട്ടു പണിയുക എന്ന ആശയം നടപ്പാക്കുന്നത് നാട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും പണം കടം വാങ്ങിയാണ്. ആ പ്ലാൻ വിജയിച്ചു. അത് അമ്മയുടെയും ഭാര്യയുടെയും പ്രാർഥന ഒന്നുകൊണ്ടു മാത്രമാണ്. പിന്നീട് കണ്ട സ്വപ്നങ്ങൾ നടത്തിത്തന്നതും ആ പ്രാർഥന തന്നെ.’’
ബോട്ടിൽ നിന്നു കപ്പലിലേക്ക്
‘‘ആദ്യ ബോട്ട് നിർമിച്ചപ്പോൾ ഞാൻ വിചാരിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നിർമിതി അതായിരിക്കും എന്നാണ്. എന്റെ വാച്ച് കമ്പനിയുടെ പേരായ ക്ലാസിക് കൂടി ചേർത്താണു ബോട്ടിനു പേരിട്ടത്. ചുരുങ്ങിയ സമയം കൊണ്ട് നാലു ബോട്ടുകൾ സ്വന്തമായി നിർമിച്ച് ഇറക്കി. ബോട്ട് ബിസിനസ് മുന്നേറി. പക്ഷേ, ചെറിയൊരു പ്രശ്നം പൊങ്ങി വന്നു.
നമ്മൾ ബോട്ട് യാത്രയ്ക്കായി ആളെ സംഘടിപ്പിച്ചു മ റൈൻ ഡ്രൈവിലെത്തിക്കുമ്പോൾ തൊട്ടടുത്ത് അതാ കിടക്കുന്നു സർക്കാരിന്റെ സാഗരറാണി. കടലിൽ പോകുന്ന വെസൽ ആണതെന്ന് അറിയുമ്പോഴേക്ക് ബോട്ടിങ്ങിനായി എത്തിയവരിൽ പകുതി പേർ അങ്ങോട്ടു ചാടുന്നു. ഇതു കണ്ടതോടെയാണു കടലിലേക്കു പോകുന്ന ക്രൂയിസ് വെസൽ പണിയണം എന്ന മോഹം ഉദിക്കുന്നത്.
ക്ലാസിക് പാരഡൈസ് എന്ന എന്റെ ആദ്യ ക്രൂയിസ് വെസൽ സാഗരറാണിക്ക് നല്ല മത്സരത്തിന് ഇടനൽകി. അങ്ങനെയിരിക്കെ സർക്കാർ നെഫർറ്റിറ്റി എന്ന ആഡംബര ക്രൂയിസ് വെസൽ ഇറക്കി. നല്ലൊരു സംരംഭമായിരുന്നു അത്.
അതോടെയാണ് കടലിലേക്ക് ഏറെ ദൂരം പോകാൻ ശേഷിയുള്ള ആഡംബര ക്രൂയിസ് വെസൽ നിർമിക്കണമെന്ന സ്വപ്നം മുളപൊട്ടിയത്.
2016ൽ ഷിപ്പിങ് മിനിസ്റ്റർ നിതിൻ ഗഡ്കരി സാറിനെ കാണാൻ അവസരം കിട്ടിയിരുന്നു. എന്റെ അതുവരെയുള്ള കഥ അറിഞ്ഞ അദ്ദേഹം ‘നിങ്ങൾ മലയാളികൾക്ക് എന്തുകൊണ്ടു ഷിപ്പിങ് ബിസിനസ് ചെയ്തുകൂടാ ?’ എന്നു ചോദിച്ചത് മനസ്സിൽ കിടന്നിരുന്നു.
ലോണെടുത്തും ഭാര്യയുടെ സ്വർണം പണയം വച്ചും ആഡംബര ക്രൂയിസ് വെസലിന്റെ പണി ഞാൻ തുടങ്ങി. അപ്പോഴാണ് ഇരുട്ടടിയായി കോവിഡ് പടർന്നത്. 2020 മാർച്ച് അഞ്ചിന് കൊച്ചിൻ പോർട് ട്രസ്റ്റിന്റെ സ്ഥലം ലീസിനെടുത്ത് അവിടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സ്വയം സജ്ജീകരിച്ച് പണി തുടങ്ങുന്നു. മാർച്ച് ഇരുപത്തിരണ്ടിന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു. അത് ഉടൻ തീരുമെന്നാണല്ലോ നമ്മൾ കരുതുന്നത്. ലോക്ക് ഡൗൺ അന്തമില്ലാതെ നീളാൻ തുടങ്ങി. സ്റ്റീലിനും മറ്റു നിർമാണ വസ്തുക്കൾക്കും വില കൂടി. പണിയെടുക്കുന്നവർക്ക് കൂലി നൽകണം. മറ്റു ബിസിനസുകളിൽ നിന്നൊന്നും വരുമാനമില്ല.
ബോട്ട് ബിസിനസും വാച്ച് കമ്പനിയും ടൂർ കമ്പനിയുമുള്ള ഇവൻ ആഡംബര ക്രൂയിസ് വെസൽ എന്ന സ്വപ്നത്തിന് പുറകേ പോയി ജീവിതം തുലച്ചു എന്ന് ആളുകൾ പറയുമോ എന്ന ഭയം അലട്ടിത്തുടങ്ങി. ജെൻസിക്ക് പ്രാർഥനയിൽ വിശ്വാസമായിരുന്നു. ‘എല്ലാം ശരിയായി വരും ’ എന്നവൾ പറഞ്ഞു.
ഞങ്ങൾ താമസിക്കുന്നത് കലൂരുള്ള സ്കൈലൈൻ ഇംപീരിയൽ എന്ന ഫ്ലാറ്റിലാണ്. അവിടെയുള്ള സുഹൃത്തുക്ക ൾ പലരും അഞ്ചും പത്തും ലക്ഷം കടം നൽകി ആ കാലത്ത് എന്നെ നിലനിർത്തി. പണി പുരോഗമിച്ചു. ലോക്ക് ഡൗൺ മാറിയപ്പോഴേക്കും സ്വപ്ന വെസൽ പണിതിറങ്ങി. കഷ്ടകാലത്ത് ആശ്വാസമായി നിന്ന സ്കൈലൈൻ ഇംപീരിയലിന്റെ പേര് കൂടി ചേർത്ത് ക്രൂയിസിന് ക്ലാസിക് ഇംപീരിയൽ എന്നു പേരിട്ടു.
പണി തീർന്നപ്പോൾ ഞാൻ നിതിൻ ഗഡ്കരി സാറിനെ പോയി കണ്ടു. അന്നദ്ദേഹം ട്രാൻസ്പോർട് മിനിസ്ട്രിയിലേക്ക് മാറിയിരുന്നു. അപ്പോയിന്റ്മെന്റ് ഇല്ലാഞ്ഞിട്ടും അദ്ദേഹം എന്നെ അകത്തേക്ക് കടത്തിവിട്ടു. ‘എന്തായി നിഷീ.. ഷിപ്പിങ് ബിസിനസിന്റെ കാര്യം?’ എന്നാണ് ആദ്യം ചോദിച്ചത്. അദ്ദേഹം എന്റെ പേര് ഓർത്തിരിക്കുന്നു. കൂടിക്കാഴ്ചയിൽ സംസാരിച്ച കാര്യങ്ങളും കൃത്യമായി പറയുന്നു. അ മ്പരപ്പ് അടക്കി ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ‘ഉദ്ഘാടനത്തിനു സാർ തന്നെ വേണം’.
കേരളത്തിലേക്കു വരാനുള്ള സൗകര്യം ഇല്ലാത്തതിനാ ൽ 2023 നവംബർ 29 ന് നിതിൻ ഗഡ്കരി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്താണ് ക്ലാസിക് ഇംപീരിയൽ ഉദ്ഘാടനം ചെയ്തത്.’’ ക്ലാസിക് ഇംപീരിയലിന്റെ വരവിനു ശേഷം പല സംസ്ഥാനങ്ങളിൽ നിന്നും ക്രൂയിസ് നിർമാണത്തിനായി നിഷിജിത്തിനു ക്ഷണം ലഭിച്ചിരിക്കുകയാണ്.
ആഡംബരം എല്ലാവർക്കും
ഇന്ത്യൻ പ്രസിഡന്റിനു യാത്ര ചെയ്യാൻ വേണ്ട സൗകര്യങ്ങളുണ്ടാകണം, അതേസമയം സാധാരണക്കാരനു പോക്കറ്റിലൊതുങ്ങുന്ന ചെലവിൽ കടൽയാത്ര സാധ്യമാകുകയും വേണം. ഇതായിരുന്നു നിഷിജിത്തിന്റെ സ്വപ്നം.
50 മീറ്ററിൽ ഇടയ്ക്ക് തൂണുകളില്ലാതെ, വിശാലമായ കടൽക്കാഴ്ചയൊരുക്കുന്ന വലിയ ജനാലകളോടു കൂടിയ രണ്ടു ഡെക്കുകളുള്ള ക്ലാസിക് ഇംപീരിയൽ ഡിസൈൻ ചെയ്തിരിക്കുന്നത് നേവൽ ആർക്കിടെക്റ്റ് വി.വിജിത്ത് ആണ്. കൊച്ചിൻ പോർട് ട്രസ്റ്റിന്റെ സ്ഥലം ലീസിനെടുത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളും സ്വന്തമായി ഉണ്ടാക്കിയാണ് നിഷിജിത്ത് വെസൽ നിർമാണം സാധ്യമാക്കിയത്. ഷിപ്പിലെ മേയറിന്റെ സൗണ്ട് സിസ്റ്റം കടൽ യാത്രയിലെ മണിക്കൂറുകളെ കാതുകൾക്ക് ആഘോഷമാക്കും. ഡീറ്റെയിൽ എന്ന ലോകനിലവാരമുള്ള കമ്പനിയാണ് ക്ലാസിക് ഇംപീരിയലിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത്.
എസി ഇന്റീരിയറിൽ ലൈവ് ബാൻഡ്, ഡിജെ, ഡാൻസേഴ്സ് പ്രോഗ്രാം, ക്ലാസിക് ഭക്ഷണം എന്നിവ ആസ്വദിച്ചു കടലിന്റെ സൗന്ദര്യം കാണാം. ഇടയ്ക്ക് കപ്പലിന്റെ ഓപ്പൺ ഡെക്കിലേറി നിന്നു കടൽക്കാറ്റ് ഏൽക്കാം.
ലഞ്ച് ക്രൂയിസ്, സൺ സെറ്റ് ക്രൂയിസ് എന്നിങ്ങനെ ര ണ്ടു വിധത്തിലാണ് ക്ലാസിക് ഇംപീരിയലിന്റെ യാത്ര. ലഞ്ച് ക്രൂയിസ് രാവിലെ പത്തു മുതൽ ഒരു മണിവരെ. സൺസെറ്റ് ക്രൂയിസ് വൈകുന്നേരം അഞ്ചു മണിമുതൽ രാത്രി എട്ടു മണി വരെ. മൂന്നു മണിക്കൂർ യാത്രയ്ക്ക് 1600 രൂപയാണ് ഒരാൾക്ക് വരുന്ന ചാർജ്. എക്സ്ക്ലൂസീവ് പാക്കേജുകളും സ്കൂൾ കോളജ് വിദ്യാർഥി സംഘങ്ങൾക്ക് പ്രത്യേക ഇളവുകളും നൽകുന്നു.
രുചികരമായ ഭക്ഷണം ക്ലാസിക് ഇംപീരിയലിലെ യാത്രയുടെ സ്വാദേറ്റുന്ന ഘടകമാണ്. നിഷിജിത്തിന്റെ ‘പോഞ്ഞിക്കര കുസീഞ്ഞ’ എന്ന റസ്റ്ററന്റിൽ നിന്നും പ്രത്യേകമായി തയാറാക്കുന്ന ഭക്ഷണമാണു ക്രൂയിസിൽ വിളമ്പുന്നത്. എന്നും ഒരേ നിലവാരമുള്ള ഭക്ഷണം ക്രൂയിസിൽ ന ൽകണം എന്നതാണ് റസ്റ്ററന്റ് തുടങ്ങാൻ പ്രേരിപ്പിച്ചത്. നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെബ്സൈറ്റിലൂടെ യാത്ര ബുക്ക് ചെയ്യാനാകും.
സൗകര്യം ലഭിച്ചാൽ ഓരോ യാത്രയിലും നിഷിജിത്തും കുടുംബവും യാത്രക്കാരെ അനുഗമിക്കുകയും പരിചയപ്പെടുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
ഫൂഡ് കോർപ്പറേഷൻ ഇന്ത്യയിൽ മാനേജരാണ് നിഷിജിത്തിന്റെ ഭാര്യ ജെൻസി. മൂത്ത മകൻ നീരജ് കെ.എൻ കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ ബിബിഎ വിദ്യാർഥിയാണ്. ഇളയ മകൻ നിജിൽ തിരുവാങ്കുളം ഗ്ലോബൽ പബ്ലിക് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി.
ഐആർഎസ് ക്ലാസിഫിക്കേഷൻ
കടലിൽ പോകുന്ന വെസലുകളുടെ നിർമാണം, വർഗീകരണം, അവയുടെ സർട്ടിഫിക്കേഷൻ സാങ്കേതിക പരിശോധന തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ അംഗീകൃത ക്ലാസിഫിക്കേഷൻ സൊസൈറ്റിയാണ് ഇന്ത്യൻ റജിസ്റ്റർ ഓഫ് ഷിപ്പിങ് അ ഥവാ ഐആർഎസ്.
കടലിലേക്കുള്ള വിനോദ യാത്രയ്ക്കായി ഉപയോഗിക്കുന്ന ജലവാഹനങ്ങളെ ക്രൂയിസ് വെസലുകൾ എന്നു പറയും. പല വലുപ്പത്തിലുണ്ട്. ഇത്തരം വെസലുകൾ കടലിൽ ഇറക്കാനുള്ള ലൈസൻസ് നൽകുന്നത് കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ അനുവാദത്തോടെ കേരള മാരിടൈം ബോർഡാണ്. കേരളത്തിൽ നിർമിച്ച ഐആർഎസ് ക്ലാസിലുള്ള ഏറ്റവും വലിയ ക്രൂയിസ് വെസലാണ് ‘ക്ലാസിക് ഇംപീരിയൽ’ എന്നു നിർമാതാക്കൾ അവകാശപ്പെടുന്നു.
രാഖി റാസ്
ഫോട്ടോ: ഷാനിഷ് മുഹമ്മദ്