Saturday 06 April 2024 03:59 PM IST : By സ്വന്തം ലേഖകൻ

വെയ്‍ൽസിൽ നഴ്സാകാം എന്ന് പത്ര പരസ്യം... എങ്ങനെ അപേക്ഷിക്കും, വേണ്ട യോഗ്യതകൾ എന്തെല്ലാം

uk-nurse

യുകെയുടെ ഭാഗമായ വെയിൽസിൽ ന ഴ്സുമാരുടെ 250 ഒഴിവുണ്ടെന്നു പത്രത്തി ൽ വാർത്ത കണ്ടു. ഇതിനായി അപേക്ഷിക്കുന്നത് എങ്ങനെയാണ് ? വേണ്ട യോഗ്യതകൾ എന്തെല്ലാം? അതിന്റെ നടപടിക്രമങ്ങൾ വിശദമായി പറഞ്ഞു തരാൻ കഴിയുമോ ?

ശിൽപ അരുൺ,

കോട്ടയം

വെയിൽസ് നാഷനൽ ഹെൽത് സർവീസിന്റെ വിവിധ മേഖലകളിലെ ഒഴിവുകളിലേക്കു സംസ്ഥാന സർക്കാർ റിക്രൂട്ട്മെന്റ് ഏജൻസിയായ നോർക്ക റൂട്ട്സും വെയിൽസ് ഗവൺമെന്റ്ും തമ്മിൽ മാർച്ചിൽ ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇതിൽ നഴ്സുമാർ മാത്രമല്ല ഉള്ളത്. ഡോക്ടർമാർ, പാരാമെഡിക്കൽ പ്രഫഷനലുകൾ, ഡെന്റിസ്ട്രി തുടങ്ങി ആരോഗ്യമേഖലയിലെ വിവിധ തസ്തികകളിലേക്കാണു റിക്രൂട്ട്മെന്റ് ലക്ഷ്യമിടുന്നത്.

ഈ വർഷം ചുരുങ്ങിയത് 250 പേർക്കെങ്കിലും തൊഴിലവസരമൊരുക്കാനാണു നോർക്ക ലക്ഷ്യമിടുന്നത്. ഇതിൽ നഴ്സ് തസ്തികയിലേക്കുള്ള ഒഴിവുകളിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി. വെയിൽസ് നാഷനൽ ഹെൽത് സർവീസ് (എൻഎച്ച്‌എസ്) നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകളെല്ലാം ഉള്ളവരുടെ അപേക്ഷകളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒാൺലൈൻ ഇന്റർവ്യൂവും നിലവിൽ നടക്കുന്നുണ്ട്.

വെയിൽസിൽ നഴ്സ് തസ്തികയിൽ ജോലിക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർക്കു ബയോഡേറ്റ, നഴ്സിങ് യോഗ്യത സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ഭാഷാപ്രാവീണ്യ യോഗ്യത സർട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷിക്കാം. rcrtment.norka@kerala.gov.in എന്ന ഇമെയിൽ ഐഡിയിലേക്കാണ് അപേക്ഷിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റർവ്യൂ സംബന്ധമായ അറിയിപ്പു ലഭിക്കും.

നേരിട്ടുള്ള ഇന്റർവ്യൂ നടക്കുന്നത് 2024 മേയ്, ജൂൺ മാസങ്ങളിലായിരിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെയിൽസ് എൻഎച്ച്എസിന്റെ പ്രതിനിധികളാകും ഇന്റർവ്യൂ നടത്തുന്നത്. കൊച്ചിയും തിരുവനന്തപുരവുമാണു പ്രതീക്ഷിക്കാവുന്ന കേന്ദ്രങ്ങൾ.

നഴ്സ് തസ്തികയിലേക്കു വേണ്ട അടിസ്ഥാന യോഗ്യത നാലുവർഷ ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം ആണ്. ഇംഗ്ലിഷ് ഭാഷാപ്രാവീണ്യ പരീക്ഷയിൽ മതിയായ സ്കോർ നേടിയിട്ടുള്ളവർക്കു മുൻഗണന ലഭിക്കും. നിലവിൽ ഭാഷാപ്രാവീണ്യ യോഗ്യത നേടാത്തവർക്കും അപേക്ഷിക്കാം. പ്രോസസിങ് ഘട്ടത്തിൽ യോഗ്യത നേടിയാൽ മതിയാകും. വെയിൽസ് എൻഎച്ച്എസ് നിബന്ധന പ്രകാരം കുറഞ്ഞത് ആറുമാസമെങ്കിലും പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

ഇന്റർവ്യൂവിൽ വിജയിക്കുന്നവർ യുകെയിൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ റജിസ്ട്രേഷന് ആവശ്യമായ സിബിറ്റി പരീക്ഷ പാസാകണം. അതിനു ശേഷം റജിസ്ട്രേഷൻ നടപടികൾക്കു വേണ്ട മാർഗനിർദേശങ്ങൾ നോർക്ക നൽകും. വീസ ലഭിക്കുന്ന മുറയ്ക്കു വെയിൽസിലേക്കു പോകാം. അവിടെയെത്തിക്കഴിഞ്ഞാൽ ഓസ്കി എന്ന പ്രാക്ടിക്കൽ പരീക്ഷ കൂടി പാസാകണം. അതും വിജയകരമായി പൂർത്തിയാക്കിയ ശേഷം വെയിൽസ് എൻഎച്ച്എസിനു കീഴിൽ റജിസ്ട്രേഡ് നഴ്സായി ജോലിയിൽ പ്രവേശിക്കാം. ഉദ്യോഗാർഥികൾക്കു തികച്ചും സൗജന്യമായാണു നോർക്ക ഈ സേവനം നൽകുന്നത്.

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ

തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകിയത്

അജിത് കോളശ്ശേരി

സിഇഒ (ഇൻ ചാർജ്), നോർക റൂട്ട്സ്